ഒരു പ്രവാചകിയുടെ കനൽ വഴികളിലൂടെ..ലില്ലിക്കുട്ടി ചാക്കോ- ഒരു അനുസ്മരണം.

വേദന സഹിക്കാൻ വയ്യാത്ത അവസ്ഥയിൽപ്പോലും തന്നെ കാണാൻ വരുന്ന സഹ വിശ്വാസികളോട് നഷ്ടപ്പെടുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരം പങ്കു വയ്ക്കുകയായിരുന്നു.

0 1,855

ആ കണ്ണുകളിൽ ഒരു സ്ത്രീയുടെ കരളുറപ്പിൻറെ, പോരാട്ടത്തിൻറെ, ചെറുത്തുനില്പിൻന്റെ, ഗാംഭീര്യം നിഴലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു.

രാജേഷ് കുമാർ മസ്‌ക്കറ്റ് പ്രതിനിധി

യിസ്രായേലിനെ ന്യായപാലനം ചെയ്‌തിരുന്ന ദൈവത്തിന്റെ പ്രവാചകിയായിരുന്നു ലാപ്പിദോത്തിൻറെ ഭാര്യയായ ദെബോര. യിസ്രായേൽ മക്കൾ ന്യായവിസ്താരത്തിന് ദബോരയുടെ അടുക്കൽ പോകുക പതിവായിരുന്നു. ന്യായാധിപന്മാരുടെ പുസ്തകം 4 ഉം 5 ഉം അദ്ധ്യായങ്ങളിൽ വളരെ വിശദമായിത്തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.
ഇപ്പോൾ ദെബോരയെ കുറിച്ച് എഴുതാൻ കാരണം ഒരു വർഷം മുമ്പ് കർത്താവിൽ നിദ്രപ്രാപിച്ച ലില്ലിക്കുട്ടി ചാക്കോ എന്ന അമ്മച്ചിയെക്കുറിച്ച് ഓർത്തപ്പോഴാണ്.
പത്തനംതിട്ട ജില്ലയിൽ മല്ലപ്പള്ളിയ്ക്കടുത്ത് ചെങ്ങരൂർ സ്വദേശിയും പരേതനായ പോത്തൻ വർഗീസിന്റെയും സാറാമ്മ വർഗീസിന്റെയും മകളും പരേതനായ കെ.. എം. ചാക്കോയുടെ ഭാര്യയും ആയ ലില്ലിക്കുട്ടി ചാക്കോ 2018 ഒക്ടോബർ 9 നായിരുന്നു ദീർഘ കാലമായി അനുഭവിച്ച വേദനയിൽ നിന്നും നിത്യതയിൽ വിളിച്ചു ചേർക്കപ്പെട്ടത്. തൻ്റെ 32 ആം വയസ്സിൽ വിധവയാകേണ്ടി വന്നവൾ. ഭർത്താവിന്റെ വിയോഗ ശേഷം തൻ്റെ രണ്ട് പെണ്മക്കളെയും മാർവ്വോട് ചേർത്ത് പിടിച്ചു ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ കൂരയ്ക്കുള്ളിൽ അവർ വസിച്ചു. കൊടും പട്ടിണിയിലും ആരേയും ഒന്നുമറിയിക്കാതെ ഉറച്ച ദൈവീക വിശ്വാസത്തിലും പ്രാർത്ഥനയിലും അവർ കഴിഞ്ഞു. കോരിച്ചൊരിയുന്ന പെരുമഴയത്ത് ചോർന്നൊലിക്കുന്ന തൻ്റെ കൂരയ്‌ക്കുളളിൽ രണ്ട് പെൺമക്കളെയും (പിങ്കിയും ക്രിസ്റ്റിയും) നെഞ്ചോട് ചേർത്തു രാത്രിയുടെ ഏകാന്തതയിൽ പൊട്ടിക്കരഞ്ഞു കൊണ്ട് ദൈവത്തോട് യാചിച്ചിരുന്ന നിമിഷങ്ങൾ അമ്മച്ചി എന്നോട് പങ്കു വച്ചിട്ടുണ്ട്. അതൊക്കെ വിവരിക്കുമ്പോൾ തൻ്റെ കണ്ണിലെ തീക്ഷ്ണത ഇന്നും മായാതെ നിൽക്കുന്നു. ആ കണ്ണുകളിൽ ഒരു സ്ത്രീയുടെ കരളുറപ്പിൻറെ, പോരാട്ടത്തിൻറെ, ചെറുത്തുനില്പിൻന്റെ, ഗാംഭീര്യം നിഴലിച്ചു നിൽക്കുന്നത് ഞാൻ കണ്ടു. തന്റെ വസ്‌തുവിന്റെ അതിരിൽ പാറ പൊട്ടിക്കാൻ ചിലർ ശ്രമിച്ചപ്പോൾ ജില്ലാ കളക്ടറെ പോയി കണ്ടിട്ട് അതിന് സ്റ്റേ ഓർഡർ വാങ്ങുകയും ആ ശ്രമത്തെ തടയുകയും ചെയ്തത് താൻ ജീവിതത്തിൽ വളരെ ധൈര്യവതിയായിരുന്നു എന്നതിൻറെ ഒരു ചെറിയ ഒരു ഉദാഹരണം മാത്രമാണ് .
സഭാ വ്യത്യാസവുമില്ലാതെ, ജാതി- മത ഭേദമില്ലാതെ, ദൈവത്തിൻറെ സത്യ സുവിശേഷം അറിയിക്കുന്നതിൽ വളരെ ഉത്സുകയായിരുന്നു പ്രിയ അമ്മച്ചി. മിക്ക വീടുകളിലും പോയി അനേകദിവസം ആ വീട്ടുകാരോടൊപ്പം ആ ഭവനത്തിൻ്റെ അനുഗ്രഹത്തിനായി ഉപവസിച്ചു പ്രാർത്ഥിക്കുന്ന സ്വഭാവം പ്രിയ അമ്മച്ചിക്കുണ്ടായിരുന്നു. പലർക്കും കടന്നു ചെല്ലാൻ പോലും കഴിയാത്ത സ്ഥലങ്ങളിൽ പോലും കടന്നു ചെല്ലുവാനും അവരോട് സുവിശേഷം പറയുവാനും അമ്മച്ചിക്കുണ്ടായിരുന്ന പ്രത്യേക കഴിവ് എടുത്തു പറയേണ്ടത് തന്നെയാണ്. അതുപോലെ തന്നെ ഭവനങ്ങൾ കയറിയിറങ്ങി ട്രാക്ടും സുവിശേഷ പ്രതികളും കൊടുക്കുകയും രോഗികൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയ്യും ചെയ്യുമായിരുന്നു.

സുവിശേഷ വേലയിൽ നിരവധി ആത്മാക്കളെ നേടുകയും അനേകരെ അഭിഷിക്തരാക്കുകയും ചെയ്തിട്ടുണ്ട്. പരസ്യയോഗങ്ങൾ സംഘടിപ്പിക്കുവാനും അതിന് നേതൃത്വം നല്കുവാനും എന്നും ഒരു പ്രത്യേക കഴിവ് അവർക്കുണ്ടായിരുന്നു. ഖത്തർ, ഒമാൻ തുടങ്ങിയ വിദേശ രാജ്യങ്ങളിൽ സുവിശേഷ വേലയ്ക്കായി പോയിട്ടുണ്ടെങ്കിലും ഒരിക്കലും ധന സമ്പാദനമായിരുന്നില്ല ലക്ഷ്യം. പണം മോഹിച്ചു കൊണ്ട് സുവിശേഷ വേലയ്ക്കിറങ്ങിയ ഒരാളായിരുന്നില്ല അവർ. തനിയ്ക്ക് ദശാംശമായി ലഭിക്കുന്ന തുക പാവങ്ങൾക്കും തന്നെ കാണാൻ വീട്ടിലെത്തുന്ന വിശ്വാസികൾക്കും വഴിച്ചിലവിനായി നല്കുന്ന ഒരു നല്ല ദൈവദാസി ആയിരുന്നു അവർ. ജീവിതത്തിൽ ഭൗതികമായി ഒന്നും നേടിയിട്ടില്ലെങ്കിലും ദൈവസന്നിധിയിൽ എല്ലാം തികഞ്ഞ ഒരു നല്ല വിശ്വാസി. എന്നാൽ നമ്മുടെ സമൂഹത്തിൽ ഇങ്ങനെയുള്ള സുവിശേഷകർ ചുരുക്കമല്ലേ? ഉള്ളവരെ തന്നെ എത്ര പേർക്കറിയാം? നാം അവരെ കണ്ടെത്തേണ്ടിയിരിയ്ക്കുന്നു.

1990 ലാണ് ഐ.പി.സി. പൂവത്തൂർ സഭയിൽ അമ്മച്ചിയും രണ്ട് പെണ്കുഞ്ഞുങ്ങളും എത്തുന്നത്. ഏതാണ്ട് നാല് കിലോമീറ്ററോളം കാൽനടയായാണ് അവർ അതിരാവിലെ നടക്കുന്ന സൺഡേസ്‌കൂളിൽ കൂടി സംബന്ധിക്കേണ്ടതിന് എത്തിയിരുന്നത്. സഭയിൽ സൺഡേസ്‌കൂളിലെ ഏതെങ്കിലും അദ്ധ്യാപകർ ക്‌ളാസ്സെടുക്കാൻ വന്നില്ലെങ്കിൽ ആ ക്ലാസിൽ ദൈവ വചനം പഠിപ്പിക്കാൻ താൻ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

സഭയിൽ ചേർന്നത് മുതൽ അമ്മച്ചിക്ക് തീരെ സുഖമില്ലാത്ത അവസ്ഥയിൽ ആകുന്നത് വരെ സഭയിലെ ഒട്ടുമിക്ക മീറ്റിങ്ങുകളിലും സംബന്ധിച്ചിരുന്നുവെന്ന് സഭയിലെ സഹ വിശ്വാസികൾ ഓർത്തെടുക്കുന്നു.
തൻ്റെ കഷ്ടതയുടെ മദ്ധ്യത്തിൽ– സഹിക്കാൻ കഴിയാത്ത വേദനയുടെ അനുഭവത്തിലും തന്നെ കാണുവാൻ എത്തുന്നവരെ ആശ്വസിപ്പിക്കുന്ന അസാധാരണമായ ഒരു ദൈവശക്തി അമ്മച്ചിയിൽ വ്യാപരിച്ചിരുന്നു. ശക്ത്തമായ ഒരു സുവിശേഷ വാഞ്ഛ- ആരെ കണ്ടാലും സുവിശേഷം അറിയിക്കുന്ന- ഒരു പാസ്റ്റർക്ക് ചെയ്യുവാൻ കഴിയുന്നതിലപ്പുറം അമ്മച്ചി തൻ്റെ ചെറിയ ജീവിതത്തിൽ ചെയ്തെടുത്തു. കണ്ണുനീരൊഴുക്കി പ്രാർത്ഥിച്ചു, അനേക ആത്മാക്കളെ നേടി, ദൈവരാജ്യത്തിൻ്റെ കെട്ടുപണിക്കായി വിശ്രമമില്ലാതെ ഓടി. വേദന സഹിക്കാൻ വയ്യാത്ത അവസ്ഥയിൽപ്പോലും തന്നെ കാണാൻ വരുന്ന സഹ വിശ്വാസികളോട് നഷ്ടപ്പെടുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരം പങ്കു വയ്ക്കുകയായിരുന്നു.

കർത്താവ് താൻ ഗംഭീര നാദത്തോടും പ്രധാന ദൂതൻറെ ശബ്ദത്തോടും ദൈവത്തിൻ്റെ കാഹളത്തോടും കൂടെ സ്വർഗ്ഗത്തിൽ നിന്നിറങ്ങി വരികയും ക്രിസ്തുവിൽ മരിച്ചവർ ഉയർത്തെഴുന്നേൽക്കുകയും ചെയ്യും.
തീർച്ചയായും ക്രിസ്‍തുവിൽ മരിച്ച പ്രിയ അമ്മച്ചിയെ വിശുദ്ധന്മാർ ഉയിർക്കുന്ന പൊൻ പുലരിയിൽ വീണ്ടും കാണാം എന്ന പ്രത്യാശയോടെ,

രാജേഷ് കുമാർ, മസ്‌ക്കറ്റ്.