വാഷിങ്ടൺ: ഇറാനെതിരെ കടുത്ത സൈനിക നടപടിയുമായി അമേരിക്കൻ
പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്രമണം നടത്തുന്ന കൃത്യമായ തീയതിയും സമയവും വെളിപ്പെടുത്തിക്കൊണ്ടാണ് ട്രംപിൻ്റെ പുതിയ നീക്കം. ഹോർമുസ് കടലിടുക്ക് അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുത്തില്ലെങ്കിൽ, ചൊവ്വാഴ്ച രാത്രി 8 മണിക്ക് (ഇന്ത്യൻ സമയം ബുധനാഴ്‌ച പുലർച്ചെ) ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണം നടത്തുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്.
സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യലി’ലൂടെയായിരുന്നു ഈ വെളിപ്പെടുത്തൽ. ഇറാനിൽ വെച്ച് തകർക്കപ്പെട്ട അമേരിക്കൻ എഫ്-15ഇ വിമാനത്തിലെ ഉദ്യോഗസ്ഥനെ സാഹസികമായി രക്ഷപ്പെടുത്തിയതിന് പിന്നാലെയാണ് ട്രംപ് നിലപാട് കടുപ്പിച്ചത്. വെറുമൊരു സൈനിക നീക്കമല്ല, മറിച്ച് കടുത്ത ‘ശിക്ഷാ നടപടി’ ആയിരിക്കും ഇതെന്നും ഇറാൻ്റെ പവർ സ്റ്റേഷനുകളും പാലങ്ങളും തകർക്കുമെന്ന് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു
വരാനിരിക്കുന്ന തിങ്കളാഴ്‌ചയ്ക്കകം ഹോർമുസ് കടലിടുക്ക് തുറന്നുകൊടുത്തില്ലെങ്കിൽ ഇറാൻ “നരകതുല്യമായ” പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. യുഎസ്, ഇസ്രയേൽ ആക്രമണത്തിൽ ഇറാനിൽ മരണം 2076 ആയി. 26500 പേർക്ക് പരിക്കേറ്റു. ലെബനനിൽ ഇതുവരെ 1345 പേർ കൊല്ലപ്പെട്ടു. 4040 പേർക്കാണ് പരിക്കേറ്റത്. ഇസ്രയേലിൽ 24 പേർ കൊല്ലപ്പെട്ടു. 6594 പേർക്ക് പരിക്കേറ്റു.
അതേസമയം, ഇറാനിലെ ബുഷെഹർ ആണവനിലയത്തിനുനേരെ ഇസ്രയേൽ നാലാം തവണയും ആക്രമണം നടത്തി. ശനിയാഴ്‌ചത്തെ ആക്രമണത്തിൽ സുരക്ഷാ ജീവനക്കാരൻ കൊല്ലപ്പെട്ടു. ആണവ വികിരണ സാധ്യതയുള്ള അതീവ അപകടകരമായ സാഹചര്യമാണിതെന്ന് ഇറാൻ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോളതലത്തിൽ ഇന്ധനവില
കുതിച്ചുയരുകയാണ്.