തിരുവല്ലയില്‍ കെഎസ്ആര്‍ടിസി ബസും കാറും തമ്മില്‍ കൂട്ടിയിടിച്ചു; നാല് കാര്‍ യാത്രക്കാര്‍ മരിച്ചു
അപകടത്തിൽപ്പെട്ട കാറിന് തീ പിടിച്ചു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ അഗ്നിശമന ഉപകരണം പൊട്ടിത്തെറിച്ച് അരുൺ എന്ന യുവാവിന് മുഖത്ത് പൊള്ളലേറ്റു. ഇയാളെ പുഷ്പഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിരുവല്ല – കുമ്പഴ സംസ്ഥാന പാതയിൽ കുമ്പനാട് കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് നാല് യുവാക്കള്‍ മരിച്ചു. ഇരവിപേരൂര്‍ സ്വദേശികളായ വാക്കേമണ്ണില്‍ ബെന്‍ ഉമ്മന്‍ തോമസ് (27), മംഗലശേരില്‍ ജോബി (36), തറവേലില്‍ അനൂപ് എസ്. പണിക്കര്‍(25), അനില്‍ (40) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം. അമിതവേഗത്തിലെത്തിയ കാര്‍ ബസിലേക്ക് ഇടിച്ചു കയറി നിയന്ത്രണംവിടുകയായിരുന്നുവെന്ന് പറയുന്നു. അപകടത്തേ തുടര്‍ന്ന് നിശേഷം തകര്‍ന്ന കാറില്‍ കുടുങ്ങിയവരെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. തിരുവല്ലയില്‍ നിന്ന് അഗ്‌നിരക്ഷസേന എത്തിയാണ് ആളുകളെ പുറത്തെടുത്തത്. അപ്പോഴേക്കും മൂന്നുപേര്‍ മരിച്ചിരുന്നു. ഗുരുതര പരിക്കുകളോടെ അനിലിനെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനിടെ പരിക്കേറ്റ നാരങ്ങാനം മാവുങ്കല്‍ അരുണ്‍കുമാറിനെ (24)യും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖത്തു സാരമായി പരിക്കേറ്റ നിലയിലാണ് അരുണ്‍കുമാറിനെ പുഷ്പഗിരിയിലെത്തിച്ചത്. കാറിലുണ്ടായിരുന്ന ഇരവിപേരൂര്‍ സ്വദേശി തറവേലില്‍ അനീഷിനെ (38) ഗുരുതര പരിക്കുകളോടെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.