ഇന്ത്യന്‍ വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്ക്

0 761

ലണ്ടന്‍: ഇന്ത്യന്‍വംശജനായ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രി ആയേക്കും. മത്സരരംഗത്തുള്ള പെന്നി മൊര്‍ഡാന്റിന് ഇന്ന് വൈകീട്ടോടെ 100 എം.പി.മാരുടെ പിന്തുണ ലഭിച്ചില്ലെങ്കില്‍ തിരഞ്ഞെടുപ്പ് ഒഴിവാകുകയും ഋഷി പ്രധാനമന്ത്രിയാവുകയും ചെയ്യും. പിന്തുണ ലഭിച്ചാല്‍ തിരഞ്ഞെടുപ്പ് നടപടികളിലേക്ക് കാര്യങ്ങള്‍ നീങ്ങും

ഞായറാഴ്ചയാണ് ഋഷി ഔദ്യോഗികമായി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. സാമ്പത്തികരംഗത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഭരണകക്ഷിയായ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിയെ ഒരുമിപ്പിക്കാനും രാജ്യത്തെ നയിക്കാനും താന്‍ ആഗ്രഹിക്കുന്നുവെന്ന് സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രസ്താവനയില്‍ അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ടാല്‍ ഇന്ത്യന്‍വംശജനായ ആദ്യ ബ്രിട്ടീഷ് പ്രധാനമന്ത്രിയാകും പഞ്ചാബില്‍ വേരുകളുള്ള നാല്പത്തിരണ്ടുകാരനായ ഋഷി.

പാര്‍ലമെന്റില്‍ 357 അംഗങ്ങളാണ് കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്കുള്ളത്. ഇവരില്‍ 100 എം.പി.മാരുടെയെങ്കിലും പിന്തുണയുള്ള സ്ഥാര്‍ഥിക്കേ മത്സരിക്കാനാകൂ. ആദ്യംതന്നെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച പൊതുസഭാ നേതാവ് പെന്നി മോര്‍ഡന്റിന് നിലവില്‍ 29 എം.പി.മാരേ പരസ്യമായി പിന്തുണച്ചിട്ടുള്ളൂ. ഋഷിക്ക് 142 കണ്‍സര്‍വേറ്റിവ് എം.പി.മാരുടെ പിന്തുണയുണ്ട്.