“പഞ്ചാബിലെ പാസ്റ്റേഴ്സ്”: പ്രമുഖ ദേശീയ മാധ്യമായ ഇന്ത്യ ടുഡേയുടെ കവർ സ്റ്റോറി ശ്രദ്ധേയമാവുന്നു

0 1,103

തയ്യാറാക്കിയത് : മോൻസി മാമ്മൻ തിരുവനന്തപുരം

പഞ്ചാബിൽ കഴിഞ്ഞ പത്തു വർഷം കൊണ്ട് ഉണ്ടായ പെന്തെക്കോസ്തു പ്രസ്ഥാനത്തിന്റെ വളർച്ചയെ കുറിച്ച് ഇന്ത്യയിലെ പ്രമുഖ മാധ്യമായ ഇന്ത്യാടുഡേ വീക്കിലിയുടെ നവംബർ മാസത്തിലെ പതിപ്പിൽ പ്രസിദ്ധീകരിച്ച
കവർ സ്റ്റോറി ശ്രദ്ധേയമാകുന്നു. “പഞ്ചാബിലെ പാസ്റ്റേഴ്സ്” എന്ന തലക്കെട്ടിലാണ് മുഖചിത്രത്തോടെ കവർ സ്റ്റോറി പ്രസിദ്ധീകരിച്ചിരിക്കുന്നത്. തീവ്ര ഹിന്ദുക്കളുടെയും സിഖുകാരുടെയും മണ്ണിൽ , ഇന്ന് പഞ്ചാബിലുടനീളം വളരുന്ന പെന്തെകോസ്ത് കരിസ്മാറ്റിക് ക്രിസ്ത്യാനിറ്റി വളർച്ചയെകുറിച്ചും അതിന് നേതൃത്വം നൽകുന്ന പ്രാദേശിക പാസ്റ്റർമാരെ കുറിച്ചും കവർ സ്റ്റോറി വിശദമായി ചർച്ച ചെയ്യുന്നു.

2008-ൽ ക്രിസ്തുമതം സ്വീകരിച്ച ‘അപ്പോസ്തലൻ’ അങ്കുർ യോസഫ് നരുലയെപ്പോലുള്ള പാസ്റ്റർമാരെക്കുറിച്ച് വിശദമായ പഠനമാണ് റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. ഞായറാഴ്ചകളിൽ ഒരു ലക്ഷത്തിലധികം ആളുകളെ കൂടി വരുന്ന അദ്ദേഹത്തിന്റെ പ്രവർത്തനത്തെ കുറിച്ചും പത്തു ലക്ഷത്തിലധികം വരിക്കാരുള്ള ടിവി മിനിസ്ട്രിയും, കൂടാതെ യുഎസിലും കാനഡയിലും ജർമ്മനിയിലും അടുത്തിടെ യുകെയിലും മൊത്തം 3 ലക്ഷം അംഗങ്ങളുള്ള ഒരു ആഗോള സഭയായി ഈ പ്രവർത്തനം മാറിയെന്നു കവർ സ്റ്റോറി ചൂണ്ടി കാണിക്കുന്നു. ജലന്ദർ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള നിലവിലെ ചർച്ച് അതിന്റെ എല്ലാ പ്രൗഢിയിലും, പൂർണ്ണമായി പണിതാൽ ഏഷ്യയിലെ ഏറ്റവും വലിയ ചർച്ച് ആകുമെന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു. അദ്ദേഹത്തിന്റെ സഭകളിൽ അഭിഭാഷകർ, ഡോക്ടർമാർ, എഞ്ചിനീയർമാർ, മാത്രമല്ല സമ്പന്നരായ ബിസിനസുകാർ ഉൾപ്പെടുന്ന അഭ്യസ്ഥവിദ്യരായ ഒരു വലിയ സമൂഹംഅദ്ദേഹത്തിന്റെ ശുശ്രുഷയിൽ പങ്കാളികൾ ആയി മാറുന്നു. ഇവർ ജോലി ഉപേക്ഷിച്ച് പ്രസംഗകരാകുകയോ അല്ലെങ്കിൽ ഞായറാഴ്ചകളിൽ കൂട്ടായ്മകളിൽ കടന്നു ആരാധനക്ക് നേതൃത്വം നൽകുന്നു.

സമൂഹത്തിലെ ഉന്നതർക്കിടയിലും സാധാരണക്കാർക്കിടയിലും ഒരു പോലെ പെന്തെക്കോസ്തു വിഭാഗത്തിനു സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞു എന്നുള്ള വസ്തുത വിശദമായി തന്നെ കവർ സ്റ്റോറി ചർച്ച ചെയ്യുന്നു. പെന്തെകോസ്ത് കൂട്ടായ്മയിലെ രോഗശാന്തി ശുശ്രുഷകളും പ്രസംഗങ്ങളും പെന്തകോസ്ത് /കരിസ്‌മാറ്റിക് സഭകളുടെ വളർച്ചക്ക് കാരണമായിട്ടുണ്ടെന്നു റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

പഞ്ചാബിലെ നഗര പ്രദേശങ്ങളിൽ മാത്രമല്ല ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള കർഷകത്തൊഴിലാളികൾ, ചെറുകിട കട ഉടമകൾ, തയ്യൽക്കാർ, തുടങ്ങിയവരുടെ ഇടയിൽ കരിസ്‌മറ്റിക് മൂവ്മെന്റ് വലിയ സ്വാധീനം ചെലുത്തിയെന്നും ഇന്ന് ഇവരുടെ വീടുകളിലോ പരിസരങ്ങളിലോ ഞായറാഴ്ച കൂടിവരവുകൾ ഉണ്ട്. മാത്രമല്ല പാസ്റ്റർമാർ അവരുടെ മീറ്റിംഗുകളിൽ അവരുടെ പ്രാദേശിക സംസ്കാരം ഉൾക്കൊള്ളുന്ന കൂട്ടായ്മകൾ നടത്തുന്നുവെന്നും സത്സങ് പോലെ കാണപ്പെടുന്ന ചെറിയ കൂടി വരവുകൾ അതിനുള്ള ഉദാഹരണങ്ങൾ ആണെന്ന് റിപ്പോർട്ടിൽ പറയുന്നു.

പെന്തെകൊസ്തു പ്രസ്ഥാനത്തിന്റെ ഈ വളർച്ചയുടെ ഭാഗമായി കടന്ന് വന്നിട്ടുള്ളവർ ഹിന്ദു മതത്തിൽ നിന്നും സിഖ് വിഭാഗത്തിൽ നിന്ന് മാത്രമല്ല മാത്രമല്ല, കത്തോലിക്കാ സഭയിൽ നിന്നും മറ്റ് ക്രിസ്തീയ വിഭാഗങ്ങളിൽ നിന്നും ഉണ്ടാകുന്നു എന്നാണ് റിപ്പോർട്ട് പ്രധാനമായും സൂചിപ്പിക്കുന്നത്. പെന്തകോസ്ത് /കരിസ്‌മറ്റിക് പ്രസ്ഥാനത്തിന്റെ വളർച്ച മതപരിവർത്തനത്തിൽ ഊന്നിയല്ല പ്രവർത്തിക്കുന്നത് മറിച്ചു ഈ കൂട്ടായ്മകളിലേക്ക് ജീവിതത്തിൽ അവഗണനകൾ നേരിട്ട ഒരു വലിയ കൂട്ടം ഈ കൂട്ടായ്മകളുടെ ഭാഗമായി മാറിയിട്ടുണ്ടെന്നും കവർ സ്റ്റോറി സൂചിപ്പിക്കുന്നു.
തങ്ങൾ മതപരിവർത്തനം നടത്തുന്നില്ലെന്നും ആളുകളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുവാൻ മാത്രമേ ഞങ്ങൾ ശ്രമിക്കാറുള്ളെന്നും മാത്രമാണെന്നും പാസ്റ്റർമാർ ചൂണ്ടി കാണിക്കുന്നു. പെന്തെകോസ്ത് ആരാധന രീതികളും ശുശ്രുഷകളും വിശ്വാസികളുടെ എണ്ണം വർധിപ്പിക്കുവാനുള്ള പ്രധാന കാരണമായി കവർ സ്റ്റോറി പറയുന്നു.
നിലവിൽ പഞ്ചാബിൽ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി മതപരിവർത്തന വിരുദ്ധ നിയമങ്ങളൊന്നുമില്ല, എന്നാൽ പെന്തകോസ്ത് സമൂഹത്തിന്റെ ഈ വളർച്ച, ജാട്ട് സിഖുകാരും ഹിന്ദു വരേണ്യവർഗവുമുള്ള പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികൾ അതേക്കുറിച്ച് പുനർവിചിന്തനം ചെയ്യാൻ നിർബന്ധിതരാകാൻ സാധ്യത ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടി കാണിക്കുന്നു.

പഞ്ചാബിൽ കഴിഞ്ഞ രണ്ട് മാസങ്ങളായി ക്രൈസ്തവ സമൂഹത്തിനു എതിരെയുള്ള അക്രമങ്ങളും വർധിച്ചുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. ക്രിസ്ത്യൻ സമൂഹം ഈ പ്രവർത്തനങ്ങൾക്കെതിരെ പ്രതിഷേധിക്കുന്നുണ്ടെങ്കിലും, അവരിൽ പരസ്യ പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുക്കുന്നില്ല കാരണം ഇനിയും ഇത് പോലുള്ള അക്രമങ്ങൾക്ക് പ്രതിഷേധങ്ങൾ കാരണമാകും എന്ന് അവർ ഭയപ്പെടുന്നു എന്ന് കവർ സ്റ്റോറി ചർച്ച ചെയ്യുന്നു.

പഞ്ചാബിലെ 30 ശതമാനത്തോളം വരുന്ന ദളിത് വിഭാഗം പെന്തെകോസ്ത് പ്രസ്ഥാനത്തോട് അടുക്കുന്നു എന്ന വിവരവും റിപ്പോർട്ട് സൂചിപ്പിക്കുന്നു.
പെന്തെകോസ്ത് പ്രസ്ഥാനത്തിലേക്ക് കടന്ന് വന്നവരിൽ ഭൂരിഭാഗം ആളുകളും പഞ്ചാബിലെ ഏറ്റവുമധികം അവഗണനകൾ നേരിടുന്ന മസാബി സിഖുകൾ, ബാൽമീകി, സാൻസി, റായ് സിഖ്, ബവാരിയ, ബാസിഗർ, ബരാദ്, ബംഗള, ഗാധിലെ, നാറ്റ് തുടങ്ങിയ സമുദായങ്ങളിൽ നിന്നുള്ളവരാണ്.
ഹിന്ദുക്കളും സിഖുകാരും മതപരിവർത്തനത്തെ ഭയപ്പെടുന്നുവെങ്കിൽ, ജാതി പക്ഷപാതിത്വത്തെക്കുറിച്ചുള്ള ഈ സമൂഹങ്ങളുടെ നിലപാട് പുനർവിചിന്തനം ചെയ്യാനും ജാതിയുടെ അടിസ്ഥാനത്തിൽ ഉള്ള അയിത്തം കുറയ്ക്കാനും സമയമായെന്ന് റിപ്പോർട്ട് എടുത്തു പറയുന്നു. ഈ സമുദായങ്ങളിലെ ജാതി വിവേചനവും അവഗണനകളും ഒരു പരിധി വരെ ആളുകൾ പെന്തെകോസ്ത് / കരിസ്‌മറ്റിക് പ്രസ്ഥാനങ്ങളിലേക്ക് മാറുവാൻ കാരണമായി എന്ന് കവർ സ്റ്റോറി ചർച്ച ചെയ്യുന്നു.