കരിയംപ്ലാവ് കണ്‍വന്‍ഷന് തുടക്കമായി

0 390

കരിയംപ്ലാവ്: ശക്തമായ കുടുംബബന്ധങ്ങള്‍ നിലനില്‍ക്കുന്നിടത്തേ ഉത്തമ സമൂഹവും രാഷ്ട്രവും നിലനില്‍ക്കയുള്ളു. സമൂഹത്തിന്‍റെ അടിസ്ഥാന ഘടകം കുടുംബമാണ്. തലമുറകള്‍ തമ്മിലുള്ള അകല്‍ച്ചയും വിടവും കുറയ്ക്കുന്നതിനുവേണ്ട നടപടികളിലേക്കു വിശ്വാസസമൂഹം ശ്രദ്ധ ചെലുത്തണമെന്നു റവ. ഡോ. ഒ. എം. രാജുക്കുട്ടി പ്രസ്താവിച്ചു. ഡബ്ല്യു. എം. ഇ. സഭകളുടെ 72-ാമത് ദേശീയ കണ്‍വന്‍ഷന്‍ ഉത്ഘാടനം ചെയ്തുകൊണ്ട് കരിയംപ്ലാവ് ഹെബ്രോന്‍ സ്റ്റേഡിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മാതാപിതാക്കളെ ഉപദ്രവിക്കയും അവഗണിക്കയും കൊല്ലുകയും ചെയ്യുന്ന മക്കളും, മക്കളെ കൊല്ലുന്ന മാതാപിതാക്കളും സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഉപഭോഗസംസ്കാരത്തിന് അടിമപ്പെട്ട മനുഷ്യന്‍ സത്യത്തില്‍നിന്നും ധര്‍മ്മത്തില്‍നിന്നും മൂല്യങ്ങളില്‍നിന്നും അകന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഒരു ലോകത്താണു നാം ജീവിക്കുന്നത്. വേര്‍പെട്ട ദൈവജനവും ഈ വിപത്തുകളുടെ നടുവില്‍ നട്ടംതിരിയുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സും ഡിജിറ്റല്‍ വിപ്ലവവും സൃഷ്ടിക്കുന്ന മായാപ്രപഞ്ചത്തില്‍ ആത്മീയലോകവും മയങ്ങിക്കഴിഞ്ഞിരിക്കുന്നു. ദൈവത്തിന്‍റെ ഇടപെടല്‍ ഉണ്ടേകേണ്ടിയിരിക്കുന്നു. ഭയവും വിഭജനവും വിദ്വേഷവും അസഹിഷ്ണുതയുംകൊണ്ട് കലുഷിതമായിരിക്കുന്ന ആനുകാലിക ലോകത്തിന് സമാധാനവും സന്തോഷവും പ്രദാനം ചെയ്യുവാന്‍ യേശുക്രിസ്തുവിന്‍റെ സന്ദേശങ്ങള്‍ക്കു കഴിയും. സനാതന സത്യത്തിലേക്കും സുദൃഢമായ കുടുംബബന്ധത്തിലേക്കും സമൂഹം മടങ്ങിപ്പോകണമെന്നു അദ്ദേഹം ആഹ്വാനം ചെയ്തു. സഭാ സെക്രട്ടറി പാസ്റ്റര്‍ സി. പി. ഐസക് സങ്കീര്‍ത്തനം വായിച്ചു. രാജു ഏബ്രഹാം എം. എല്‍. എ. ,അഡ്വ. കെ ജയവര്‍മ്മ എന്നിവര്‍ ആശംസകള്‍ പറഞ്ഞു.
സങ്കീര്‍ത്തനം വാര്‍ത്താ പത്രികയുടെ പത്രാധിപര്‍ വിജോയ് സ്കറിയ പെരുമ്പെട്ടി മുഖ്യ സന്ദേശം നല്‍കി. ക്രിസ്തുവിന് പുറംതിരിഞ്ഞ് നില്‍ക്കുമ്പോഴാണ് നിഴലുകള്‍പോലും നമ്മെ ഭയപ്പെടുത്തുന്നതെന്നും യേശുവിലേക്കുള്ള നോട്ടം ജീവിതത്തെയാകെ പ്രകാശമാനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാസ്റ്റര്‍മാരായ എം. എം. മത്തായി, ജാന്‍സണ്‍ ജോസഫ്, ജെയിംസ് വി. ഫിലിപ്പ് എന്നിവര്‍ നേതൃത്വം നല്‍കി. മാദ്ധ്യമവിഭാഗം കണ്‍വീനര്‍ നിബു അലക്സാണ്ടര്‍ സ്വാഗതവും ജെറിന്‍ രാജുക്കുട്ടി കൃതജ്ഞതയും പറഞ്ഞു. പാസ്റ്റര്‍ ജാന്‍സന്‍ ജോസഫിന്‍റെ നേതൃത്വത്തിലുള്ള സെലസ്റ്റ്യല്‍ റിഥം ബാന്‍ഡ് സംഗീതമാലപിച്ചു. വിവിധ ദിവസങ്ങളില്‍ പാസ്റ്റര്‍മാരായ എന്‍. പി. കൊച്ചുമോന്‍, ജെയ്സ് പാണ്ടനാട്, എം. പി. ജോര്‍ജ്ജ്കുട്ടി, സ്റ്റാന്‍ലി ജോര്‍ജ്ജ്, സാബു മുളക്കുടി എന്നിവര്‍ പ്രസംഗിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഇരുനൂറു പേര്‍വീതമാണ് പ്രതിദിനം സംബന്ധിക്കുന്നത്. പകല്‍യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. ക്രിസ്റ്റ്യന്‍ ലൈവും വിവിധ ചാനലുകളും തത്സമയസംപ്രേക്ഷണം നിര്‍വ്വഹിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: