കൊവിഡ്-19: 24 മണിക്കൂറിനിടെ 12 പേര്‍ മരിച്ചു, രാജ്യത്ത് ആകെ മരണം 50; സ്ഥിരീകരിച്ചവര്‍ 1965

ഏറ്റവും കൂടുതല്‍ മരണം മഹാരാഷ്ട്രയിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്

0 842

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 50 ആയി. മണിക്കൂറിനിടെ 12 പേരാണ് മരണത്തിന് കീഴടങ്ങിയത്. രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1965 ആയി.

മഹാരാഷ്ട്രയില്‍ 16 ഉം ആന്ധ്രാ പ്രദേശില്‍ 43 ഉം രാജസ്ഥാനില്‍ 13 പേര്‍ക്കും പുതിയതായി രോഗം സ്ഥിരീകരിച്ചു. അസമില്‍ 5 പേര്‍ക്കും കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 335 കടന്നു.

ഡല്‍ഹിയില്‍ സഫ്ദര്‍ജങ്ങ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും സര്‍ക്കാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഡോക്ടര്‍ക്കുമടക്കം 6 ഡോക്ടര്‍മാര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്ത് ഇതുവരെ 47,951 പേരുടെ സാമ്ബിളുകള്‍ 126 ലാബുകളിലായി പരിശോധിച്ചു. 132 പേര്‍ സുഖം ഭേദമായി വിവിധ ആശുപത്രികളില്‍ നിന്ന് മടങ്ങി. ഇന്നലെ മാത്രം 437 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. നിസാമുദ്ദീനിലെ മര്‍കസ് കേന്ദ്രത്തില്‍ നിന്നും മടങ്ങിയവരിലെ രോഗബാധയാണ് കൊവിഡ് കേസുകള്‍ കൂടാന്‍ ഇടയാക്കുന്നതെന്ന് ഇന്നലെ ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു.നിസാമുദ്ദീനില്‍ നിന്ന് മടങ്ങി എത്തിയവരില്‍ മാത്രം 190 പേര്‍ക്കാണ് തമിഴ്നാട്ടില്‍ വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ട് ദിവസത്തിനുള്ളില്‍ 200 ലധികം പേര്‍ക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്. കോയമ്ബത്തൂരിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതിനിടെ, പ്രധാനമന്ത്രി വിളിച്ച മുഖ്യമന്ത്രിമാരുടെ യോഗം വീഡിയോ കോണ്‍ഫറന്‍സ് വഴി ഇന്ന് ചേരും. കൊവിഡ് 19 യുമായി ബന്ധപ്പെട്ട് വിദേശ സംഭാവനകള്‍ സ്വീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.