Make your way with News Fact and Knowledge

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ വികൃതമാക്കി ബിനാലെയില്‍ ചിത്രാവിഷ്‌കാരം

0 469

മട്ടാഞ്ചേരി: യേശുക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തെ വികൃതമാക്കി കൊച്ചി ബിനാലെയിൽ ചിത്രാവിഷ്കാരം. ഫോർട്ടുകൊച്ചിയിലെ ആറാമത് കൊച്ചി ബിനാലെ വേദിയിലാണ് ക്രൈസ്തവ വിശ്വാസികളെ അപഹസിക്കുന്ന മൃദുവാംശിയുടെ ദുർമൃത്യു എന്ന ചിത്രാവിഷ്‌കാരം പ്രദർശിപ്പിച്ചിരിക്കുന്നത്.

അന്ത്യ അത്താഴ വിരുന്നിന് സമാനമായ ചിത്രാവിഷ്‌കാരത്തിൽ അർധനഗ്നയായ സ്ത്രീക്ക് ചുറ്റും കന്യാസ്ത്രീകൾ ആശ്ചര്യത്തിൽ കൂട്ടംകൂടി നില്‌കുന്നതാണ് ചിത്ര ഇതിവൃത്തം. അത്താഴ വിരുന്നിനെ വളച്ചൊടിച്ച കല്പിത ദൃശ്യവ്യാഖ്യാനമാണ് ബിനാലെയിൽ പ്രദർശിപ്പിച്ചിരിക്കുന്നത് എന്നാണ് കാണികൾ ചൂണ്ടിക്കാട്ടുന്നത്. യേശുക്രിസ്തുവിൻ്റെ അന്ത്യ അത്താഴത്തെ വികൃതമാക്കിയ ചിത്രാവിഷ്കാരം ബിനാലെ പ്രദർശനത്തിൽനിന്ന് പിൻവലിച്ച് വിശ്വാസ സമൂഹത്തോട് അധികൃതർ മാപ്പുപറയണമെന്ന ആവശ്യമുയർന്നിട്ടുണ്ട്.

അതിനിടെ അടിയന്തര നടപടി ആവശ്യപ്പെട്ട് എറണാകുളം സ്വദേശി തോമസ് ജില്ലാ കലക്ടർക്ക് പരാതി നൽകി. ബിനാലെയുടെ ഭാഗമായ പ്രദർശനത്തിൽ ഉൾപ്പെടുത്തിയ ടോം വട്ടക്കുഴിയുടെ ചിത്രമാണ് വിവാദത്തിലായത്.