97 -ാ മത് കുമ്പനാട് കൺവൻഷൻ ജനുവരി 17 ന് (നാളെ) ആരംഭിക്കും

0 439

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്തു ദൈവസഭയുടെ 97 -ാമതു ജനറൽ കൺവൻഷൻ (കുമ്പനാട് കൺവൻഷൻ ) ജനുവരി 17 നാളെ ആരംഭിക്കും. 24 ന് സമാപിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്തു സംഗമമാണിത്. ദിവസവും വൈകിട്ട് 7 മുതൽ 9.30 വരെയാണ് യോഗങ്ങൾ. സഭാ ജനറൽ പ്രസിഡന്റ് റവ. ഡോ. വത്സൻ ഏബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്റ്റർ സാം ജോർജ് അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ സണ്ണി കുര്യൻ, ജോൺ കെ. മാത്യു, കെ. ജോയി, രാജു ആനിക്കാട്, ടി.ഡി ബാബു, കെ. ജെ. തോമസ്, എം.പി. ജോർജ്ജുകുട്ടി, ഷാജി ദാനിയേൽ, തോമസ് ഫിലിപ്പ്, ജേക്കബ് മാത്യു, പി.ജെ തോമസ്, സാബു വർഗീസ്, വർഗീസ് ഏബ്രഹാം, ഫിലിപ്പ് പി. തോമസ്, കെ.സി ജോൺ, ഷിബു തോമസ്, തോംസൺ കെ. മാത്യു, വിൽസൺ ജോസഫ്, ബാബു ചെറിയാൻ എന്നിവരാണ് പ്രസംഗകർ.
ദൈവത്തിന്റെ പുതുവഴികൾ (യെശയ്യാവ് 43:19) എന്നതാണ് ചിന്താവിഷയം. കോവിഡ്- 19 കാരണം വിദേശരാജ്യങ്ങളിൽ നിന്നും, മറ്റു സംസ്ഥാനങ്ങളിൽ നിന്നും വിശ്വാസികൾക്ക് വന്നെത്തുവാൻ ബുദ്ധിമുട്ടുള്ളതിനാലും വലിയ ഒത്തുചേരൽ സാദ്ധ്യമല്ലാത്തതിനാലും വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയ സംപ്രേഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ എന്ന് പബ്ലിസിറ്റി കൺവീനർ പാസ്റ്റർ വർഗീസ് മത്തായി, ജോയിന്റ് കൺവീനർ രാജൻ ആര്യപ്പള്ളി എന്നിവർ അറിയിച്ചു .
രണ്ടുലക്ഷം ആളുകൾ വീതം കൺവൻഷന്റെ ഓരോ സമ്മേളനവും വിവിധ ദൃശ്യമാധ്യമങ്ങളിലൂടെ തത്സമയം വീക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സംഘാടകർ അറിയിച്ചു.