പാപം പൂരിപ്പിക്കുന്നവർ

0 1,376

വേദപണ്ഡിതനും ക്രിസ്തീയ സാഹിത്യകാരനും സുവിശേഷ പ്രസംഗകനുമാണ് ലേഖകൻ

പാസ്റ്റർ വി. ഓ. വർഗീസ് ചെയർമാൻ, കർമ്മേൽ മീഡിയാ വിഷൻ

പാപം പൂരിപ്പിക്കുന്നവർ

ഭാവനാത്മകമായി പറഞ്ഞാൽ, നമ്മുടെ ഓരോരുത്തരുടെയും പേരുകൾ എഴുതി വച്ചിട്ടുള്ള ചില പാത്രങ്ങൾ/ തുരുത്തികൾ/ കുടങ്ങൾ ദൈവം തിരുമുമ്പിൽ സൂക്ഷിക്കുന്നുണ്ട്. അവയിൽ ചില അളവുകൾ രേഖപ്പെടുത്തിയിരിക്കുന്നു; ചിലപ്പോൾ സുതാര്യവും ആകാം. അതിൽ ഒന്ന് ഭക്തന്റെ കണ്ണു

നീർ ശേഖരിച്ചു വയ്ക്കുന്ന തുരുത്തി (bottle) ആണ് (സങ്കീ 56:8). രണ്ടാമത്തേത്, ഓരോരുത്തന്റെയും അകൃത്യം / പാപം / അനുസരണക്കേട്‌ … സംഗ്രഹിച്ചു വയ്ക്കുന്ന സംഭരണികളും. (ഇതിന് ചെറിയ പാത്രം പോരല്ലോ!!)

രണ്ടാമത്തേതാണ് നമ്മുടെ പ്രമേയം. ബൈബിളിലെ ദൈവം അളക്കുന്ന ഉപകരണങ്ങൾ കൈവശമുള്ളവനും, അവയാൽ നമ്മെ അളക്കുന്നവനും ആണ്. ലോകസാമ്രാജ്യത്തലവന്മാരെ തുലാസിൽ തൂക്കിയിട്ടുള്ള ദൈവം (ദാനിയേൽ 5.25-28 , 1 ശമുവേൽ 2.3), തൻ്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിന്മേൽ തൂക്കുകട്ട പിടിച്ചു ന്യായം വിധിക്കുന്ന ദൈവം (ആമോസ് 7 .7-9). ഇയ്യോബ് 14:17-ൽ ‘ദൈവം നമ്മുടെ അതിക്രമം സഞ്ചിയിലാക്കി മുദ്രയിടുന്നു, അകൃത്യം കെട്ടി പറ്റിച്ചിരിക്കുന്നു’ എന്നും പറയുന്നു.. നമ്മുടെ പാപങ്ങളെ ദൈവം സംഗ്രഹിച്ചും ഭണ്ടാരത്തിൽ മുദ്രയിട്ടും വയ്ക്കുന്നു എന്ന് ആവർത്തനം 32:24 ൽ രേഖയുണ്ട്. ചുരുക്കത്തിൽ സകല മനുഷ്യരുടെയും പാപത്തിന്റെ, അതിക്രമത്തിന്റെ… കൃത്യമായ കണക്ക് കർത്താവിന്റെ പക്കൽ ഉണ്ടത്രേii ചിലരുടെ പാപം അളക്കുന്ന പാത്രം ചെറുതും മറ്റു ചിലരുടേത് വലുതും ആകാം. ചിലരുടെ പാത്രം വേഗം നിറയും; ചിലരുടേത് വൈകിയേ നിറയൂ.
ദൈവം തൻ്റെ സകല പ്രവൃത്തിയിലും, സകല സൃഷ്ടിയോടും, പാപിയായ മനുഷ്യന് വേണ്ടി മനുഷ്യനായി വന്ന സ്വന്തം പുത്രനോടും, എന്തിനേറെ, സാത്താനോട് പോലും നീതിമാനാണ്. ആ ദൈവനീതിയുടെ പ്രദർശനത്തിന്റെ ഉത്തുംഗശൃംഗമാണ് യേശു മരിച്ച കാൽവറി ക്രൂശ്. (റോമർ 3:25, 26). ദൈവം തൻ്റെ നീതിയിൽ പാപത്തെ ശിക്ഷിക്കുന്നു; നീതിമാനാകയാൽ ദൈവത്തിനു പാപത്തെ ശിക്ഷിക്കാതെ വിടുക അസാദ്ധ്യം തന്നെ. ഈ ബന്ധത്തിൽ ദൈവനീതിയുടെ പ്രദർശനം ദ്വിമുഖിയാണ്:

1. പാപത്തെ ശിക്ഷിക്കുന്നതിൽ
2 . പാപത്തിന്റെ അളവ് പൂർണ്ണമാകാതെ ആരെയും ശിക്ഷിക്കാത്തതിൽ .

അതേ, പാപങ്ങളെ വിട്ടു തിരിഞ്ഞു മാനസാന്തരപ്പെട്ട് ദൈവോന്മുഖരാകുവാൻ ഓരോരുത്തർക്കും വേണ്ടുവോളം ഇടവേള കർത്താവ് അനുവദിക്കുന്നു. അത് ദൈവത്തിൻറെ മാത്രം വിശേഷതയും ദൈവീക ശ്രേഷ്ഠതയുമാണ്.

കഴിഞ്ഞ ദിവസങ്ങളിൽ അധികമായി കേട്ട ചില പരിവേദനങ്ങൾക്ക് മറുപടിയെന്നോണം ഈ ചിന്തകൾ ലേഖകനിൽ കോറിയിടുകയുണ്ടായി. അനുവാചകരുമായി ഈ ലളിത ചിന്ത പങ്കിടുന്നു.

വേദപുസ്തകത്തിൽ സ്വയം വെളിപ്പെടുത്തപ്പെട്ടിരിക്കുന്ന ദൈവം ത്രിയേകൻ ആകുന്നു. ഈ ത്രീയേക ദൈവം അപ്രമേയമാം വിധം പരിശുദ്ധനാണ്. തൻ്റെ പരിശുദ്ധിയിൽ ദൈവം പാപത്തെ വെറുക്കുന്നു. അത് അവിടുത്തേക്ക്‌ സഹിച്ചുകൂടാ. ത്രീയേക ദൈവം അവിരാമമായും നീതിമാനാണ്; ആകയാൽ അവിടുന്ന് പാപത്തെ ശിക്ഷിക്കുന്നു. കൂടാതെ ഈ വേദത്തിലെ ദൈവം സ്നേഹിക്കുന്നവനും, അതിലുപരി നിസ്സീമമാം സ്നേഹവും തന്നെ. ആകയാൽ അങ്ങ് പാപിയെ സ്നേഹിക്കുന്നു.

ദൈവം നീതിമാനെങ്കിലും ക്ഷിപ്രകോപിയല്ല. വളരെ സ്വയനിയന്ത്രിതനും, ജിതേന്ദ്രിയനും, അവാച്യമാം വിധം മാന്യനും അത്രേ! ആകയാൽ കാണുന്നതിനും കേൾക്കുന്നതിനും ഒത്തവണ്ണം തിരക്കിട്ടു വികാരാധീനനായി അവിടുന്ന് ഒന്നും ചെയ്യില്ല. പാപത്തിന് ശിക്ഷ വിധിക്കുമെങ്കിലും പാപത്തിൻറെ പരമാവധി പരിമാണം ആയിട്ടേ ശിക്ഷിക്കൂ. ആ അളവ് അവിടുത്തേക്ക് മാത്രമേ അറിയൂ. ഓരോ വ്യക്തിയോടും, കുടുംബത്തോടും, സഭയോടും, സമൂഹത്തോടും, സമുദായത്തോടും, ദേശത്തോടും ഒക്കെയുള്ള ബന്ധത്തിൽ അങ്ങനെ തന്നെയാണ്.

മനുഷ്യനുമായുള്ള ബന്ധത്തിലാണ് ഈ വിവക്ഷ. ആദം, ഹവ്വ, കയീൻ, മുതൽ ഒറ്റുകാരൻ യൂദാ തുടങ്ങി സമകാലീനർ വരെ വ്യക്തികളിൽ ഈ വസ്തുത തെളിവായിരിക്കുന്നു. ഹാം മുതൽ യിസ്രായേൽ- യെഹൂദാ രാജകുടുംബങ്ങളിലും ജന സമുദായങ്ങളിലും ഈ വസ്തുത വ്യക്തമാണല്ലോ. യിസ്രായേൽ തുടങ്ങി എത്രയോ സമൂഹ- സമുദായങ്ങളെ ദൈവം പാപ നിറവിൽ ന്യായം വിധിച്ചു!! ഈ ബന്ധത്തിൽ മത്തായി 23:32 പ്രസക്തമാണ്. യേശുനാഥൻ യഹൂദന്മാരോട്, “പിതാക്കന്മാരുടെ (പാപത്തിൻ്റെ) അളവ് നിങ്ങൾ പൂരിപ്പിച്ചു കൊൾവീൻ” എന്ന് പറഞ്ഞു. ഓരോരുത്തനും താന്താൻറെ പാപം പൂരിപ്പിച്ചു മുഴുപ്പിക്കുവോളം ദൈവം ദീർഘക്ഷമയോടെ മാനസാന്തരത്തിനായി കാത്തിരിക്കുന്നു. (റോമ 2:4 – 6). നോഹയുടെ കാലത്ത് ജലപ്രളയത്താൽ അധർമ്മികളെ നശിപ്പിക്കും മുമ്പെയും ദൈവം ദീർഘക്ഷമയോടെ കാത്തിരുന്നു. (1പത്രോ 3:19). 65 -75 വർഷം എങ്കിലും നോഹ പെട്ടകം പണിയുവാൻ എടുത്തു കാണും എന്നാണ് പണ്ഡിതമതം. എങ്കിൽ ഏകദേശം 100 വർഷത്തോളം നോഹ പ്രസംഗിച്ചിരിക്കാം. അത്രയും ദീർഘകാലം അന്നത്തെ ഭൂവാസികൾക്ക് മനം തിരിയുവാൻ ദൈവം സമയം നൽകി, ദീർഘക്ഷമയോടെ കാത്തിരുന്നു. സോദോം-ഗൊമോറയുടെ ന്യായവിധിയും അതുപോലെ തന്നെ. മനുഷ്യൻറെ ദുഷ്ടത ഒരു വിളവ് പോലെയാണ്. കൊയ്ത്തിന് പരുവത്തിൽ വിളയുവോളം നീതിമാനായ ദൈവം കാത്തിരിക്കും (യോവേൽ 3:13; വെളിപ്പാട് 14:14 -20). ദൈവക്രോധം, മനുഷ്യന്റെ പാപത്തിന് ആനുപാതികമായി ചരതിക്കപ്പെടുന്നു. “താമസം തഴയൽ അല്ല” (delay is not denial) എന്ന പ്രസ്താവം ഇവിടെയും പ്രസക്തമാണ്.

ദൈവത്തിന്റെ ന്യായവിധിയും ക്രോധവും പകരപ്പെടുവാൻ കാലവിളംബം ഉണ്ടാകുന്തോറും അതിൻ്റെ ഉഗ്രതയും ഊർജ്ജിതമാകുന്നു. പേമാരിയായി മേഘങ്ങൾ പെയ്തിറങ്ങും മുമ്പേ അവ വെള്ളം കൊണ്ടു നിറയേണ്ടതു പോലെ, വിത്ത് ധാന്യമായി കൊയ്തെടുക്കും മുമ്പ് വിളഞ്ഞു പാകമാകേണ്ടത് പോലെ മനുഷ്യൻറെ പാപം പൂരിപ്പിക്കപ്പെടുവാൻ ദൈവം കാത്തിരിക്കുകയാണ്. ആ കാലയളവായ ‘ദയാ- ദീർഘക്ഷമാ’ കാലത്ത് മാനസാന്തരപ്പെട്ടാൽ ന്യായവിധിയിൽ നിന്നും വിടുതൽ നേടാം. അന്യഥാ, നീക്കുപോക്കില്ലാത്ത, കരുണ കൂടാതെയുള്ള ദൈവകോപത്തിന് ഇരകൾ ആകും (റോമ 2:4 -7). നമ്മിൽ പലരും ആസാഫിനെപ്പോലെ ‘കാലുകൾ ഏകദേശം ഇടറി, “കാലടികൾ ഏറെക്കുറെ വഴുതിപ്പോയിട്ട്” ഹൃദയത്തെ ശുദ്ധീകരിച്ചതും കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർത്ഥമാണെന്ന് കരുതിയവരാണ് (ഏതെങ്കിലും ഒക്കെ സാഹചര്യങ്ങളിൽ ഈ ചിന്തകൾ അലട്ടിയിട്ടില്ലാത്തവർ വിരളം). “ദുഷ്ടന്മാരുടെ (ആത്മീയ ലോകത്തും, രാഷ്ട്രീയ- സാംസ്കാരിക- ഔദ്യോഗിക സ്ഥലങ്ങളിലൊക്കെ) സൗഖ്യം കണ്ടിട്ട് അഹങ്കാരികളോട് അസൂയ തോന്നിയവരാണ് മിക്കപേരും. അനീതിയും അന്യായവും അസത്യവും ചെയ്ത്, നീതിമാനെയും പരമാർത്ഥിയെയും പീഢീപ്പിച്ച് യാതൊരു പ്രശ്നവുമില്ലാതെ തടിച്ചു കൊഴുത്ത് പുഷ്ടി വച്ച്, ചെയ്യുന്നതിലൊക്കെയും നേട്ടം കൊയ്ത് തഴച്ചു വളരുന്നവരെ കണ്ടിട്ട് അവരോട് അസൂയയും വൈരാഗ്യവും, ദൈവത്തോടു പോലും വേദനയും പിണക്കവും നമുക്ക് തോന്നിയിട്ടുണ്ടാകാം. ഭക്തന്മാർ ഉപവസിച്ചു പ്രാർത്ഥിച്ചിട്ടും ദൈവം പോലും കേൾക്കുന്നില്ല എന്നു നമുക്ക് തോന്നിയിട്ടില്ലേ? വിശേഷാൽ കാലിക കാര്യങ്ങളെയൊക്കെ വിലയിരുത്തിയിട്ട്? അതിനാൽ ‘ഇടവിടാതെ ബാധിതരായി, ചിന്തിക്കുമ്പോൾ (ഉണർന്നിരിക്കുമ്പോഴെല്ലാം ഇത് തന്നെയാണല്ലോ ചിന്തയിൽ- പ്രാർത്ഥനയിൽ പോലും മറ്റൊന്നും തലയിൽ കയറുന്നില്ല- അല്ലേ?) എല്ലാം ദണ്ഡിക്കപ്പെട്ടും ഇരിക്കുന്ന’ ഒരു ദുരവസ്ഥ! (സങ്കീ 73).

ഇയ്യോബ് 21:7 മുതൽ പരിവേദനപ്പെടും പോലെ, ദുഷ്ടന്മാർക്കും പാപികൾക്കും ദീർഘായുസ്, സുഖം, സാഫല്യം…എന്നാൽ നീതിമാൻ “ആയുസ് തികയാതെ” പെട്ടെന്ന് മരിക്കുന്നു; കഠിന ശോധനകൾ; കുറ്റം ചെയ്യാഞ്ഞിട്ടും ആരോപണങ്ങൾ; വെറും വ്യാജ വർത്തമാനങ്ങൾ കേൾവിക്കാർ സത്യം എന്നു ഏറ്റെടുത്തു “നീതിമാനെ’ ഒറ്റപ്പെടുത്തുന്നു; കൂടെ നിന്നവർ പോലും വിട്ടു പോകുന്നു. വല്ലാത്ത വിരോധാഭാസം!!ദൈവം പോലും മറുപക്ഷത്ത് എന്ന ഒരു നില! അനുവാചകരിൽ ചിലരെങ്കിലും ഇത് എന്തേ, എന്തുകൊണ്ട് ..? എന്നു ആകുലപ്പെട്ടിട്ടുണ്ടാകാം. അതിന് ഉത്തരമാണ് നമ്മുടെ ചിന്ത: പാപം മുഴുക്കാത്തതിനാൽ അത് മുഴുമിക്കുവാൻ ദൈവം ദുഷ്ടന്മാരെ സഹിക്കുന്നു, അനുവദിക്കുന്നു. പാപം പൂരിപ്പിച്ചു കൊള്ളട്ടെ! അത്ര മാത്രം! പിന്നാലെ കാണാം ദൈവത്തിൻറെ ഖണ്ഡിതം!! (റോമ 11:22).

തന്നിമിത്തം, സഹൃദയരേ, ദുഷ്ടൻറെ സമൃദ്ധിയും സഫലതയും നീതിമാന് ഇടർച്ചയാകരുത്. വിശ്വാസികളുടെ പിതാവും, ദൈവത്തിൻറെ സ്നേഹിതനും ആയ അബ്രാമിന് (അബ്രഹാം) ദൈവം കനാൻ നാടിന്റെ വാഗ്ദത്തം കൊടുത്തു; കനാൻ നാട് തൻ്റെ സന്തതികൾക്കു അവകാശമായി നൽകുമെന്ന ഉറപ്പ് (ഉല്പത്തി 15). എന്തേ, ഉടൻ അബ്രാമിനു തന്നെ അത് കൊടുത്തില്ല? 400 വർഷങ്ങൾ കാത്തിരുന്നത് എന്തിന്? നാം സാധാരണ കേൾക്കാറുള്ളത് അബ്രഹാം പാപം ചെയ്തത് കൊണ്ട്, ദൈവം ശപിച്ചതു കൊണ്ട് ഒക്കെ ആണെന്നാണ്. അതല്ല ശരി. അബ്രാഹാമിൻറെ പാപമോ, ദൈവത്തിൻറെ ശാപമോ അല്ല, പ്രത്യുത അന്നത്തെ കനാനിലെ മൂലനിവാസികളുടെ അക്രമം (പാപം) തികയാഞ്ഞതാണ് കാരണം. ഉല്പത്തി 15:16 “… അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല…” അന്നു കനാൻ നാട്ടിൽ ഏഴു പ്രബല ജാതികൾ ഉണ്ടായിരുന്നതിൽ ഏറ്റവും ശക്തരായിരുന്നു അമ്മോന്യർ. അവർ മുഴു കനാന്യർക്കും പ്രതിനിധികളായി ഇവിടെ പറയപ്പെടുന്നു. കൂടാതെ അബ്രഹാം അന്ന് പാർത്തിരുന്നതും അവർക്കിടയിൽ ആയിരുന്നു. ദൈവം ആ ജാതികളെ അവിടെ നിന്ന് നീക്കിയത് യിസ്രായേലിന് വേണ്ടി എന്നതിനേക്കാൾ, ആ ജാതികളുടെ പാപം നിമിത്തമായിരുന്നു. (ആവർത്തനം 9:4,5 ; 20 : 16 -18 ;12:31 ;18:9-22 ) വിഗ്രഹാരാധനയും അനുബന്ധ പാപങ്ങളുമായിരുന്നു ആ മ്ലേച്ഛതകൾ! എങ്കിലും അവരുടെ പാപങ്ങൾ ശിക്ഷിക്കപ്പെടുവാനുള്ള അളവോളം അന്ന് എത്തിയിട്ടില്ലായിരുന്നു. അതിനാൽ ദൈവം നാനൂറിൽ പരം സംവത്സരങ്ങൾ കാത്തിരുന്നു. ഇതാണ് ദൈവത്തിൻറെ നീതിയും ദീര്ഘക്ഷമയും. സാത്താന് പോലും സമായാവധി നല്കിയവനും അത് കൃത്യമായി പാലിക്കുന്നവനുമാണ് നമ്മുടെ ദൈവം (വെളിപ്പാട് 12:12).

ഇത്രയുമൊക്കെ ശരി; പക്ഷെ നീതിമാന്മാരെ ദുഷ്‌ടൻറെ കയ്യിൽ ചിലപ്പോൾ ഏൽപ്പിക്കുന്നത് എന്തിന് വേണ്ടി? നാം ഒരു തെറ്റും ചെയ്യാത്തപ്പോഴും പക്ഷെ ഉപദ്രവിയുടെ കയ്യിൽ ഭക്തരെ ദൈവം ഏൽപിച്ചേക്കാം. അമ്മോന്യരുടെ പാപം തികയുവാൻ കർത്താവ് കാത്തിരുന്നത് നല്ല കാര്യം; എന്നാൽ മിസ്രയീമ്യരുടെ അടിമകളായി യിസ്രായേലിനെ വിട്ടു കളഞ്ഞതോ? ഉല്പത്തി 15:13,14 വാക്യങ്ങൾ മറുപടി തരുന്നു. അതിപുരാതന ലോക സാമ്രാജ്യ ശക്തിയായിരുന്ന മിസ്രയീം (ഈജിപ്ത്) അനേക ജാതികളെ പീഢിപ്പിച്ച് അടിമകളാക്കി, കൂലി കൊടുക്കാതെ അനീതിയുടെ കൂലി കൊണ്ട് സ്വയം സമ്പന്നരായി; ‘ദൈവം ആർ’ എന്ന് ദൈവത്തെ ചോദ്യം ചെയ്യുന്ന ധാർഷ്ട്യക്കാരായി അവർ മാറി (പുറ 5:1,2 ). നൂറ്റാണ്ടുകളായുള്ള അവരുടെ പാപത്തിന്റെ വിളവെടുപ്പിൽ മുഴുക്കേണ്ടതിനു അവർ ദൈവത്തിന്റെ ആദ്യ ജാതനായ യിസ്രായേലിനെ (പുറ 4:22,23 ) പീഡിപ്പിക്കേണ്ടിയിരുന്നു. യഹൂദനെ ഉപദ്രവിക്കുമ്പോൾ ആണ് ദൈവത്തിന്റെ “കണ്മണി”യെ തൊടുന്നത്. അതോടു കൂടി അവന്റെ പാപം മുഴുക്കുന്നു. സൊദോം നിവാസികൾ ദൈവദൂതന്മാരെ ഉപദ്രവിക്കുവാൻ തുനിഞ്ഞതോടെ അവരുടെ പാപവും ന്യായവിധിക്കായി പൂരിപ്പിക്കപ്പെട്ടു. ഒരു പക്ഷെ, മേലീത്തയിലെ അണലി (അപ്പൊ. പ്രവ 28:1-6) മുൻപ് അനേകരെ കടിച്ചു കൊന്നിട്ടുണ്ടാകാം. എന്നാൽ, പൗലോസിനെ കടിച്ചു എങ്കിൽ മാത്രമേ അതിന്റെ അവസാന ദംശം ആകുമായിരുന്നുള്ളൂ. ദൈവജനമായ ഇസ്രയേലിനെ പീഡിപ്പിച്ചതിലൂടെ മിസ്രയീം, അശ്ശൂർ, ബാബിലോൺ തുടങ്ങിയ പുരാതന ലോകസാമ്രാജ്യങ്ങൾ ന്യായവിധി ഏറ്റു വാങ്ങി എങ്കിൽ, മോർദേഖായിയെ തൊട്ടുകളിച്ചത് ഹാമാന് തീക്കളി ആയെങ്കിൽ ഇന്ന് പലരും തങ്ങളുടെ പാപം പൂരിപ്പിക്കുന്നത് വിശുദ്ധന്മാരെ അകാരണമായി ദ്രോഹിച്ചു കൊണ്ടായിരിക്കും.

വിശുദ്ധന്മാരുടെ പാപം നിമിത്തവും ദൈവം എതിരാളിയുടെ കയ്യിൽ ഭക്തനെ ഏല്പിക്കാം. പക്ഷെ, കിട്ടിയ തക്കത്തിനു കണക്കിലധികം തന്റെ ഭക്തനെ ഉപദ്രവിച്ചാൽ അതു നിമിത്തവും ദൈവന്യായവിധി എതിരാളികൾ അനുഭവിക്കും (യെശയ്യാവ് 47:5,6). രണ്ടിൽ ഒന്ന് ഉറപ്പു യേശുവിൽ വിശ്വസിക്കുന്നവരെ തടവിൽ ആക്കുകയും പള്ളിതോറും അടിപ്പിക്കയും (രക്ത) സാക്ഷിയായ സ്തേഫാനോസിന്റെ കൊലപാതകത്തിൽ പങ്കു വഹിച്ചും കൊണ്ട് തന്റെ പാപം പൂരിപ്പിച്ച പൗലോസ് അതേ യേശുവിന്റെ തീവ്ര ശിഷ്യനും എരിവുള്ള പ്രസംഗിയും ആയതുപോലെ സഭയെയും ദൈവമക്കളെയും ക്ലേശിപ്പിക്കുന്നർ മനസന്തരപ്പെടും. അല്ലെങ്കിൽ തങ്ങളുടെ പാപം പൂരിപ്പിച്ച് നീക്കുപോക്കില്ലാത്ത ദൈവക്രോധം ഏറ്റു വാങ്ങും. ചുരുക്കം ചിലർ ഹാമാനെ പോലെ സ്വയം ഒരുക്കുന്ന കഴുമരത്തിന്മേൽതൂങ്ങി ആടും, മറ്റ് ചിലചുരുക്കം പേർ ദൈവത്തിന്റെ സ്ഥാനവും മാനവും സ്വയം എടുക്കയാലോ, ആരാധകർ കൊടുക്കയാലോ ഹെരോദാവെപ്പോലെ സിംഹാസനത്തിൽ ഇരിക്കെ തന്നെ ക്രിമിക്ക് ഇരയായി മരിക്കും. മറ്റുള്ളവരെ ദൈവസഭയുടെ ആത്മീക ശുദ്ധീകരണത്തിനും ശക്തീകരണത്തിനുമായി പ്രതിയോഗിയായി തുടരുവാൻ ദൈവം അനുവദിക്കും. പക്ഷെ സഭ ചെന്നായ്ക്കൾക്കിടയിലും കുഞ്ഞാടിനെപ്പോലെ ശ്രേഷ്ഠ ഇടയന്റെ സുരക്ഷിതരായി അനുസ്യൂതം മേവും. പെരുവെള്ളങ്ങൾക്കു മീതെ തത്തിക്കളിക്കുന്ന താമര പോലെ ഭാരത സഭ എതിരികൾക്കും എതിരുകൾക്കും മീതേ ആനന്ദ നൃത്തം ചവിട്ടും. സഭാ നാഥൻ അജയ്യനാണ്!! പാതാള ഗോപുരങ്ങൾക്കു തച്ചുടക്കുവാൻ കഴിയാതെ തന്റെ സഭയെ പണിയുവാൻ മികവുറ്റ, ജാരന്മാർക്കു അനാവൃതമാക്കുവാൻ കഴിയാതെ തന്റെ കന്യകയായ മണവാട്ടിയെ പതിവൃത്യത്തിൽ സൂക്ഷിക്കാൻ കരുത്തുറ്റ മൃത്യുഞ്ജയനാവും ക്രിസ്തു നമുക്കായി സദാ ജാഗരിച്ചിരിക്കുന്നു. നമ്മുടെ സകല അരക്ഷിതാവസ്ഥയും മായട്ടെ! നമ്മുടെ ഉപവാസവും പ്രാർത്ഥനയും ആരെയും വാഴിക്കുവാനും വീഴിക്കുവാനും ആകാതെ, ദൈവത്തോടൊപ്പം യാത്ര ചെയ്യുവാൻ ഉള്ള കൃപക്കായിട്ടാകട്ടെ. ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കാം.

ചിലപ്പോൾ ക്രിസ്സ്‌തു യേശുവിന്റെ വലിയ വെള്ളാസിംഹാസന ന്യായവിധി വരെ നമുക്ക് സഹിഷ്ണുത വേണ്ടി വരും. അനുവചകരെ, നമ്മുടെ വിഷയവും ഭിന്നമല്ല. ദൈവത്തിന്റെ നീതിയുള്ള വിധി വെളിപ്പെടുന്ന കോപ ദിവസത്തെക്കു നാമും കോപം ചാരതിച്ചു വക്കുന്നില്ലെന്നു ഉറപ്പു വരുത്തുക. പാപങ്ങൾക്കു ഒത്തവണ്ണം ശിക്ഷിക്കാതെ കർത്താവ് കാണിക്കുന്ന കരുണയെ മാനസാന്തരം ആക്കാം. “മുഖപക്ഷം കൂടാതെ ഓരോരുത്തന്റെ പ്രവൃത്തികൾക്കും, വാക്കുകൾക്കും, സ്വഭാവത്തിനും, അഭിലാഷങ്ങൾക്കും, ആലോചനകൾക്കും… തക്കവണ്ണം ന്യായം വിധിക്കുന്ന ദൈവം ജീവിക്കുന്നു. നമ്മുടെയും പാപത്തിന്റെ കണക്കു അവിടുത്തെ പക്കലുണ്ട്. ഏറ്റു പറഞ്ഞു പരിഹാരം കണ്ട്‌ ഉപേക്ഷിച്ചിട്ടില്ലാത്ത സകല പാപങ്ങൾക്കും ന്യായവിധി ഉണ്ടെന്നു മറക്കാതിരിക്കുക.

പീഡിതരേ, പ്രതികരിക്കുവാൻ പോലും വയ്യാതെ, ദീർഘശ്വാസം വിട്ടു ഞരങ്ങി കഴിയുകയാവാം നിങ്ങൾ. എന്നാൽ നിങ്ങളുടെ നെടുവീർപ്പുകൾക്കു ലിപി നൽകി, ഭാഷ നൽകി ദൈവാത്മാവ് കാര്യം ഏറ്റെടുത്തു കഴിഞ്ഞു. അതിലുപരി, നമ്മെ തിരു സാന്നിധൗ ചേർത്തു തിരുക്കൈകളാൽ നമ്മുടെ കണ്ണീർ തുടക്കുന്ന നാളുകൾ സമാഗതമായി. ക്രിസ്ത്യാനിയായി സഹിച്ചതിനും, ചെയ്തതിനും, ചിലവിട്ടത്തിനും… എല്ലാം പ്രതിഫലം തരുവാൻ സ്വർഗാരോഹണം ചെയ്ത നസറായൻ വരാറായി. തളരാതെ മുന്നേറാം (2 തെസ്സ 1:6-10). പീഡകരേ, പ്രതികരകൻ വാതിൽക്കൽ!! വേഗം പാപം പൂരിപ്പിക്കൂ! വരുവാനുള്ള കോപത്തിൽ നിന്നു രക്ഷിക്കപ്പെടുവാൻ ക്രൂശിൽ മരിച്ചുയിർത്ത യേശുവിനെ വിശ്വാസത്താൽ കർത്താവായി സ്വീകരിച്ചു മനസന്തരപ്പെടുക!!