Make your way with News Fact and Knowledge

ചർച്ച് ഓഫ് ഗോഡ് (ഫുൾ ഗോസ്പൽ) ഇൻ ഇന്ത്യ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇ യുടെ യുവജന കൂട്ടായ്മ അനുഗ്രഹമായി

0 342

കല്യാൺ: സെൻട്രൽ വെസ്റ്റ് റീജിയന്റെ മുംബൈ ഈസ്റ്റേൺ ഡിസ്ട്രിക്ട് വൈ.പി.ഇയുടെ ആഭിമുഖ്യത്തിൽ ജൂലൈ 26-ന് വൈകിട്ട് 5 മണിക്ക് കല്യാൺ ഈസ്റ്റ് കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിൽ സംഘടിപ്പിച്ച യുവജന കൂട്ടായ്മ അനുഗ്രഹകരമായ ആത്മീയ സംഗമമായി.

ഡിസ്ട്രിക്ട് വൈ.പി.ഇ പ്രസിഡന്റ് പാസ്റ്റർ സാം ടി. തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പാസ്റ്റർ പി.സി. സണ്ണിയുടെ പ്രാർത്ഥനയോടെ ആരംഭിച്ചു. കല്യാൺ ഈസ്റ്റ് കാദേശ് ഭവൻ ചർച്ച് ഓഫ് ഗോഡ് സഭയിലെ യുവജനങ്ങൾ അനുഗ്രഹീതമായ ആരാധനയ്ക്ക് നേതൃത്വം നൽകി. തുടർന്ന് താക്രുളി വൈ.പി.ഇ സെക്രട്ടറി പ്രാർത്ഥിക്കുകയും, ദൈവദാസൻ മാത്യൂസ് ഫിലിപ്പ് പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു.

വൈ.പി.ഇ ഡിസ്ട്രിക്ട് സെക്രട്ടറി സ്റ്റാൻലി സാമുവേൽ സ്വാഗതം ആശംസിച്ചു. തുടർന്ന് യെശയ്യാവ് 60:1 ആസ്പദമാക്കി അധ്യക്ഷത പ്രസംഗം നടത്തിയ പാസ്റ്റർ സാം ടി. തോമസ്, അന്ധകാരത്തിന്റെ നടുവിൽ എഴുന്നേറ്റ് പ്രകാശിക്കുവാൻ ദൈവം തന്റെ ജനത്തെ വിളിച്ചിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുകയും യുവജനങ്ങളെ ആത്മീയ സമർപ്പണത്തിലേക്ക് ആഹ്വാനം ചെയ്യുകയും ചെയ്തു.

യുവജനങ്ങളെ പ്രതിനിധീകരിച്ച് ഡോ. ജെസ്റ്റീന മെറിൻ ജോൺ, 1 പത്രോസ് 2:9 ആസ്പദമാക്കി “നാം കർത്താവിനാൽ തിരഞ്ഞെടുക്കപ്പെട്ട തലമുറയാണ്” എന്ന സന്ദേശം പങ്കുവെച്ചു. തുടർന്ന് പാസ്റ്റർ ബിജു എം.ജി. പ്രാർത്ഥിച്ചു.

തുടർന്ന് മുഖ്യപ്രഭാഷണം നടത്തിയ ദൈവദാസൻ മനു കെ. ചാക്കോ, “യേശുവിനോട് ചേർന്നുള്ള ഒരു അടുപ്പമുള്ള ജീവിതം” എന്ന വിഷയത്തെ ആസ്പദമാക്കി ദൈവവചനം ശുശ്രൂഷിച്ചു. നമ്മുടെ ഏറ്റവും വലിയ ആഗ്രഹം യേശുക്രിസ്തു തന്നെയാകുമ്പോൾ അവിടുത്തോടുള്ള ബന്ധം കൂടുതൽ ആഴപ്പെടുമെന്നും, ക്രിസ്തുവുമായുള്ള വ്യക്തിപരമായ കൂട്ടായ്മയാണ് ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.

അവസാനത്തിൽ പാസ്റ്റർ പോൾ രാജ് സമ്മേളനത്തിന്റെ അവലോകനം അവതരിപ്പിച്ചു. തുടർന്ന് ജോയിന്റ് സെക്രട്ടറി ശ്രുതി മോഹൻ രാജ് നന്ദി രേഖപ്പെടുത്തി. ഡിസ്ട്രിക്ട് പാസ്റ്റർ ജോൺസൻ തോമസിന്റെ പ്രാർത്ഥനയും ആശീർവാദത്തോടെയും യോഗം സമാപിച്ചു.

ഡിസ്ട്രിക്ടിലെ 12 സഭകളിൽ നിന്നായി 75-ഓളം യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുത്തു. യുവജനങ്ങളുടെ ആത്മീയ വളർച്ചയ്ക്കും വിശ്വാസജീവിതത്തിലെ പ്രചോദനത്തിനും ഈ കൂട്ടായ്മ ശ്രദ്ധേയമായ കാരണമായതായി സംഘാടകസമിതി അറിയിച്ചു.