മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ശമ്പളം കട്ട് ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സർക്കാർ
സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെയാണ് കുറക്കുക. കട്ട് ചെയത ശമ്പള തുക മാതാപിതാക്കൾക്ക് നേരിട്ട് ലഭിക്കും.
പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സർക്കാർ ജീവനക്കാർക്കെതിരെ കർശന നടപടിയുമായി തെലങ്കാന സർക്കാർ. മാതാപിതാക്കളെ അവഗണിക്കുന്ന ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 10 മുതൽ 15 ശതമാനം വരെ തുക വെട്ടിക്കുറയ്ക്കാനും ആ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് എത്തിക്കാനുമുള്ള പുതിയ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചു. വരുന്ന ബജറ്റ് സമ്മേളനത്തിൽ ഇതിനായുള്ള നിയമനിർമ്മാണം നടത്തുമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.
സ്വന്തം മാതാപിതാക്കളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാത്ത ജീവനക്കാർക്ക് ശമ്പളം പൂർണ്ണമായി ലഭിക്കില്ല. ഈ തുക മാതാപിതാക്കളുടെ ജീവനാംശമായി കണക്കാക്കും. സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാത്തവർക്ക് സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാൻ കഴിയില്ല എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. മുതിർന്ന പൗരന്മാർക്കായി സംസ്ഥാനത്തുടനീളം ‘പ്രണാം’ എന്ന പേരിൽ ഡേ കെയർ സെന്ററുകൾ ആരംഭിക്കും. മുതിർന്ന പൗരന്മാരുടെ പരാതികളിൽ അടിയന്തരമായി അന്വേഷണം നടത്താനും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
അടുത്ത തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എല്ലാ മുൻസിപ്പൽ കോർപ്പറേഷനുകളിലും ട്രാൻസ്‌ജെൻഡർ വിഭാഗത്തിന് ‘കോ-ഓപ്ഷൻ മെമ്പർ’ (Co-option member) പദവി ഉറപ്പാക്കും. സംസ്ഥാനത്തെ എല്ലാ പൗരന്മാർക്കും മികച്ച ചികിത്സ ഉറപ്പാക്കുന്ന പുതിയ ആരോഗ്യ നയം ബജറ്റ് സമ്മേളനത്തിൽ പ്രഖ്യാപിക്കും. മാതാപിതാക്കൾക്ക് അന്തസ്സോടെ ജീവിക്കാനുള്ള സാഹചര്യം ഒരുക്കുക എന്ന മാനുഷിക പരിഗണനയാണ് ഈ തീരുമാനത്തിന് പിന്നിലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
ഉപേക്ഷിക്കപ്പെട്ടവർക്ക് സർക്കാരിൻ്റെ പരിചരണ
ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന മാതാപിതാക്കളെ പരിപാലിക്കാൻ സർക്കാർ തയ്യാറകുമെന്നും അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി. തെലങ്കാന സർക്കാരിൻ്റെ ‘പ്രണാം പദ്ധതി’യുടെ കീഴിൽ വരുന്നതാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രായമായ മാതാപിതാക്കളുടെ പരിചരണവും മറ്റും ഉറപ്പ് വരുത്തുന്ന പദ്ധതിയാണിത്. സർക്കാരിൻ്റെ എല്ലാ വിധ സഹായങ്ങളും ഇവർക്ക് ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സ്വന്തം ആവശ്യങ്ങൾ പോലും മാറ്റിച്ചാണ് അവർ മക്കളെ നോക്കുന്നതും പഠിപ്പിക്കുന്നതും. എന്നാൽ ചിലസമയത്ത് പ്രത്യേകിച്ച് വാർദ്ധക്യത്തിലേക്ക് കടക്കുമ്പോൾ മക്കൾ തന്നെ ഉപേക്ഷിക്കുകയും തള്ളിപ്പറയുകയും ചെയ്യുന്നു. അതിന് ഒരു പരിഹാരമാണ് ഇത്തരം പദ്ധിതികളെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഊന്നിപ്പറഞ്ഞു.
ഇതിന് മുമ്പും സമാനമായ പദ്ധതികൾക്ക് തുടക്കം കുറിച്ചിരുന്നു. വികലാംഗരെ പിന്തുണയ്ക്കുന്നതിനായി 50 കോടി രൂപ അനുവദിക്കുകയും മറ്റ് സംരംഭങ്ങളും തെലങ്കാനയിലെ കോണ്‍ഗ്രസ് സർക്കാർ ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാരായ ദമ്പതികൾക്ക് രണ്ട് ലക്ഷം രൂപ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്യ്‌തതായി രേവന്ത് റെഡ്ഡി അിയിച്ചു.