ലോകം അവരവരുടെ ഇടങ്ങളിലേക്ക് ചുരുക്കപ്പെടേണ്ടിവന്നത്, ലോകമൊന്നാകെ തുറന്നു വയ്കപ്പെടുന്ന ആഗോളികരണ കാലത്തെ ഏറ്റവും വലിയ സമസ്യകളിൽ ഒന്നാണ്. തുറന്ന വിപണി എന്നത് ലോകമെമ്പാടും അംഗീകരിച്ച് ഒരു സാമ്പത്തീക നയമായി മാറിയ കാലത്തിലാണ് ലോകം അതിവേഗം വ്യക്തികളിലേക്ക് ചുരുക്കപ്പെട്ടത്.
ഇതുവരെ ദേശ രാഷ്ട്ര അതിർ വരമ്പുകൾ ഇല്ലാതെ വിപണി നിയന്ത്രിക്കുന്ന ഒരു ലോകക്രമത്തിന് വേണ്ടിയാണ് ലോകം ശ്രമിച്ചു കൊണ്ടിരിക്കുന്നത്.
ഇത്തരം ശ്രമങ്ങൾക്കാണ് ഇപ്പൊൾ നിയന്ത്രണം ഉണ്ടാകുന്നത്. ഈ മഹാമാരി ഉണ്ടാക്കുന്ന പ്രതിസന്ധികളെ കുറിച്ച് നിരവധി പഠനങ്ങളും വിലയിരുത്തലുകളും വന്നു കഴിഞ്ഞു. കോവിടാനന്തര ലോകം ‘ഏക ലോകം, ഏകാരോഗ്യം’ എന്ന ആശയത്തിലേക്ക് പ്രവേശിക്കുമെന്നാണ് വിദഗ്ദരുടെ അഭിപ്രായം. പഴയ ശൈലികളെ തടസപ്പെടുത്തുകയും പുതിയ ശൈലികളെ പരിചയപെടുത്തുകയും ചെയ്യുന്ന നവസാധാരണത /നവസാമാന്യത ( New normal) മാനവരാശി സ്വീകരിക്കുകയും അവ പൊതു മാനദണ്ഡമായി അംഗീകരിച്ചിരിക്കുകയും ചെയ്യുന്ന ഒരു സമയാണിത്.
മഹാമാരീയുടെ രാഷ്ട്രീയം ഭരണകൂടങ്ങളെയും സൈനീക സഖ്യങ്ങളെയും കമ്പോളത്തെയും കുടുംബ ബന്ധങ്ങളുടെയും രാഷ്ട്രീയ ചേരികളെയും എങ്ങനെ സ്വാധിനിക്കുന്നു എന്ന് ഇന്ന് ലോകത്തിലെ ഏറ്റവും വൈപുല്യവും പ്രശസ്തിയുമൂള്ള തത്വചിന്തകനും സാംസ്കാരിക സൈദ്ധാന്തികനൂമായ സ്ലാവോയ് സിസെക് നിരീക്ഷിച്ചിട്ടുണ്ട്. ലോകം കൊവിട് മഹാമാരിയിൽ തൂത്തുവാരപെടുമ്പോൾ അതിൻ്റെ ആന്തരാർത്ഥങ്ങളും വിരോധാഭാസങ്ങളും വൈരുധ്യങ്ങളും വിലയിരുത്തുമ്പോൾ,ശുചിമുറിക്കടലാസുകൾ രതന്ങ്ങളെക്കൾ വിലപിടിപ്പുള്ളതാകുമ്പോൾ ലോകമാസകലമുള്ള പ്രാകൃതത്വത്തിനും ഭരണകൂടാധിനിവേശത്തിനും എതിരെ ഒരു പുതിയ സമൂഹം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തപ്പെടുന്നൂ.മഹാമാരി ഉണ്ടാക്കിയ അധികാരകേന്ദ്രീകരണം സർക്കാർ സംവിധാനങ്ങളെ അപ്രസക്തമാക്കിക്കൊണ്ട് ഭരണാധികാരിക്ക് കിട്ടുന്ന വ്യക്തി പരമായ അംഗീകാരവും വർത്തമാന മുതലാളിത്തത്തിൻ്റെ സൃഷ്ടിയാണ്. മഹാമാരി പൗരന് വലിയ തോതിലുള്ള ഭീഷണിയാണ് സൃഷ്ടിക്കുന്നത്.
ജനാധിപത്യത്തെ വ്യക്തി കേന്ദ്രീകൃതമാക്കുന്നതോടെ ജനാധിപത്യ സംവിധാനത്തിൽ പൗരന് സർക്കാർ നൽകുന്ന സാമൂഹിക സുരക്ഷിതത്വം പോലും സർക്കാരിൻ്റെ അധികാരത്തെ നിർണയിക്കുന്നതായി മാറും. അതുകൊണ്ടാണ് അരിവിതരണവും രോഗപ്രതിരോധവും ആഘോഷമാകുന്നതും സർക്കാരിനെ ദൈവതൂല്യമായ ചോദ്യം ചെയ്യപ്പെടാനാകാത്ത ശക്തിയായി അവതരിപ്പിക്കപ്പെടുന്നതും. ഇതൊക്കെ അവകാശമാണ് മറിച്ച് ഔദാര്യമല്ല എന്ന തിരിച്ചറിവ് ഉണ്ടാകാത്തവിധം ജനാധിപത്യവും ചിന്താശേഷിയും വിമർശന ബുദ്ധിയും അപ്രസക്തമായിരിക്കും.പൊളിറ്റിക്കൽ ജഡ്ജ്മെൻ്റിന് അസാധ്യമാകുംവിധം വ്യക്തിസമ്മർദ്ദങ്ങളിലേക്കും ജീവഭയത്തിലേക്കും കുടുംബ സുരക്ഷയിലെക്കും പൗരൻ ചുരുങ്ങി മാറിക്കഴിയും.
മഹാമാരിക്ക് ശേഷമുള്ള സാമ്പത്തീക ക്രമത്തിൽ പൗരനായിരിക്കില്ല പ്രാധാന്യം പകരം മൂലധനത്തിനും അതിൻ്റെ വളർച്ചയ്ക്കും ആയിരിക്കും. മഹാമാരി ഉണ്ടാക്കുന്ന തൊഴിൽ നഷ്ടങ്ങളും സാമ്പത്തീക അസമത്വങ്ങളും ഉടനൊന്നും പരിഹരിക്കപ്പെടീല്ല. സൗജന്യ റേഷനും പണ സഹായത്തിനും താൽക്കാലിക സംരക്ഷണം നൽകാനേ കഴിയൂ.ആഘാതത്തെ അതിജീവിക്കാൻ നീണ്ടകാലം കാത്തിരിക്കേണ്ടി വരും.
ദാരിദ്ര്യത്തെ അഡ്രസ്സ് ചെയ്തും വികസന ജനാധിപത്യത്തെയും വികസന സാമ്പത്തീക ശാസ്ത്രത്തെയും ഉയർത്തിപിടിച്ചും ജനങ്ങളുടെ ക്രയശേഷി വർദ്ധിപ്പിക്കുക എന്ന ആശയം നടപ്പിലാക്കുകയാണ് വേണ്ടത്.
കോവിടാനന്തര ലോകം പഴയതിൻെറ തുടർച്ച ആവില്ല. ഘടനാപരമായി പൂന:ക്രമീകരിക്കപ്പെട്ട സാമൂഹിക ക്രമം ആയിരിക്കും. രോഗം മാറിയാലും തന്ത്രങ്ങൾ തുടരും. അതോറിറ്റേറിയൻ സ്റ്റേറ്റ് ശക്തിപെടുകയും ജനങ്ങളെ നിയന്ത്രിക്കാനുള്ള സമ്മർദ്ദം ഭരണകൂടത്തിന് കൂടുതൽ കിട്ടുകയും ചെയ്യുന്നു.ബന്ധങ്ങളും കൂട്ടായ്മകളും തകരുകയും പകരം ഏകാധിപത്യ പരീക്ഷണങ്ങൾക്ക് ശക്തി കൂടുകയും ചെയ്യും. സർവലൈൻസിന് സാർവത്രിക അംഗീകാരം കിട്ടുന്നു. ലോകത്തിൻ്റെ ചലനക്രമത്തെ നിശ്ചലമാക്കി, അതിർത്തി പൂട്ടിയും ഉൾവലിഞും മൂലധനത്തെ ശക്തിപ്പെടുതിയും തീവ്ര ദേശീയത ആളിക്കത്തിച്ചും വൈറസ് അതിൻ്റെ വകഭേദം വെളിപ്പെടുത്തിക്കൊണ്ടിരിക്കും.
മതാത്മക വിശ്വാസ ജീവിതത്തിൻ്റെ താളം തെറ്റിക്കുകയും ആത്മീക ആചാരാനുഷ്ഠാനങ്ങൾ താറുമാറാക്കുകയും ചെയ്ത മഹാമാരി ആക്കൂട്ട പ്രാർത്ഥനയെ കുടുംബത്തിലോതുക്കി. മിഥ്യാ ധാരണകൾ നിരർത്ഥകമാണെന്ന് ബോധ്യപ്പെട്ടു. ആൾദൈവങ്ങൾ കൂട്ടിൽ ഒളിച്ചു. ഏറ്റവും ‘നെഗറ്റീവ് ‘ആയ വാക്ക് ‘പോസിറ്റീവ് ‘എന്നായിരിക്കുന്നു.
ഗാനമേളയല്ല ആരാധന, സിമൻ്റ് പന്തൽ അല്ല സഭ, ഇവൻ്റ് മാനേജ്മെൻ്റ്കാരുടെ കമ്പോള മത്സരം അല്ല കല്യാണം എന്നുള്ള തിരിച്ചറിവുകൾ….
നിശ്ശബ്ദ സംസ്കാരം, മണ്ണ്, കൃഷി ഇവയിലേക്കുള്ള തിരിച്ചുപോക്ക്..
അകമഴിഞ്ഞ് സ്നേഹിച്ചവർക്ക് അന്ത്യ ചുംബനം പോലും കൊടുക്കാൻ കഴിയാതെ അകലെ നിന്ന് ആരും കാണാതെ അലറികരയാൻ മാത്രം വിധിക്കപ്പെട്ട നിസ്സാര മനുഷ്യൻ്റെ അവസ്ഥ…
ജീവിതം ഡിജിറ്റലാകുമ്പോൾ… മഹാമാരിയിൽ ലോകം ചുരുങ്ങി ചെറുതാകുമ്പോൾ… മാർട്ടിൻ ലൂഥർ കിംഗ് പണ്ട് പറഞ്ഞതുപോലെ ” നമ്മളെല്ലാം വിവിധ കപ്പലുകളിൽ വന്നവരായിരിക്കാം, പക്ഷേ, നമ്മളിപ്പോൾ ഒരേ തോണിയിലാണ്”.
പ്രത്യയശാസ്ത്രങ്ങളുടെ സുഷമജീവി, വൈറസ് ഇനി എന്തൊക്കെ വകഭേദം കാണിക്കും…ആർക്കറിയാം