എബോള വൈറസ് ബാധ : മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കാൻ നിര്‍ദ്ദേശം
അബുദബി: ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള വൈറസ് ബാധ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പൗരന്മാർക്ക് യാത്രാ മുന്നറിയിപ്പുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. ഉഗാണ്ട, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ദക്ഷിണ സുഡാൻ എന്നീ മൂന്ന് രാജ്യങ്ങളിലേക്ക് അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ യാത്ര ചെയ്യരുതെന്നാണ് മന്ത്രാലയം പൗരന്മാരോട് അഭ്യർത്ഥിച്ചിരിക്കുന്നത്. എബോളയുമായി ബന്ധപ്പെട്ട പുതിയ ആരോഗ്യ സംഭവവികാസങ്ങൾ മുൻനിർത്തിയാണ് മുൻകരുതൽ നടപടി.
നിലവിൽ ഈ രാജ്യങ്ങളിൽ കഴിയുന്ന യുഎഇ പൗരന്മാർ പരമാവധി ജാഗ്രത പാലിക്കണമെന്നും അവിടുത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നൽകുന്ന ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു. അടിയന്തര സാഹചര്യങ്ങളിൽ മന്ത്രാലയവുമായി ബന്ധപ്പെടുന്നതിനായി പൗരന്മാർ ‘ഐ ആം ഹിയർ’ (Twajudi) സേവനത്തിൽ രജിസ്റ്റർ ചെയ്യേണ്ടതാണെന്നും നിർദ്ദേശമുണ്ട്.
എബോള ഉൾപ്പെടെയുള്ള ഏത് ആരോഗ്യ അടിയന്തരാവസ്ഥകളോടും പ്രതികരിക്കാൻ രാജ്യം പൂർണ്ണ സജ്ജമാണെന്ന് യുഎഇ ആരോഗ്യ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളും തയ്യാറെടുപ്പുകളും ദേശീയ അടിയന്തരാവസ്ഥ പ്രതിസന്ധി ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യ-പ്രതിരോധ മന്ത്രാലയവും സംയുക്തമായി അവലോകനം ചെയ്തുവരികയാണ്.
എബോള വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ബഹ്റൈനും ജോർദാനും ചില ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് നേരത്തെ തന്നെ താൽക്കാലിക വിലക്കേർപ്പെടുത്തിയിരുന്നു. ദക്ഷിണ സുഡാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള വിദേശ സഞ്ചാരികൾക്കാണ് ബഹ്റൈൻ പ്രവേശന വിലക്ക് ഏർപ്പെടുത്തിയത്. വൈറസ് രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയാൻ ഇത്തരം മുൻകരുതൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ ആദ്യ ജിസിസി രാജ്യമാണ് ബഹ്റൈൻ. സമാനമായ രീതിയിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ പ്രവേശനം ജോർദാനും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.