Make your way with News Fact and Knowledge

അശരണരുടെ ആശ്രയകേന്ദ്രത്തിന് കനത്ത വൈദ്യുതി ബിൽ; പ്രവർത്തനം പ്രതിസന്ധിയിൽ

0 291

റായ്‌ഗഡ് : മുംബൈയിലെയും നവി മുംബൈയിലെയും തെരുവുകളിലും റെയിൽവേ പ്ലാറ്റ്ഫോമുകളിലും അനാഥരായി അലയുന്നവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും കാരുണ്യത്തണലൊരുക്കുന്ന പൻവേലിലെ ‘സീൽ’ (SEAL) ആശ്രമം കടുത്ത പ്രതിസന്ധിയിൽ. മഹാരാഷ്ട്ര സ്റ്റേറ്റ് ഇലക്ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കമ്പനി (MSEDCL) നൽകിയ അസ്വാഭാവികവും ഭീമവുമായ വൈദ്യുതി ബില്ലാണ് ആശ്രമത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മേൽ കരിനിഴൽ വീഴ്ത്തുന്നത്.

സർക്കാർ ഗ്രാന്റുകളോ മറ്റ് സാമ്പത്തിക സഹായങ്ങളോ ഇല്ലാതെ, പൂർണ്ണമായും സുമനസ്സുകളുടെ സഹായത്തോടെ കഴിഞ്ഞ 26 വർഷമായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഇപ്പോൾ ഇരുട്ടിലാകാൻ പോകുന്നത്.

പതിവായി പ്രതിമാസം 60,000 രൂപ മുതൽ 70,000 രൂപ വരെ വരാറുള്ള ആശ്രമത്തിലെ വൈദ്യുതി ബില്ലാണ് പെട്ടെന്ന് ലക്ഷങ്ങൾ കവിഞ്ഞത്. കഴിഞ്ഞ ഏപ്രിൽ മാസത്തെ ബില്ല് പെട്ടെന്ന് 1,87,200 രൂപയായി ഉയർന്നു. തൊട്ടടുത്ത മാസത്തെ ബില്ലിൽ തുക വീണ്ടും വർധിച്ച് 2,03,655.86 രൂപയായി. ഇതോടെ ആകെ അടയ്ക്കാനുള്ള കുടിശ്ശിക തുക 3,80,870 രൂപയോളമായി ഉയർന്നിരിക്കുകയാണ്.

ഇത്രയും വലിയ തുക വരാനുള്ള കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളോളം വൈദ്യുതി ബോർഡിന്റെ പ്രാദേശിക ഓഫീസിൽ കയറിയിറങ്ങിയിട്ടും വ്യക്തമായ മറുപടിയോ കൃത്യമായ വിശദീകരണമോ നൽകാൻ അധികൃതർ തയ്യാറായിട്ടില്ല. സോളാർ പ്ലാന്റും അട്ടിമറിച്ചു; കോർപ്പറേറ്റ് സഹായവും പാഴായി വൈദ്യുതി ചെലവ് ലഘൂകരിക്കുന്നതിനും പുനരുപയോഗ ഊർജ്ജം പ്രോത്സാഹിപ്പിക്കുന്നതിനുമായി മഹീന്ദ്ര സസ്റ്റൈൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സി.എസ്.ആർ (CSR) ഫണ്ടും അഭ്യുദയകാംക്ഷികളുടെ സഹായവും ഉപയോഗിച്ച് ആശ്രമത്തിൽ വൻതുക മുടക്കി സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചിരുന്നു. ആശ്രമത്തിന് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു പങ്ക് ഉത്പാദിപ്പിക്കാൻ ഈ സംവിധാനത്തിന് സാധിക്കുന്നുണ്ടെങ്കിലും, സോളാർ ഉത്പാദിപ്പിച്ച വൈദ്യുതിയുടെ വളരെ ചെറിയൊരു ഭാഗം മാത്രമാണ് ബില്ലിൽ കുറവ് ചെയ്തിട്ടുള്ളത്. ബാക്കി ഉത്പാദനം പൂജ്യമായി രേഖപ്പെടുത്തി അധികൃതർ അട്ടിമറിച്ചതായാണ് ആരോപണം.

പരിസ്ഥിതി സൗഹൃദ ഊർജ്ജത്തിലൂടെ ആശ്വാസം ലഭിക്കേണ്ടതിന് പകരം, വിശദീകരിക്കാനാകാത്ത അധിക ചാർജുകളാണ് ആശ്രമത്തിന്മേൽ അടിച്ചേൽപ്പിച്ചിരിക്കുന്നത്. നിലവിൽ നാനൂറിലധികം അന്തേവാസികളാണ് ആശ്രമത്തിൽ കഴിയുന്നത്. മുംബൈ പോലീസ്, നവി മുംബൈ പോലീസ്, റെയിൽവേ പോലീസ്, വിവിധ ആശുപത്രികൾ, സന്നദ്ധ സംഘടനകൾ എന്നിവർ തെരുവിൽ കണ്ടെത്തുന്ന അശരണരെ പുനരധിവാസത്തിനായി എത്തിക്കുന്നത് സീൽ ആശ്രമത്തിലാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടയിൽ ഇന്ത്യയിലെ 25-ലധികം സംസ്ഥാനങ്ങളിലെ 700-ലധികം പേരെ സുരക്ഷിതമായി സ്വന്തം കുടുംബങ്ങളുമായി ഒന്നിപ്പിക്കാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞിട്ടുണ്ട്. കൂടാതെ, ആരുമില്ലാതെ മരണപ്പെട്ട 600-ൽ പരം ആളുകൾക്ക് ആചാരപൂർവ്വം അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചതും ഈ ആശ്രമമാണ്.

അധികൃതരുടെ ഇടപെടൽ തേടി ആശ്രമം

വൈദ്യുതി ബോർഡിന്റെ ഈ ദ്രോഹ നടപടി തുടർന്നാൽ അന്തേവാസികൾക്ക് ഭക്ഷണവും മരുന്നും പാർപ്പിടവും നൽകുന്നത് തടസ്സപ്പെടുമെന്ന് ആശ്രമം സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റർ കെ. എം. ഫിലിപ്പ് ആശങ്ക പ്രകടിപ്പിച്ചു.

സാമൂഹിക പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു പ്രസ്ഥാനത്തെ തകർക്കുന്ന ഇത്തരം നടപടികൾക്കെതിരെ അധികൃതർ ഉണർന്നു പ്രവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും അന്തേവാസികളും.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 8108688029 / 9321253899