യുഎഇയില്‍ വേനല്‍ച്ചൂട് കനക്കും; ഉയര്‍ന്ന ഈര്‍പ്പം, പൊടിക്കാറ്റ് സാധ്യത; ഈ വര്‍ഷത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പകല്‍ ഈ ദിവസം
ബുദാബി: യുഎഇയില്‍ വേനല്‍ക്കാലത്തിന്റെ കാഠിന്യം ഇനി കൂടുതല്‍ ശക്തമാകുമെന്ന് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്.
ജൂണ്‍ മുതല്‍ ഓഗസ്റ്റ് അവസാനം വരെ രാജ്യത്ത് താപനില, അന്തരീക്ഷ ഈർപ്പം, പൊടിക്കാറ്റ് എന്നിവ ഗണ്യമായി വർധിക്കുമെന്നാണ് പ്രവചനം. ഇതിനൊപ്പം, ജൂണ്‍ 21-ന് ഈ വർഷത്തിലെ ഏറ്റവും ദൈർഘ്യമേറിയ പകലും യുഎഇ അനുഭവിക്കും
യുഎഇ ഉള്‍പ്പെടുന്ന അറേബ്യൻ മേഖലയിലെ കാലാവസ്ഥയെ ഇത്തവണ അഞ്ച് പ്രധാന വായുപ്രവാഹങ്ങള്‍ സ്വാധീനിക്കുമെന്ന് എമിറേറ്റ്സ് അസ്ട്രോണമിക്കല്‍ സൊസൈറ്റി ചെയർമാൻ ഇബ്രാഹിം അല്‍ ജർവാൻ വ്യക്തമാക്കി. ഇതില്‍ ഇന്ത്യൻ ന്യൂനമർദ്ദത്തിന്റെ ശക്തമായ സ്വാധീനമാണ് ഏറ്റവും നിർണായകമാകുക. ഇത് വരണ്ട കാലാവസ്ഥയ്ക്കും കടുത്ത ചൂടിനും കാരണമാകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കടലില്‍ നിന്നുള്ള ഈർപ്പമുള്ള കാറ്റുകള്‍ തീരദേശ നഗരങ്ങളിലെത്തുന്നതോടെ അന്തരീക്ഷ ഈർപ്പം വലിയ തോതില്‍ ഉയരും. അതേസമയം, മരുഭൂമിയില്‍ നിന്നുള്ള ചൂടേറിയ വായുപ്രവാഹങ്ങള്‍ ശക്തമായ പൊടിക്കാറ്റുകള്‍ക്കും കാരണമായേക്കും.
എന്നാല്‍ ചൂടിനിടയിലും ചില പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യതയുണ്ട്. ഒമാൻ അതിർത്തിയോട് ചേർന്നുള്ള ഹജർ മലനിരകളില്‍ ജൂലൈ-ഓഗസ്റ്റ് മാസങ്ങളില്‍ ഇടിമിന്നലോട് കൂടിയ വേനല്‍മഴ ലഭിച്ചേക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ വിലയിരുത്തല്‍.
ജൂണ്‍ 21-ന് യുഎഇയില്‍ ഈ വർഷത്തെ ഏറ്റവും നീളമേറിയ പകലായിരിക്കും. അന്ന് പകല്‍ സമയം 13 മണിക്കൂറും 40 മിനിറ്റും കവിയും. ജൂണ്‍ മാസത്തില്‍ താപനില 42 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ ഇത് 43 ഡിഗ്രിക്ക് മുകളിലെത്താനും സാധ്യതയുണ്ട്.
ഉയർന്ന താപനിലയ്ക്കൊപ്പം അന്തരീക്ഷ ഈർപ്പം 90 ശതമാനം വരെ ഉയരാൻ സാധ്യതയുള്ളതിനാല്‍, അനുഭവപ്പെടുന്ന ചൂട് സാധാരണയേക്കാള്‍ കൂടുതല്‍ കഠിനമായിരിക്കും. അതിനാല്‍ പുറം ജോലികളില്‍ ഏർപ്പെടുന്നവരും പൊതുജനങ്ങളും ആവശ്യമായ മുൻകരുതലുകള്‍ സ്വീകരിക്കണമെന്ന് വിദഗ്ധർ നിർദേശിക്കുന്നു.