തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിമാരെ നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചു. ഗവർണർ രാജേന്ദ്ര ആർലേകറിനെ കണ്ട് മന്ത്രിമാരുടെ പട്ടിക കൈമാറിയതിന് ശേഷം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിലാണ് വി.ഡി. സതീശൻ മന്ത്രിമാരെ പ്രഖ്യാപിച്ചത്.
രമേശ് ചെന്നിത്തല, കെ. മുരളീധരൻ, എ.പി. അനിൽ കുമാർ, ബിന്ദു കൃഷ്ണ, സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ്, റോജി എം. ജോൺ, ടി. സിദ്ദിഖ്, എം. ലിജു, കെ.എ. തുളസി, ഒ.ജെ. ജനീഷ് എന്നിവരാണ് കോൺഗ്രസിൽ നിന്ന് മന്ത്രിമാരാകുക. രണ്ടര വർഷത്തിന് ശേഷം ഐ.സി. ബാലകൃഷ്ണൻ കൂടി മന്ത്രിയാകുമെന്നാണ് വിവരം. തിരുവഞ്ചൂർ രാധാകൃഷ്ൺ സ്പീക്കറും ഷാനിമോൾ ഉസ്മാൻ ഡെപ്യൂട്ടി സ്പീക്കറുമാകും.
മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നാളെ ഗവര്‍ണര്‍ക്കു കൈമാറും. ഗസറ്റ് വിജ്ഞാപനത്തില്‍ അടുത്ത വിസ്മയങ്ങള്‍ നോക്കിക്കൊള്ളൂ എന്നും സതീശന്‍ പറഞ്ഞു. ‘മുഖ്യമന്ത്രിയോടൊപ്പം സമ്പൂർണ മന്ത്രിസഭയും സത്യപ്രതിജ്ഞ ചെയ്യും. 20 യുഡിഎഫ് മന്ത്രിമാരുടെ ലിസ്റ്റ് ഗവർണർക്ക് സമർപ്പിച്ചു. നാളെ 21 പേര് സത്യപ്രതിജ്ഞ ചെയ്യും. അർഹതയുള്ള പല ആളുകളേയും പല സമവാക്യങ്ങൾ നോക്കുമ്പോൾ പരിഗണിക്കാന്‍ പറ്റിയിട്ടില്ല. അതിൽ സങ്കടമുണ്ട്’, വി.ഡി.സതീശൻ പറഞ്ഞു.
കോണഗ്രസ് മന്ത്രിമാരുടെ വകുപ്പുകളുടെ സാദ്ധ്യത ഇങ്ങനെയാണ്.
വി.ഡി.സതീശന്‍ – ധനം, തുറമുഖം, നിയമം
രമേശ് ചെന്നിത്തല – ആഭ്യന്തരം, വിജിലന്‍സ്
സണ്ണി ജോസഫ് – റവന്യൂ
എ.പി.അനില്‍കുമാര്‍ – ആരോഗ്യം
കെ.മുരളീധരന്‍ – വൈദ്യുതി
പി.സി.വിഷ്ണുനാഥ് – ടൂറിസം, സാംസ്‌കാരികം
ടി.സിദ്ദിഖ് – വനം
ബിന്ദു കൃഷ്ണ – വനിത, ശിശുക്ഷേമ വകുപ്പ്
ഒ.ജെ.ജനീഷ് – യുവജനക്ഷേമം
എം.ലിജു – എക്‌സൈസ്, സഹകരണം
റോജി എം. ജോണ്‍ – ഉന്നത വിദ്യാഭ്യാസം
കെ.എ.തുളസി, ഐ.സി.ബാലകൃഷ്ണന്‍ (ടേം വ്യവസ്ഥ) – എസ് സി, എസ്ടി വകുപ്പ്
പി.കെ. കുഞ്ഞാലിക്കുട്ടി, പി.കെ. ബഷീർ, എൻ. ഷംസുദ്ദീൻ, കെ.എം. ഷാജി, വി.ഇ. അബ്ദുൾ ഗഫൂർ എന്നിവരാണ് ലീഗിന്റെ മന്ത്രിമാർ. രണ്ടരവർഷം കഴിഞ്ഞാൽ പാറക്കൽ അബ്ദുള്ള മന്ത്രിയാകും. കോഴിക്കോടിന് പ്രാതിനിധ്യം നൽകുന്നതിന്റെ ഭാഗമാണിത്. കേരള കോൺഗ്രസിൽ നിന്ന് മോൻസ് ജോസഫ് മന്ത്രിയാകും. ആർഎസ്പിയിൽ നിന്ന് ഷിബു ബേബി ജോണും മന്ത്രിയാകും. സിഎംപിയിലെ സി.പി. ജോൺ മന്ത്രിയാകും. ചീഫ് വിപ്പ് സ്ഥാനം കേരള കോൺഗ്രസിലെ അപു ജോസഫിന് നൽകുമെന്നാണ് വിവരം. കേരള കോൺഗ്രസ് ജേക്കബ് ഗ്രൂപ്പിലെ അനൂപ് ജേക്കബും കെഡിപിയിലെ ഏക എംഎൽഎ ആയ മാണി സി. കാപ്പനും മന്ത്രിസ്ഥാനം രണ്ടര വർഷം വീതം പങ്കിടും.