ന്യൂഡല്‍ഹി: ചാന്ദ്ര പര്യവേക്ഷണം ലക്ഷ്യമിട്ട് വിക്ഷേപിച്ച ചന്ദ്രയാന്‍ മൂന്ന് പകര്‍ത്തിയ പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടു.
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ‘കാലുകുത്തിയ’ ലാന്‍ഡര്‍ മോഡ്യൂള്‍ പകര്‍ത്തിയ ആദ്യ ചിത്രങ്ങളാണ് ഐഎസ്‌ആര്‍ഒ പുറത്തുവിട്ടത്.
ചന്ദ്രനില്‍ ഇറങ്ങുന്ന ഘട്ടത്തില്‍ എടുത്തതാണ് ചിത്രങ്ങള്‍. ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ എടുത്തുകാണിക്കുന്നതാണ് ദൃശ്യങ്ങള്‍. അതേസമയം ചന്ദ്രയാന്‍ മൂന്ന് ലാന്‍ഡര്‍ മോഡ്യൂളും ബംഗളൂരുവിലെ ട്രാക്കിങ് കേന്ദ്രമായ ഇസ്ട്രാക്കും തമ്മിലുള്ള ആശയവിനിമയ ബന്ധം സ്ഥാപിക്കപ്പെട്ടതായി ഐഎസ്‌ആര്‍ഒ അറിയിച്ചു.
അതിനിടെ, ചന്ദ്രയാന്‍ മൂന്ന് മിഷനിലെ ഏറ്റവും ബുദ്ധിമുട്ടേറിയ ദൗത്യം ലാന്‍ഡിങ് ആയിരുന്നില്ലെന്നും വിക്ഷേപണം തന്നെയായിരുവെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു. വിക്രം ലാന്‍ഡറും പ്രഗ്വാന്‍ റോവറും അടങ്ങുന്ന ചന്ദ്രയാന്‍ മൂന്ന് പേടകത്തെ വഹിച്ച് കൊണ്ടാണ് ജിഎസ്‌എല്‍വി മാര്‍ക്ക് ത്രീ റോക്കറ്റ് ആകാശത്തേയ്ക്ക് കുതിച്ചുയര്‍ന്നത്. ശരിയായ ഭ്രമണപഥത്തില്‍ പേടകത്തെ എത്തിക്കുക എന്ന കടമയാണ് റോക്കറ്റ് നിര്‍വഹിച്ചതെന്നും സോമനാഥ് മാധ്യമങ്ങളോട് പറഞ്ഞു.
‘36,500 കിലോമീറ്റര്‍ സഞ്ചരിച്ച് ചന്ദ്രനിലേക്കുള്ള പാതയില്‍ പേടകത്തെ എത്തിക്കുന്ന ഘട്ടം ശരിയായ രീതിയിലാണ് നടന്നത്. വിക്ഷേപണം നടന്ന് 16 മിനിറ്റിന് ശേഷം റോക്കറ്റില്‍ നിന്ന് ചന്ദ്രയാന്‍-3 മോഡ്യൂളിനെ വേര്‍പെടുത്തി. തുടര്‍ന്ന് ആറ് തവണ ഭൂമിയെ ഭ്രമണം ചെയ്തു. ജൂലൈ 15 ന് ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തുന്നതിന് മുമ്ബ് പരമാവധി 36,500 കിലോമീറ്റര്‍ ദൂരത്തില്‍ എത്തിച്ചു. ആദ്യ ഭ്രമണപഥം ഉയര്‍ത്തലിലൂടെ ദൂരം 41,670 കിലോമീറ്ററിലേക്ക് എത്തി.’-സോമനാഥ് പറഞ്ഞു.
‘ചന്ദ്രനില്‍ ലാന്‍ഡ് ചെയ്യലും ലാന്‍ഡ് ചെയ്യുന്നതിന് ഉചിതമായ സ്ഥലം കണ്ടെത്തലുമായിരുന്നു അടുത്ത നിര്‍ണായക ഘട്ടം. ഇത് നഷ്ടപ്പെട്ടാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാനുള്ള സാധ്യത ഇല്ലാതാകും. അതായത് വീണ്ടെടുക്കാന്‍ കഴിയില്ല എന്ന് അര്‍ത്ഥം. ഐഎസ്‌ആര്‍ഒ വികസിപ്പിച്ചെടുത്ത ഒരു കൂട്ടം ശക്തിയേറിയ ക്യാമറകളുടെ സഹായത്തോടെയാണ് ചന്ദ്രയാന്‍ മൂന്ന് ഇറക്കുന്നതിനുള്ള ഉചിതമായ സ്ഥലം കണ്ടെത്തിയത്. ലാന്‍ഡര്‍ മോഡ്യൂളിന്റെ വേഗത കുറച്ച് സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്നത് ഏറെ സങ്കീര്‍ണതകള്‍ നിറഞ്ഞതായിരുന്നു. ഈ ഘട്ടത്തിലെ തെറ്റായ കണക്കുകൂട്ടലുകള്‍ വിനാശകരമായെന്ന് വരാം. കാരണം വിക്രം ലാന്‍ഡര്‍ തൊടാന്‍ ശ്രമിക്കുമ്ബോള്‍ തകരാന്‍ സാധ്യതയുണ്ട്.’- സോമനാഥ് തുടര്‍ന്നു.
‘നിര്‍ണായകമായ മൂന്നാമത്തെ ഘട്ടം ലാന്‍ഡറിന്റെയും ഓര്‍ബിറ്ററിന്റെയും വേര്‍തിരിവാണ്. അത് ഉചിതമായ സമയത്ത് സംഭവിച്ചു. ബഹിരാകാശത്തും ഭ്രമണപഥത്തിലും നിരവധി ദിവസങ്ങള്‍ ചെലവഴിച്ചതിന് ശേഷമാണ് ഇത് സംഭവിച്ചത്. പ്രശ്നങ്ങളില്ലാതെ പ്രവര്‍ത്തിക്കേണ്ടത് ഈ ഘട്ടത്തില്‍ അത്യാവശ്യമായിരുന്നു’- സോമനാഥ് പറഞ്ഞു.
Chandrayaan-3 Mission:
Updates:The communication link is established between the Ch-3 Lander and MOX-ISTRAC, Bengaluru.
Here are the images from the Lander Horizontal Velocity Camera taken during the descent. #Chandrayaan_3#Ch3 pic.twitter.com/ctjpxZmbom
— ISRO (@isro) August 23, 2023