Make your way with News Fact and Knowledge

ഇറാൻ ആക്രമണത്തിൽ യുഎസ് നേരിട്ടത് കനത്ത തിരിച്ചടി; പരിഹരിക്കാൻ വേണ്ടത് കോടിക്കണക്കിന് ബില്യൺ ഡോളർ

0 125

മധ്യപൂർവേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ വ്യോമാക്രണത്തിൽ ഉണ്ടായത് കനത്ത നാശനഷ്ടം. ഈ നാശനഷ്ടങ്ങൾ പരിഹരിക്കണമെങ്കിൽ കോടിക്കണക്കിന് ഡോളർ വേണ്ടിവരുമെന്നാണ് വിലയിരുത്തലെന്ന് സിഎൻബിസി റിപ്പോർട്ടിൽ പറയുന്നു.

ഫെബ്രുവരി 28-ന് യുദ്ധം തുടങ്ങിയ ശേഷം മേഖലയിലെ കുറഞ്ഞത് ഏഴ് രാജ്യങ്ങളിലെ പ്രധാന സൈനിക കേന്ദ്രങ്ങളെയാണ് ഇറാൻ ലക്ഷ്യമിട്ടത്.

സംഭരണശാലകൾ, കമാൻഡ് സെൻ്ററുകൾ, വിമാന ഹാങ്ങറുകൾ, ഉപഗ്രഹ ആശയവിനിമയ സംവിധാനങ്ങൾ, റൺവേകൾ, റഡാർ സംവിധാനങ്ങൾ, വിമാനങ്ങൾ എന്നിവയെല്ലാം ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ ഉണ്ടായിട്ടുണ്ട്. യുഎസ് വ്യോമ പ്രതിരോധ സംവിധാനങ്ങളെ മറികടന്ന് പഴയ എഫ്-5 യുദ്ധവിമാനം ഉപയോഗിച്ചടക്കം ഇറാൻ ആക്രമണം നടത്തി.

ഈ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള പൂർണ്ണ വിവരങ്ങൾ യുഎസ് പ്രതിരോധ വകുപ്പ് ഇതുവരെ പുറത്തുവിട്ടിട്ടില്ല.

മേഖലയിലെ യുഎസ് സെൻട്രൽ കമാൻഡും നഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായിട്ടില്ല. എന്തുകൊണ്ടാണ് വകുപ്പ് ഇക്കാര്യത്തിൽ മൌനം പുലർത്തുന്നതെന്ന ചോദ്യം റിപ്പബ്ലിക്കൻ നിയമനിർമ്മാതാക്കൾ തന്നെ ഉയർത്തുന്നുണ്ട്. നിരന്തരം ഇതുസംബന്ധിച്ച് നേതാക്കൾ ചോദ്യം ഉയർത്തുന്നുണ്ടെങ്കിലും മറുപടി ഇല്ലാത്തത് നേതാക്കളിൽ വലിയ അതൃപ്തിക്ക് വഴിവെച്ചിട്ടുണ്ട്. ‘ആർക്കും ഒന്നും അറിയില്ല. ഞങ്ങൾ ആഴ്ചകളായി ചോദിച്ചിട്ടും വ്യക്തമായ വിവരങ്ങൾ ലഭിക്കുന്നില്ല, പെന്റഗൺ റെക്കോർഡ് ബജറ്റ് ആവശ്യപ്പെടുമ്ബോഴും ഇതാണ് സ്ഥിതി’, ഒരു നേതാവിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു.

ഇറാനെതിായ യുദ്ധത്തിന് പണം കണ്ടെത്താൻ 200 ബില്യൺ ഡോളറിലധികം തുക യുഎസ് കോൺഗ്രസ്സിൽ നിന്ന് പെന്റഗൺ ആവശ്യപ്പെടുന്നതായി റിപ്പോർട്ടുണ്ട്. സംഘർഷത്തിന്റെ ആദ്യ ആഴ്ചയിൽ തന്നെ യുഎസ് സൈനിക നീക്കങ്ങൾക്കായി 11 ബില്യൺ ഡോളറിലധികം ചെലവഴിച്ചിരുന്നു. യുദ്ധം തുടങ്ങുന്നതിന് മുമ്ബ് ട്രംപ് 1.5 ട്രില്യൺ ഡോളറിന്റെ പ്രതിരോധ ബജറ്റാണ് ആവശ്യപ്പെട്ടത് (മുൻവർഷത്തേക്കാൾ 50 ശതമാനത്തിലധികം വർദ്ധനവ്). 2026-ലേക്കുള്ള പ്രതിരോധ ബജറ്റായി യുഎസ് കോൺഗ്രസ് ഇതിനകം 838.5 ബില്യൺ ഡോളർ അംഗീകരിച്ചിരുന്നു. എങ്കിലും, നിലവിലെ സൈനിക ആവശ്യങ്ങൾക്കായി കൂടുതൽ ധനം കണ്ടെത്താനാണ് പെന്റഗൺ ശ്രമിക്കുന്നത്.

യുദ്ധത്തിൽ ഇറാൻ വേഗം കീഴടങ്ങുമെന്നതായിരുന്നു ട്രംപിന്റെ കണക്കുകൂട്ടൽ. എന്നാൽ അതിശക്തമായ തിരിച്ചടികളാണ് യുഎസ് ഇറാനിൽ നിന്ന് നേരിട്ടത്. നിലവിൽ ഇറാനുമായി രണ്ടാം ഘട്ട സമാധാന ചർച്ചകൾ നടത്താനുള്ള തയ്യാറെടുപ്പിലാണ് യുഎസ്. പാക്കിസ്ഥാന്റെ മധ്യസ്ഥതയിലാണ് ചർച്ചകൾ നടക്കുക. ട്രംപ് കടുത്ത നിലപാട് തുടർന്നാൽ കീഴടങ്ങില്ലെന്ന് ആവർത്തിക്കുകയാണ് ഇറാൻ.