പാക്കിസ്ഥാനില്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 15 വയസ്സുള്ള ക്രിസ്ത്യന്‍ പെണ്‍കുട്ടി മോചിതയായി

0 702

ഫൈസലാബാദ്: മതന്യൂനപക്ഷങ്ങളില്‍പ്പെട്ട പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടുപോകപ്പെടുന്നത് പതിവായ പാക്കിസ്ഥാനില്‍ ഇക്കഴിഞ്ഞ മെയ് 5-ന് തട്ടിക്കൊണ്ടുപോകപ്പെട്ട പതിനഞ്ചുകാരിയായ ക്രിസ്ത്യന്‍ പെണ്‍കുട്ടിക്ക് ഒടുവില്‍ മോചനം. ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല റോബിന്‍ ഡാനിയല്‍ നടത്തിയ സമ്മര്‍ദ്ധത്തിനും, ‘നാഷണല്‍ കമ്മീഷന്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ്‌ പീസ്‌’ന്റെ (എന്‍.സി.ജെ.പി) ഇടപെടലിനും ഒടുവിലാണ് സബാ മാസിയുടെ മോചനം സാധ്യമായത്. വീട്ടിലെ ബുദ്ധിമുട്ട് കാരണം പഞ്ചാബ് പ്രവിശ്യയില്‍ ഫൈസലാബാദിന് സമീപമുള്ള മദീന പട്ടണത്തിലേക്ക് തന്റെ സഹോദരിയായ മുക്കദാസിനൊപ്പം വീട്ടുവേലക്കായി പോകുന്ന വഴിക്കാണ് അയല്‍ക്കാരനും, നിര്‍മ്മാണ തൊഴിലാളിയും, മുഹമ്മദ്‌ യാസിറും സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ തള്ളിമാറ്റി സബയെ ബലംപ്രയോഗിച്ച് ഓട്ടോറിക്ഷയില്‍ കയറ്റി കൊണ്ടുപോയത്. 40-ന് മുകളില്‍ പ്രായമുള്ള യാസിര്‍ മൂന്നു പ്രാവശ്യം വിവാഹം ചെയ്ത വ്യക്തിയാണ്.

തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങള്‍ സബാ പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌ (എ.സി.എന്‍) മായി പങ്കുവെച്ചു. ഈസ്റ്ററിന് പുതിയ വസ്ത്രങ്ങള്‍ മേടിച്ചു തരണമെന്ന്‍ താനും സഹോദരിയും വീട്ടില്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ ശുചീകരണ തൊഴിലാളിയായ തന്റെ പിതാവിന് അതിന് കഴിഞ്ഞില്ലെന്നും, ഓരോ ദിവസവും തള്ളിനീക്കുവാന്‍ കഷ്ടപ്പെടുന്ന കുടുംബത്തെ സഹായിക്കുവാനായിട്ടാണ് താനും വീട്ടുജോലിക്ക് പോകുവാന്‍ നിര്‍ബന്ധിതയായതെന്നും സബാ പറയുന്നു. ബോധം കെടുത്തിയാണ് തന്നെ ഓട്ടോയില്‍ കൊണ്ടുപോയത്. ബോധം വന്നപ്പോള്‍ താന്‍ ഫൈസലാബാദില്‍ നിന്നും 130 മൈല്‍ അകലെയുള്ള ഗുജ്രാട്ടിലായിരുന്നു. ദിവസങ്ങളോളം പട്ടിണികിടന്നിട്ടും യാസിര്‍ തന്നെ വിട്ടയക്കുവാന്‍ കൂട്ടാക്കിയില്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ സബായുടെ പിതാവായ നദീം മാസി ഫൈസലാബാദ് പോലീസില്‍ പരാതിപ്പെട്ടെങ്കിലും സബാ യാസിറിനെ വിവാഹം ചെയ്തുവെന്നും, വിവാഹ ഉടമ്പടി അധികം താമസിയാതെ ലഭിക്കുമെന്നും പറഞ്ഞ് പോലീസ് മടക്കിവിടുകയായിരുന്നു. സബായുടെ കേസ് ആഗോള ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ ക്രിസ്ത്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ലാല ഡാനിയല്‍ റോബിന്‍ ദിവസവും അക്ഷീണ പ്രയത്നം നടത്തിയിരിന്നു. ഇതിനുപുറമേ, ബന്ധുവായ ഒരു കത്തോലിക്ക വിശ്വാസി കേസ് ‘എന്‍.സി.ജെ.പി’യുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാനും ഇടപെടല്‍ നടത്തി. സബായുടെ കേസ് വാര്‍ത്തയായതോടെ പെണ്‍കുട്ടിയെ മദീന ടൌണ്‍ പോലീസ് സ്റ്റേഷന് സമീപമുള്ള പാര്‍ക്കില്‍ ഉപേക്ഷിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ട് യാസിറിന്റെ ബന്ധു സബായുടെ പിതാവിനെ ഫോണില്‍ അറിയിക്കുകയായിരുന്നു.

യാസിറിനെതിരെ പരാതി നല്‍കുവാന്‍ സബാ തയ്യാറാണെന്നും, മയക്കുമരുന്നിന് അടിമയായ യാസിറിനെ അറസ്റ്റ് ചെയ്യണമെന്നും എന്‍.സി.ജെ.പി യുടെ രൂപതാ ഡയറക്ടറായ ഫാ. ഖാലിദ് റഷീദ് അസി ആവശ്യപ്പെട്ടിട്ടുണ്ട്. 16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടികളെ വിവാഹം ചെയ്യുന്നതിന് നിയമപരമായ വിലക്കുണ്ടെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ട പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍ തട്ടിക്കൊണ്ടു പോയി മതം മാറ്റി നിര്‍ബന്ധിത വിവാഹത്തിനു ഇരയാക്കുന്നത് പാക്കിസ്ഥാനില്‍ പതിവാണ്. കഴിഞ്ഞ വര്‍ഷം മാത്രം 38 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ മതന്യൂനപക്ഷങ്ങളില്‍പ്പെട്ട 78 പെണ്‍കുട്ടികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായെന്നാണ് സെന്റര്‍ ഫോര്‍ സോഷ്യല്‍ ജസ്റ്റിസിന്റെ കണക്കുകളില്‍ പറയുന്നത്. എന്നാല്‍ പുറത്തുവരാത്ത കേസുകള്‍ വളരെ വലുതാണ്. പാക്കിസ്ഥാനില്‍ പ്രതിവര്‍ഷം മതന്യൂനപക്ഷങ്ങളില്‍പ്പെട്ട ആയിരത്തോളം സ്ത്രീകള്‍ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യപ്പെടുന്നുണ്ടെന്ന്‍ ഫോബ്സ് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.