ബിഹാറില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ക്രൈസ്തവ ബാലന്‍ അത്യാസന്ന നിലയിൽ

0 339

പാറ്റ്ന: ബിഹാറില്‍ ആസിഡ് ആക്രമണത്തിന് വിധേയനായ ക്രൈസ്തവ വിശ്വാസിയായ നിതീഷ് കുമാർ എന്ന പതിനാറുകാരന്റ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി റിപ്പോര്‍ട്ട്. കുട്ടി രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍. ഓഗസ്റ്റ് പതിനൊന്നാം തീയതി സാധനങ്ങൾ വാങ്ങാൻ ചന്തയിലേക്ക് പോകുന്ന വഴിക്കാണ് നിതീഷ് ആക്രമിക്കപ്പെട്ടത്. ഉടനെതന്നെ പാട്നയിലെ അപ്പോളോ ആശുപത്രിയിൽ എത്തിച്ച് ചികിത്സ ആരംഭിച്ചെങ്കിലും ആരോഗ്യ സ്ഥിതി കൂടുതൽ വഷളാകുകയായിരുന്നു. തീവ്ര ഹിന്ദുത്വവാദികളാണ് അക്രമത്തിന് പിന്നിലെന്ന് കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് ​മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രാണരക്ഷാര്‍ത്ഥം വീട്ടിലേക്ക് ഓടിയ നിതീഷിന് അക്രമികൾ വന്ന ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ സാധിച്ചില്ല. നിതീഷ് കുമാറിന്റെ ശരീരത്തിൽ 65% പൊള്ളലേറ്റിട്ടുണ്ട്. ഇതിൽ 15 ശതമാനം ആഴത്തിലുള്ളതാണ്. കുട്ടിയുടെ ശരീരത്തിലെ അവശേഷിക്കുന്ന തൊലി എടുത്ത് പൊള്ളലേറ്റ ഭാഗങ്ങളിൽ വച്ചുപിടിപ്പിക്കുക എന്നൊരു മാർഗമാണ് അവശേഷിക്കുന്നതെന്നും, എന്നാൽ പൊള്ളൽ ഏൽക്കാത്ത വളരെ കുറച്ച് ശരീരഭാഗങ്ങൾ മാത്രമേ ഉള്ളൂ എന്നത് വെല്ലുവിളിയാണെന്നും നിതീഷിനെ ചികിത്സിക്കുന്ന ഡോക്ടർ കെ. എൻ തിവാരി പറഞ്ഞു. ദേവാലയത്തിലെ ശുശ്രൂഷകള്‍ക്ക് വേണ്ടി സജീവമായി സഹകരിച്ചിരിന്ന ആളായിരുന്നു നിതീഷ് കുമാർ. എന്നാൽ ഇവരുടെ കുടുംബം കഴിയുന്ന പ്രദേശത്ത് ശക്തമായ ക്രൈസ്തവ വിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ടായിരിന്നുവെന്നാണ് റിപ്പോര്‍ട്ട്.

സംഭവം നടക്കുന്നതിന് ഒരു മാസം മുമ്പ് പ്രദേശത്തെ ക്രൈസ്തവ വിശ്വാസികളെ അവിടെനിന്ന് തുരത്തുമെന്ന് തീവ്ര ചിന്താഗതിയുള്ള ഏതാനും ഹിന്ദുത്വവാദികള്‍ മുന്നറിയിപ്പ് നൽകിയ കാര്യം നിതീഷിന്റെ സഹോദരനായ സഞ്ജീത്ത് കുമാർ മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസിനോട് വെളിപ്പെടുത്തി. മുന്നറിയിപ്പ് ലഭിച്ചിരുന്നെങ്കിലും വിശ്വാസം ഉപേക്ഷിക്കാൻ തങ്ങൾ സന്നദ്ധരല്ലായിരുന്നുവെന്നും സഞ്ജീത്ത് പറഞ്ഞു. ഇവരുടെ കുടുംബം രണ്ടു വർഷം മുമ്പാണ് ക്രൈസ്തവവിശ്വാസത്തിലേക്ക് കടന്നുവന്നത്. അമേരിക്ക ആസ്ഥാനമായ ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പത്താം സ്ഥാനത്താണ്.

Get real time updates directly on you device, subscribe now.

%d bloggers like this: