കൊറോണ: മുംബൈ സ്വകാര്യ ആശുപത്രിയിലെ മലയാളി നഴ്‌സിന്റെ നില ഗുരുതരം
മുംബൈയില്‍ 40 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ്; ആശുപത്രി അടച്ചിട്ടു
മുംബൈ: കൊറോണ ബാധിച്ച് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മലയാളി നഴ്‌സിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ടുകള്‍. ഇവരെ ബാന്ദ്രയിലെ ലീലാവതി ആശുപത്രിയിലേക്ക് മാറ്റി.
മുംബൈ സെന്‍ട്രലിലെ വോക്കാഡെ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യം രോഗം സ്ഥിരീകരിച്ച നഴ്‌സിനെ ക്വാറന്റൈന്‍ ചെയ്യാന്‍ ആശുപത്രി മാനേജ്‌മെന്റ് തയ്യാറായില്ലെന്ന് യു.എന്‍.എ പ്രതിനിധി ജിബിന്‍ ആരോപിച്ചു. ഇതാണ് കൂടുതല്‍ പേരിലേക്ക് പടരാന്‍ കാരണമായത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ വൈറസ് വ്യാപനം ഉണ്ടായതോടെ ആശുപത്രി അടച്ചുപൂട്ടി
മുംബൈ സെന്‍ട്രലിലെ ആശുപത്രിയിലെ 150 ലധികം നഴ്സുമാരെ നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. ആകെ 51 പേര്‍ക്കാണ് ആശുപത്രിയില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ 40 പേരും മലയാളി നഴ്സുമാരാണ്.
നേരത്തെ മൂന്നു രോഗികള്‍ ഇവിടെ ചികിത്സയിലിരിക്കെ കൊറോണ ബാധിച്ചു മരിച്ചു.
ഇവരില്‍ നിന്നാകാം ആരോഗ്യ പ്രവര്‍ത്തകരിലേക്ക് രോഗം പകര്‍ന്നതെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ്.
ആദ്യം ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. മറ്റ് നഴ്സുമാരിലും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആശുപത്രിയിലെ 40 മലയാളി നഴ്സുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയിലെ സര്‍ജന്‍ ആയ ഒരു ഡോക്ടര്‍ക്കും നേരത്തെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇദ്ദേഹം ധാരാവിയില്‍ താമസിക്കുന്ന വ്യക്തിയാണ്. ആശുപത്രിയിലാകെ മുന്നൂറോളം നഴ്സുമാരാണ്, ഇതില്‍ 200 ലധികവും മലയാളി നഴ്സുമാരാണ്.