Make your way with News Fact and Knowledge

വിമാനയാത്രക്കാര്‍ക്ക് തിരിച്ചടി ; ഇന്ധനസര്‍ച്ചാര്‍ജ് കൂട്ടി ഇൻഡിഗോ

0 369

ന്യൂഡൽഹി : വിമാന ഇന്ധനത്തിന് വില കൂട്ടിയതോടെ പ്രമുഖ വിമാനക്കമ്ബനിയായ ഇൻഡിഗോ നിരക്കുകളും വർധിപ്പിച്ചു. ടിക്കറ്റിന്റെ അടിസ്ഥാനനിരക്കിനൊപ്പം ഈടാക്കുന്ന ഇന്ധനസർച്ചാർജാണ് വർധിപ്പിച്ചത്.

ഇതോടെ വിമാനയാത്ര ഇനി ചെലവേറും.

ഇൻഡിഗോയുടെ ആഭ്യന്തര സർവീസുകളിൽ 275 രൂപ മുതൽ 950 രൂപ വരെയാണ് വർധനവ്. അന്താരാഷ്ട്ര സർവീസുകളിൽ 900 രൂപ മുതൽ പതിനായിരം രൂപവരെയും വർധിപ്പിച്ചിട്ടുണ്ട്.

ആഭ്യന്തരസർവീസുകളിൽ 500 കിലോമീറ്റർ ദൂരത്തിന് താഴെയുള്ള യാത്രകൾക്ക് 275 രൂപയാണ് പുതിയ നിരക്ക്. 2000 കിലോമീറ്റർ ദൂരത്തിന് മുകളിലുള്ള ടിക്കറ്റിന് 950 രൂപയും ഈടാക്കും. അന്താരാഷ്ട്ര സർവീസുകളിൽ യുകെയിലേക്കും ഗ്രീസ്, തുർക്കി എന്നിവ ഒഴികെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കുമുള്ള സർവീസുകൾക്കാണ് ഇന്ധനസർച്ചാർജ് ഏറ്റവും കൂടുതൽ വർധിപ്പിച്ചിട്ടുള്ളത്. പുതുക്കിയ നിരക്കുകൾ വ്യാഴാഴ്ച പുലർച്ചെ ഒരുമണി മുതൽ പ്രാബല്യത്തിൽവരുമെന്നും ഇൻഡിഗോ അറിയിച്ചു.

വിമാനക്കമ്ബനിയുടെ പ്രവർത്തനചെലവിന്റെ 40 ശതമാനവും ഇന്ധനത്തിനായാണ് ചെലവഴിക്കുന്നത്. വിമാനഇന്ധനമായ എടിഎഫിന് ബുധനാഴ്ച രാജ്യത്ത് 25 ശതമാനത്തോളം വില വർധിപ്പിച്ചിരുന്നു. ഇതാണ് വിമാനക്കമ്ബനികളെ നിരക്ക് കൂട്ടാൻ പ്രേരിപ്പിച്ചത്.