Make your way with News Fact and Knowledge

യുഎസ് കുടിയേറ്റം : 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള കുടിയേറ്റ വിസ നടപടികൾ നിർത്തിവെക്കും; പട്ടികയിൽ പാകിസ്താനും ബംഗ്ലാദേശും അടക്കം

അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികൾക്ക് തിരിച്ചടി. 75 രാജ്യങ്ങളിൽ നിന്നുള്ളവരുടെ ഇമിഗ്രൻ്റ് വിസ നടപടികൾ അമേരിക്ക നിർത്തിവെച്ചു. അമേരിക്കൻ ജനതയുടെ പണം ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെയാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നടപടി. പുതിയ കുടിയേറ്റക്കാർ അമേരിക്കൻ സമ്പത്ത് ചൂഷണം ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതുവരെ വിലക്ക് തുടരും. 

0 370

വാഷിങ്ടൺ: അമേരിക്കയിലേക്ക് കുടിയേറാൻ ശ്രമിക്കുന്ന വിദേശികൾക്ക് തിരിച്ചടി. 75 രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള ഇമിഗ്രൻ്റ് വിസ (കുടിയേറ്റ വിസ) നടപടികൾ അമേരിക്ക നിർത്തിവെക്കും. പാകിസ്താൻ, റഷ്യ, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. അമേരിക്കൻ ജനതയുടെ പണം ദുരുപയോഗം ചെയ്യുന്നവരെ തടയുക എന്ന ലക്ഷ്യത്തോടെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റാണ് തീരുമാനമെടുത്തത്. അമേരിക്കൻ ജനതയുടെ സമ്പത്ത് പുതിയ കുടിയേറ്റക്കാർ ചൂഷണം ചെയ്യില്ലെന്ന് ഉറപ്പാക്കുന്നതുവരെ വിലക്ക് തുടരാനാണ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ തീരുമാനം.

സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നതിങ്ങനെ; അമേരിക്കൻ ജനതയിൽനിന്ന് അസ്വീകാര്യമായ നിരക്കിൽ ക്ഷേമപദ്ധതികൾ എടുക്കുന്ന രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ നടപടികൾ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റ് നിർത്തിവെക്കും. പുതിയ കുടിയേറ്റക്കാർ അമേരിക്കൻ ജനതയുടെ സമ്പത്ത് ചൂഷണം ചെയ്യില്ലെന്ന് യുഎസ് ഉറപ്പാക്കുന്നതുവരെ ഈ വിലക്ക് തുടരും”.

യുഎസ് നടപടി നേരിട്ട പട്ടികയിൽ ബംഗ്ലാദേശ്, പാകിസ്താൻ, ഇറാൻ, റഷ്യ, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളുണ്ട്. അഫ്ഗാനിസ്താൻ, ഈജിപ്റ്റ്, ഇറാഖ്, കുവൈറ്റ്, ലെബനൻ, മൊറോക്കോ, സുഡാൻ, തായ്ലൻഡ്, യെമൻ തുടങ്ങിയ രാജ്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൊമാലിയ, ഹെയ്തി, ഇറാൻ, എറിട്രിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റക്കാർ അമേരിക്കയിൽ എത്തിയ ശേഷം സർക്കാർ സഹായം സ്വീകരിക്കുന്നവരാകുന്നു എന്ന് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പറയുന്നു.

75 രാജ്യങ്ങൾക്കെതിരായ നിയന്ത്രണങ്ങൾ ജനുവരി 21 മുതൽ പ്രാബല്യത്തിൽ വരും. അതേസമയം ടൂറിസ്റ്റ് വിസ പോലുള്ള നോൺ-ഇമിഗ്രൻ്റ് വിസകൾക്ക് (കുടിയേറ്റേതര വിസ) ഇത് ബാധകമായിരിക്കില്ല. നവംബറിൽ പുറത്തിറക്കിയ ഒരു ഉത്തരവിൻ്റെ ഭാഗമായാണ് ഈ നടപടി. അമേരിക്കൻ സർക്കാർ സഹായങ്ങൾ സ്വീകരിക്കാൻ സാധ്യതയുള്ളവരെ നിയന്ത്രിക്കാനുള്ള വിപുലമായ തീരുമാനമായിരുന്നു ഉത്തരവിൽ ഉണ്ടായിരുന്നത്.