ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു
രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിൽ ട്രസ് സാമ്പത്തിക വിപണിയിൽ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികൾ സ്വീകരിച്ചിരുന്നു
വിവാദങ്ങൾക്കൊടുവിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് രാജിവച്ചു. വെറും 45 ദിവസം മാത്രമാണ് അവർ പ്രധാനമന്ത്രി സ്ഥാനത്ത് ഇരുന്നത്. ട്രസ് രാജിവെക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇപ്പോഴാണ് ഔദ്യോഗികമായി ഇവർ രാജി പ്രഖ്യാപിച്ചത്. രാജിക്ക് ശേഷം ലിസ് ട്രസ് അവരുടെ പ്രതികരണം അറിയിച്ചിട്ടുണ്ട്.
“ഞാൻ തിരിച്ചറിയുന്നു, ഈ സാഹചര്യം കണക്കിലെടുത്ത് ജനവിധിക്ക് അനുസരിച്ച് നൽകാൻ എനിക്ക് കഴിയില്ല. ഞാൻ കൺസർവേറ്റീവ് പാർട്ടിയുടെ നേതാവ് സ്ഥാനം രാജിവെക്കുകയാണെന്ന് ചാൾസ് രാജാവിനെ അറിയിച്ചു” ട്രസ് രാജിക്ക് ശേഷം പ്രതികരിച്ചു.
രാഷ്ട്രീയ പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശ്രമത്തിൽ ട്രസ് സാമ്പത്തിക വിപണിയിൽ പ്രക്ഷുബ്ധത സൃഷ്ടിച്ച മിനി-ബജറ്റുമായി ബന്ധപ്പെട്ട് വിവാദ നടപടികൾ സ്വീകരിച്ചിരുന്നു. ഇതിനൊപ്പം ക്വാസി ക്വാർട്ടെങ്ങിനെ മാറ്റി കൺസർവേറ്റിവ് നേതാവ് ജെറമി ഹണ്ടിനെ ധനകാര്യ മന്ത്രിയായി നിയമിക്കുകയും ചെയ്‌തിരുന്നു. ഇതാണ് അവരുടെ രാജിയിലേക്ക് നയിച്ചത്.
പണപ്പെരുപ്പം കുതിച്ചുയരുന്ന ഈ സമയത്ത്, ഇത് മറികടക്കുന്നതിനുള്ള വിശദമായ ഫണ്ടിംഗ് പ്ലാനില്ലാതെ GBP 45 ബില്യൺ മൂല്യമുള്ള നികുതി വെട്ടിക്കുറവുകൾ നടപ്പാക്കിയത് യുകെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ തിരിച്ചടിയായിരുന്നു. അതേസമയം, താൻ ഒരു പോരാളിയാണെന്നും രാജിവയ്ക്കില്ലെന്നും ട്രസ് പാർലമെന്റിൽ കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ഇന്നവർ രാജി പ്രഖ്യാപിച്ചത്.