താലിബാന്‍ അധിനിവേശത്തില്‍ പാക്ക് മതന്യൂനപക്ഷങ്ങള്‍ നേരിടാനിരിക്കുന്നത് കനത്ത വെല്ലുവിളി: ഷഹ്ബാസ് ഭട്ടിയുടെ സഹോദരന്‍ ഡോ. പോള്‍ ഭട്ടി

0 682

ഇസ്ലാമാബാദ്: താലിബാന്‍ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം ഏറ്റെടുത്തതിന്റെ അനന്തരഫലങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന രാഷ്ട്രങ്ങളില്‍ പാക്കിസ്ഥാനും ഉള്‍പ്പെടുന്നുണ്ടെന്നും, അതിന്റെ വില ഏറ്റവും കൊടുക്കേണ്ടി വരുന്നത് പാക്കിസ്ഥാനി മതന്യൂനപക്ഷങ്ങള്‍ക്കാണെന്നും ഡോ. പോള്‍ ഭട്ടി. ക്രൈസ്തവരുടെയും പാക്ക് മതന്യൂനപക്ഷങ്ങളുടെ വിശ്വാസ സംരക്ഷണത്തിനും ഭീകരവാദത്തിനുമെതിരെ പോരാടിയതിന്റെ പേരില്‍ ഇസ്ളാമിക തീവ്രവാദികള്‍ കൊലപ്പെടുത്തിയ പാക്കിസ്ഥാന്‍ മുന്‍ ന്യൂനപക്ഷ മന്ത്രി ഷഹ്ബാസ് ഭട്ടിയുടെ സഹോദരനാണ് ഡോ. പോള്‍ ഭട്ടി. പാക്കിസ്ഥാനില്‍ മതന്യൂനപക്ഷങ്ങള്‍ക്ക് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നും ഇപ്പോള്‍, ഭീകരവാദത്തിനെതിരെയുള്ള പോരാട്ടം എന്ന വ്യാജേന മതന്യൂനപക്ഷ സംരക്ഷണം പിന്‍സീറ്റിലാക്കി മാറ്റിയിരിക്കുകയാണെന്നും ഡോ. പോള്‍ ആരോപിച്ചു.

കഴിഞ്ഞ പത്തുവര്‍ഷങ്ങള്‍ക്കുള്ളില്‍ പാക്കിസ്ഥാനിലെ ക്രിസ്ത്യാനികള്‍ ഉള്‍പ്പെടുന്ന മത ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണങ്ങളില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മേഖലയിലെ നിലവിലെ സാഹചര്യം ആശങ്കാജനകമാണ്. ഇതിനോടകം തന്നെ പതിനഞ്ച് ലക്ഷത്തോളം അഫ്ഗാന്‍ അഭയാര്‍ത്ഥികള്‍ക്ക് പാക്കിസ്ഥാന്‍ അഭയം നല്‍കിക്കഴിഞ്ഞു. സമീപ ഭാവിയില്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സംഘര്‍ഷങ്ങളും ആക്രമണങ്ങളും ഉണ്ടാകുവാനുള്ള സാധ്യതയുണ്ട്. താലിബാന്റെ വിജയം ചില തീവ്രവാദി സംഘടനകള്‍ക്കും താലിബാന്റെ പാക്കിസ്ഥാന്‍ വിഭാഗമായ തെഹ്രീക്-ഇ-താലിബാന്‍ പാക്കിസ്ഥാനും ആവേശം പകരുന്നുണ്ട്.