നിവാര്‍ നിലം തൊട്ടു: തമിഴ്‌നാട്ടില്‍ കനത്ത മഴയും ചുഴലിക്കാറ്റും

അതേസമയം നിവാര്‍ ചുഴലിക്കാറ്റിനു പിറകെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം നവംബര്‍ 29ഓടെ രൂപപ്പെടാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

0 576

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് പോണ്ടിച്ചേരി തീരപ്രദേശം കടന്ന തമിഴ്‌നാട്ടില്‍ ആഞ്ഞുവീശുന്നു. ബുധനാഴ്ച രാത്രി 10:30 ഓടെയാണ് പോണ്ടിച്ചേരിയില്‍ കരയിലെത്തിയ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട്ടില്‍ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട് സര്‍ക്കാര്‍ ശനിയാഴ്ച വരെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളം 12 മണിക്കൂര്‍ പ്രവര്‍ത്തനം നിര്‍ത്തിവച്ചു.
നഗരത്തിലെ മോശം കാലാവസ്ഥയെ തുടര്‍ന്ന് 26 വിമാനങ്ങളെങ്കിലും റദ്ദാക്കിയതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. കോഴിക്കോട്, വിജയവാഡ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലേക്കുള്ള വിമാനങ്ങളെയും റദ്ദാക്കല്‍ ബാധിച്ചു. മെട്രോ സര്‍വ്വീസുകളും ചുഴലിക്കാറ്റിനെ ഭയന്ന് നിര്‍ത്തിവെച്ചു. തീരപ്രദേശങ്ങളില്‍ വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. ചുഴലിക്കാറ്റ് വീടുകള്‍ക്കും മരങ്ങള്‍ക്കും വിളകള്‍ക്കും കനത്ത നാശനഷ്ടമുണ്ടാക്കാന്‍ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വൈദ്യുതി വിതരണത്തെയും ബാധിക്കുമെന്ന് കരുതുന്നു.

നിവാര്‍ ചുഴലിക്കാറ്റ് ഇപ്പോള്‍ വടക്കുപടിഞ്ഞാറോട്ട് നീങ്ങുകയും അടുത്ത 3 മണിക്കൂറിനുള്ളില്‍ ഒരു ചുഴലക്കൊടുങ്കാറ്റായി മാറുകയും ചെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീഴുന്നത്. കനത്ത മഴയെ തുടര്‍ന്ന് ചെന്നൈ നഗരത്തില്‍ ജനജീവിതം സ്ഥംഭിച്ച അവസ്ഥയിലാണ്.