പത്തനംതിട്ട: മാര്‍ത്തോമ്മാ സഭാ വലിയ മെത്രാപ്പൊലിത്ത പത്മഭൂഷണ്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം (104) കാലം ചെയ്തു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കുമ്ബനാട്ടുള്ള മിഷന് ആശുപത്രിയിലായിരുന്നു വലിയ മെത്രാപ്പോലിത്ത വിശ്രമിച്ചിരുന്നത്.
ഭൗതിക ശരീരം അല്പ സമയത്തിനകം തിരുവല്ല അലക്സാണ്ടര്‍ മാര്‍ത്തോമ്മാ സ്മാരക ഹാളിലേക്കു മാറ്റും. കബറടക്കം നാളെ. ശാരീരിക ക്ഷീണത്തെ തുടര്‍ന്ന് വെള്ളിയാഴ്ച തിരുവല്ല ബിലീവേഴ്സ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത ചൊവ്വാഴ്ചയാണ് ആശുപത്രി വിട്ടത്.
ലോകത്തെ തന്നെ ഏറ്റവും പ്രായം കൂടിയ മെത്രാപ്പോലിത്തയായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം. ഏപ്രില്‍ 27നാണ് അദ്ദേഹത്തിന് 104 വയസ് തികഞ്ഞത്. സ്വത സിദ്ധമായ നര്‍മ്മത്തിലൂടെ തലമുറകളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ആത്മീയാചാര്യനെ രാജ്യം പത്മഭൂഷന്‍ നല്കി ആദരിച്ചിട്ടുണ്ട്.
കുമ്ബനാട് കലമണ്ണില്‍ കെ.ഇ ഉമ്മന്‍ കശീശയുടേയും ശോശാമ്മയുടെയും മകനായി 1918 ഏപ്രില്‍ 27ന് ജനിച്ചു. തിരുമേനിയുടെ ആദ്യനാമം ഫിലിപ്പ് ഉമ്മന്‍ എന്നാണ്. മാരാമണ്‍, കോഴഞ്ചേരി, ഇരവിപേരൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആലുവാ യുസി കോളേജിലെ ബിരുദ പഠനത്തിന് ശേഷം ബാംഗ്ലൂര്‍ യൂണിയന് തിയോളജിക്കല്‍ കോളേജ്, കാന്റര്‍ബറി സെന്റ്.അഗസ്റ്റിന് കോളേജ് എന്നിവിടങ്ങളില്‍ നിന്നും ദൈവശാസ്ത്ര വിദ്യാഭ്യാസം നടത്തി.
1953 മേയ് 23ന് മാര്‍ത്തോമ്മാ സഭയില്‍ എപ്പിസ്കോപ്പയായി അഭിഷിക്തനായി. 1999 മുതല്‍ 2007വരെ സഭയുടെ പരമാധ്യക്ഷനും. കേരളത്തിന്റെ ആത്മീയ-സാമൂഹിക മണ്ഡലത്തില്‍ എന്നും നിറഞ്ഞുനില്ക്കുന്ന, ദൈവത്തിന്റെ സ്വര്‍ണനാവിനുടമ എന്നറിയപ്പെടുന്ന വ്യക്തി കൂടിയായിരുന്നു ക്രിസോസ്റ്റം.
ആഴമേറിയ വിശ്വാസ പ്രമാണങ്ങള്‍ അത്രമേല്‍ സരസവും സരളവുമായി സാധാരണക്കാരിലേക്ക് എത്തിച്ച സന്യാസി വര്യനായിരുന്നു ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലിത്ത.