നൈജീരിയയില്‍ കത്തോലിക്ക വൈദികനെയും 9 പേരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി

0 807

അബൂജ: വടക്കൻ നൈജീരിയയിലെ കടുണ സംസ്ഥാനത്തിലെ കാച്ചിയയിലെ പ്രാദേശിക മേഖലയില്‍ നിന്ന് കത്തോലിക്ക വൈദികനെയും 9 പേരെയും ആയുധധാരികള്‍ തട്ടിക്കൊണ്ടു പോയി. ഐഡൺ ഗിഡ ഗ്രാമത്തിലെ ദേവാലയ ഇടവക വികാരിയായ ഫാ. എബ്രഹാം കുനാട്ടിനെയാണ് തട്ടിക്കൊണ്ടു പോയിരിക്കുന്നത്. ഇന്നലെ നവംബർ എട്ട് അർധരാത്രിയോടെയാണ് കുർമിൻ സാറയിൽ നിന്നു വൈദികനെ തട്ടിക്കൊണ്ടുപോയത്. കാച്ചിയ ലോക്കൽ ഗവൺമെന്റിലെ സെന്റ് ബെർണാഡ് ചർച്ച്, ഐഡൻ ഗിഡയിലെ ഇടവക വികാരി എന്നീ നിലകളില്‍ അദ്ദേഹം സേവനം ചെയ്തു വരികയായിരിന്നുവെന്ന് കടുണ അതിരൂപതയുടെ ചാൻസലർ ഫാ. ക്രിസ്റ്റ്യൻ ഒകേവു ഇമ്മാനുവൽ പ്രാദേശിക മാധ്യമങ്ങളോട് വെളിപ്പെടുത്തി. പ്രദേശത്തെ അരക്ഷിതാവസ്ഥയെ തുടര്‍ന്നു തട്ടിക്കൊണ്ടുപോയ വൈദികൻ സ്വവസതിയില്‍ നിന്നു മാറി സെന്റ് മുളംബ ഇടവകയിലാണ് താമസിച്ചിരുന്നതെന്നും ചാൻസലർ ചൂണ്ടിക്കാട്ടി.

വളരെ സങ്കടകരമായ സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും ഭയപ്പെടുത്തുന്ന കുറ്റവാളികളിൽ നിന്ന് പൗരന്മാരെ സംരക്ഷിക്കാൻ വളരെയധികം കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും നൈജീരിയന്‍ ക്രിസ്ത്യൻ അസോസിയേഷന്റെ കടുണ വിഭാഗത്തിന്റെ പ്രസിഡന്റ് ജോസഫ് ഹയേബ് പറഞ്ഞു. കടുന റിഫൈനറിക്ക് സമീപം സ്ഥിതി ചെയ്യുന്ന ‘ഓയിൽ വില്ലേജ്’ കൊള്ളയടിക്കാൻ ശ്രമിച്ച ആയുധധാരികളാണ് മറ്റ് ഒമ്പത് പേരെ ബന്ദികളാക്കിയിരിക്കുന്നത്. നവംബർ ഏഴിന് രാത്രിയാണ് പതിനഞ്ചോളം വരുന്ന ആയുധധാരികളായ സംഘം ഗ്രാമം ആക്രമിച്ചത്. ഓയിൽ വില്ലേജ് കൊള്ളക്കാരുടെ ഇടയ്ക്കിടെയുള്ള റെയ്ഡുകളുടെ ലക്ഷ്യ കേന്ദ്രമായതിനാല്‍ തങ്ങളെ സംരക്ഷിക്കാൻ ഗ്രാമത്തിൽ സ്ഥിരമായ ഒരു സൈനിക പോസ്റ്റ് സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലം കണ്ടില്ല.

നൈജീരിയയില്‍ പലപ്പോഴും നടക്കുന്ന തട്ടിക്കൊണ്ടു പോകലുകള്‍ക്ക് പിന്നില്‍ പണം മാത്രമാണ് ലക്ഷ്യം. ബന്ധികളാക്കിയവരെ മോചിപ്പിക്കണമെങ്കില്‍ ലക്ഷകണക്കിന് നൈറയാണ് (നൈജീരിയന്‍ കറന്‍സി) ആയുധധാരികള്‍ ആവശ്യപ്പെടുന്നത്. മോചനദ്രവ്യം നല്‍കാത്ത സാഹചര്യത്തില്‍ വൈദികര്‍ കൊല്ലപ്പെട്ട സംഭവങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. ഇസ്ളാമിക തീവ്രവാദികള്‍ നടത്തുന്ന നരനായാട്ടും രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയും സുരക്ഷിതത്വമില്ലായ്മയും ആഗോള തലത്തില്‍ നിരവധി തവണ വിമര്‍ശനത്തിന് വിധേയമായിട്ടുണ്ടെങ്കിലും കാര്യമായ നടപടി കൈക്കൊള്ളുവാന്‍ നൈജീരിയന്‍ ഭരണകൂടം ഇതുവരെ ശ്രമിച്ചിട്ടില്ല. രാജ്യത്തു ഏറ്റവും അധികം ആക്രമണങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവ സമൂഹമാണ്.