Make your way with News Fact and Knowledge

ചരക്കുകപ്പലിൽ പൊട്ടിത്തെറി; തീഗോളം, കറുത്ത പുക; സംഭവം കപ്പലിടിച്ച് തകർന്ന പാലത്തിന് തൊട്ടടുത്ത്

0 233

ബാൾട്ടിമോർ: യുഎസിലെ ബാൾട്ടിമോർ തുറമുഖത്തിന് സമീപം ചരക്കുകപ്പലിൽ പൊട്ടിത്തെറിയും തീപിടിത്തവും. കൽക്കരിയുമായി പോയ കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. തൊട്ടുപിന്നാലെ കപ്പലിൻ്റെ ഒരു ഭാഗത്തുനിന്ന് തീഗോളം ഉയർന്നു. സംഭവസമയം രണ്ട് പൈലറ്റും 23 ക്രൂ അംഗങ്ങളും കപ്പലിൽ ഉണ്ടായിരുന്നു. വലിയ ശബ്ദം കേട്ടുവെന്നും പിന്നാലെ കറുത്ത പുക ഉയർന്നുവെന്നും ദൃക്സാക്ഷിയെ ഉദ്ധരിച്ചുള്ള റിപ്പോ‍ർട്ടുണ്ട്. സംഭവസ്ഥലത്തുനിന്ന് അകലെ ഉണ്ടായിരുന്നവരും പൊട്ടിത്തെറി കേട്ടതായി റിപ്പോർട്ടുണ്ട്. തിങ്കളാഴ്ച പ്രാദേശിക സമയം വൈകുന്നേരം 6:30നാണ് സംഭവം. തുറമുഖത്തുനിന്ന് പുറപ്പെട്ട എംവി ഡബ്ലു സഫയർ എന്ന 751 അടി നീളമുള്ള കപ്പലിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തെ തുടർന്ന് കപ്പൽ ഒഴുകി നടക്കുന്ന സാഹചര്യമായിരുന്നുവെന്നും ആളപായമില്ലെന്നും ബാൾട്ടിമോർ ഫയർ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. തീ അണച്ച ശേഷം ടഗ്ബോട്ടുകൾ ഉപയോഗിച്ച് കപ്പൽ നീക്കിയെന്നും ഫയർ ഡിപ്പാർട്ട്മെൻ്റ് വ്യക്തമാക്കി. കരമാർഗവും ഫയർ ബോട്ടുകളടക്കം ഉപയോഗിച്ചു ജലമാർഗവും നടത്തിയ പരിശ്രമത്തിലാണ് അപകട സാഹചര്യം നിയന്ത്രണവിധേയമാക്കാൻ ഫയർ ഡിപ്പാർട്ട്മെൻ്റിന് കഴിഞ്ഞത്. ക്രൂ അംഗങ്ങൾ സുരക്ഷിതരായതിനാൽ ഒഴിപ്പിക്കേണ്ട സാഹചര്യം ഉണ്ടായില്ല.

കഴിഞ്ഞ വർഷം മാർച്ച് 26ന് ചരക്കുകപ്പൽ ഇടിച്ച് തകർന്ന ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ ബ്രിഡ്ജിന് തൊട്ടടുത്താണ് ഇപ്പോഴത്തെ അപകടം. ബാൾട്ടിമോർ തുറമുഖത്തുനിന്ന് ശ്രീലങ്കയിലേയ്ക്ക് തിരിച്ച, 984 അടി നീളമുള്ള ദാലി എന്ന കപ്പലായിരുന്നു പാലത്തിലേക്ക് ഇടിച്ചുകയറിയത്. ഇടിയുടെ ആഘാതത്തിൽ പാലം തകരുകയും പാലത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന തൊഴിലാളികൾ പറ്റാപ്സ്കോ നദിയിലേക്ക് പതിക്കുകയുമായിരുന്നു. അപകടത്തിൽ ആറു തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി.