കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കി
കഴിഞ്ഞ അഞ്ച് ദിവസമായി ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായിരിക്കുകയാണ്.
തിരുവനന്തപുരം: മംഗലാപുരത്ത് മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ വഴിയുള്ള ട്രെയിനുകള്‍ റദ്ദാക്കി. ബുധനാഴ്ചത്തെ അഞ്ച് ട്രെയിന്‍ സര്‍വീസുകളാണ് റെയില്‍വേ റദ്ദാക്കി. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കൊങ്കണ്‍ പാത വഴിയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെയാണ് റെയില്‍വേയുടെ നടപടി.
തിരുവനന്തപുരം-ഹസ്രത് നിസാമുദീന്‍ സൂപ്പര്‍ഫാസ്റ്റ്, തിരുവനന്തപുരം-ഹസ്രത് നിസാമുദീന്‍ എക്‌സ്പ്രസ്, പുന-എറണാകുളം സൂപ്പര്‍ഫാസ്റ്റ് , എറണാകുളം- ഓഖ, തുരന്തോ എക്‌സ്പ്രസ്, എന്നിവയാണ് റദ്ദാക്കിയത്. വ്യാഴാഴ്ചത്തെ കൊച്ചുവേളി-ഭാവ്‌നഗര്‍ എക്‌സ്പ്രസ്, വെള്ളിയാഴ്ചത്തെ എറണാകുളം-പുന സൂപ്പര്‍ഫാസ്റ്റ്, കൊച്ചുവേളി-ഇന്‍ഡോര്‍, ശനിയാഴ്ചത്തെ തുരന്തോ എക്‌സപ്രസ് എന്നിവയും റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, നേത്രാവതി, മംഗള എക്‌സപ്രസ് എന്നിവ ഷൊര്‍ണൂര്‍, പോത്തന്നൂര്‍ വഴി ബുധനാഴ്ച സര്‍വീസ് നടത്തും. ബുധനാഴ്ച രാവിലെ പുറപ്പെടേണ്ട കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ് രാത്രി ഏഴിനാണ് സര്‍വീസ് നടത്തുകയെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഓഗസ്റ്റ് 23നാണ് കൊങ്കണ്‍ പാതയില്‍ മണ്ണിടിച്ചില്‍ ഉണ്ടായത്. കഴിഞ്ഞ അഞ്ച് ദിവസമായി ട്രെയിന്‍ സര്‍വീസുകള്‍ താറുമാറായിരിക്കുകയാണ്.