ചർച്ച് ഓഫ് ഗോഡ് മുൻ ഓവർസീർ പാസ്റ്റർ കെ സി ജോൺ (74) കർത്തൃസന്നിധിയിൽ

1978 ൽ മാതൃ സഭയായ മുളക്കുഴ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു.

0 764
മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് സഭയുടെ മുൻ ഓവർസീയർ കർത്തൃദാസൻ പാസ്റ്റർ കെ സി ജോൺ (74 വയസ്സ്) ഓഗസ്റ്റ് 22 ചൊവ്വാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
1949 ൽ മുളക്കുഴ കുഴിപൊയ്കയിൽ ശ്രീ കെ കെ ചക്കോയുടെയും ശ്രീമതി റാഹേലമ്മ ചക്കോയുടെയും നാല് മക്കളിൽ ഇളയവനായി ജനിച്ച പാസ്റ്റർ കെ സി ജോൺ മുളക്കുഴ ഗവണ്മെന്റ് ഹൈ സ്കൂളിലും പിന്നീട് ചെങ്ങന്നൂർ ക്രിസ്ത്യൻ കോളേജിലുമായി പഠനം നടത്തി. കോളേജിൽ പഠിക്കുന്ന കാലത്ത് തന്നെ ക്രിസ്ത്യൻ വിദ്യാർത്ഥി സംഘടനയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. 1972 ൽ ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദ വിദ്യാർത്ഥി ആയിരിക്കുമ്പോൾ കർത്താവിന്റെ കല്പനയായ വിശ്വാസ സ്നാനം സ്വീകരിച്ചു.
ബിരുദ പഠനാന്തരം എവരി ഹോം ക്രൂസേഡിന്റെ പ്രവർത്തകനായി രാജസ്ഥാനിൽ പ്രവർത്തിച്ചു. രാജസ്ഥാനിലെ ബുന്ദി ജില്ലയിലെ ലാൽസോട്ടിൽ വച്ച് സുവിശേഷ വിരോധികളുടെ ക്രൂരമായ പീഡനത്തിന് ഇരയായിട്ടുണ്ട്. 1974 ൽ മുളക്കുഴ ഇന്ത്യ ദൈവസഭയുടെ അംഗമായി. അതിന് ശേഷംപൂനെ യൂണിയൻ ബിബ്ലിക്കൽ സെമിനാരിയിൽ ഇ യു വിദ്യാർത്ഥിയായി ചേർന്ന് തുടർന്ന് പഠിച്ചു. പഠനാന്തരം വീണ്ടും ഇ യു വിൽ ചേർന്ന് ചില മാസങ്ങൾ പ്രവർത്തിച്ചു. തുടർന്ന് മണക്കാല ഫെയ്‌ത്ത് തിയോളോജിക്കൽ അധ്യാപകനായി ചേർന്നു. അതിന്റെ തൊട്ടടുത്ത മാസം മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിലും കുമ്പനാട് ബെതേൽ ലേഡീസ് ബൈബിൾ സ്കൂളിലും അദ്ധ്യാപകനായി ചേർന്നു. 1978 ൽ മാതൃ സഭയായ മുളക്കുഴ സഭയുടെ ശുശ്രൂഷകനായി ചുമതലയേറ്റു. മൗണ്ട് സീയോനിലെ രജിസ്ട്രാറായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ : ഗിഫ്റ്റിജോൺ
മക്കൾ : സാം, സ്നേഹ, സജീവ്, സ്മിത, സെറിൻ.
സംസ്കാരം പിന്നീട്.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും, കുടുംബങ്ങളെയും, ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.