പോലീസുകാരിയെ തീവച്ചുകൊന്ന കേസ് , അജാസിനും അതേ വിധി മരണം ഇന്നലെ വൈകിട്ട്
സൗമ്യ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ഒപ്പം മരിക്കാന്‍ തുനിഞ്ഞ അജാസ് 60 ശതമാനത്തിലേറെ പൊള്ളലേറ്റു ചികിത്സയിലായിരുന്നു.
ആലപ്പുഴ: സി.പി.ഒ. സൗമ്യയെ ചുട്ടുകൊന്നശേഷം ജീവനൊടുക്കാന്‍ ശ്രമിക്കവേ ഗുരുതര പൊള്ളലേറ്റു ചികിത്സയില്‍ കഴിഞ്ഞ സുഹൃത്തായ പോലീസുകാരന്‍ അജാസും മരിച്ചു.
വള്ളികുന്നം പോലീസ് സ്‌റ്റേഷനിലെ വനിതാ സി.പി.ഒ സൗമ്യ പുഷ്‌പാകരനെ കൊലപ്പെടുത്തിയ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായിരുന്ന വാഴക്കാല കാക്കനാട് നെയ്‌വേലിവീട്ടില്‍ അജാസ്(33)ആണു ഇന്നലെ വൈകിട്ടോടെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചത്.
കഴിഞ്ഞ ശനിയാഴ്‌ച വൈകിട്ട് നാലിനാണ് വള്ളികുന്നം തെക്കേമുറി ഊപ്പന്‍വിളയില്‍ സജീവന്റെ ഭാര്യ സൗമ്യ(32)യെ വീടിനു സമീപം വെച്ച് കാറിടിച്ചു വീഴ്‌ത്തി വടിവാളിന് വെട്ടിവീഴ്‌ത്തിയശേഷം പെട്രോള്‍ ഒഴിച്ച് തീകത്തിച്ചത്. സൗമ്യ സംഭവസ്‌ഥലത്തു തന്നെ മരിച്ചു. ഒപ്പം മരിക്കാന്‍ തുനിഞ്ഞ അജാസ് 60 ശതമാനത്തിലേറെ പൊള്ളലേറ്റു ചികിത്സയിലായിരുന്നു. ആന്തരികാവയവങ്ങള്‍ തകരാറിലായിരുന്ന അജാസിന്റെ വൃക്കയുടെ പ്രവര്‍ത്തനവും ഭാഗികമായി നിലച്ചു. ഇതിനെത്തുടര്‍ന്ന് ഡയാലിസിസിന് വിധേയനാക്കാന്‍ ശ്രമിച്ചെങ്കിലും രക്‌തസമ്മര്‍ദ്ദമുയര്‍ന്നതു തടസമായി. ഇതിനിടെ അജാസിന് ന്യുമോണിയയും പിടിപെട്ടു. ഇതു ഹൃദയാഘാതത്തിലേക്ക് നയിക്കുകയായിരുന്നു. മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം ഇന്നുരാവിലെ 11 മണിയോടെ പോസ്‌റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.
പലതവണ വിവാഹഅഭ്യര്‍ഥന നടത്തിയെങ്കിലും സൗമ്യ നിരസിച്ചതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് അജാസ് മജിസ്‌ട്രേറ്റിന് മൊഴി നല്‍കിയിരുന്നു. സൗമ്യയെ കൊന്നശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യമെന്നും സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നുമാണ് അജാസിന്റെ മൊഴി. അജാസിന്റെ കബറടക്കം കാക്കനാട് വാഴക്കാലയിലെ പടമുകള്‍ ജുമാമസ്‌ജിദ് കബര്‍സ്‌ഥാനില്‍. പിതാവ്: ഹമീദ്, മാതാവ്:നസീറ. സഹോദരങ്ങള്‍: അനസ്, അനീസ.