[bs-quote style=”default” align=”left” author_name=”പാസ്റ്റർ ജോൺസൻ കണ്ണൂർ ” author_job=”9847518230″ author_avatar=”http://carmelmediavision.com/wp-content/uploads/2019/07/23318995_1174300306033674_710495699687107370_n-1.jpg”][/bs-quote]
വഴിയരികില്‍ പിറന്നുവീണ് കാലിത്തൊഴുത്തില്‍ കിടന്ന് കേവലം ദരിദ്രകുടുംബത്തില്‍ ആശാരിപ്പണിചെയ്ത് വാളുറയിലിടുവാന്‍ അണികള്‍ക്ക് ആഹ്വാനം നല്‍കി ബദ്ധന്മാര്‍ക്ക് വിടുതലും, കുരുടന്മാര്‍ക്ക് കാഴ്ചയും പകര്‍ന്ന് ദരിദ്രരോട് സുവിശേഷം അറിയിച്ച്, പ്രസ്തുത കാലഘട്ടത്തിലെ തിന്മയ്‌ക്കെതിരെ ശബ്ദിച്ച വിപ്ലവകാരിയാണ് ക്രിസ്തു. മതത്തിന്റെ കിരാതന്മാരാല്‍ അറസ്റ്റു ചെയ്യപ്പെട്ട് പല കോടതികളില്‍ വിസ്തരിച്ചിട്ടും നിരപരാധിയാണെന്ന് തെളിഞ്ഞശേഷം റോമന്‍ കാപാലികന്മാരാല്‍ ക്രൂശിക്കപ്പെട്ട് അരിമഥ്യക്കാരന്‍ യോസേഫിന്റെ കല്ലറയില്‍ അടക്കപ്പെട്ട് മൂന്നാം നാള്‍ കല്ലറയെ പൊട്ടിച്ച് ശക്തിയോടെ ഉയിര്‍ത്തെഴുന്നേറ്റ ക്രിസ്തുവിന്റെ സുവിശേഷത്തെ എന്തിനാണ് ഭയക്കുന്നത്? ഞാന്‍ ലോകത്തിന്റെ വെളിച്ചമെന്ന് പ്രഖ്യാപിച്ച ക്രിസ്തുവിന്റെ സന്ദേശം മതത്തിന്റെ അന്ധകാരം മാറ്റി വെളിച്ചം പകരുമെന്ന് അറിയാമെന്നതാണ് കാരണം. അതിനാല്‍ ക്രിസ്തുവിനെക്കുറിച്ച് എഴുതിയ ലഘുലേഖയെപ്പോലും ഭയക്കുന്നു. അതല്ലേ സത്യം?
ബേത്‌ലഹേം ഗ്രാമപ്രദേശത്ത് ആരും തിരിഞ്ഞുനോക്കാത്ത ഒരു കാലിത്തൊഴുത്തിന്റെ കോണില്‍ കീറ്റുശീലയില്‍ പൊതിഞ്ഞുകിടന്ന നിസ്സഹായ ശിശു ആശാരിയുടെ പണിപ്പുരയില്‍ വളര്‍ന്ന ഒരു ബാലന്‍. തലചായ്പ്പാന്‍ ഇടമില്ലാതെ അലഞ്ഞുനടന്ന ഒരു പ്രസംഗി, സമൂഹം പുച്ഛിച്ചു തള്ളിയവര്‍ക്ക് സഖിത്വം കൊടുത്ത ഒരു സാധാരണക്കാരന്‍, ശുശ്രൂഷിക്കാന്‍ വന്നിരിക്കുന്നു എന്നുപറഞ്ഞ് പ്രവര്‍ത്തിച്ചു നടന്ന മനുഷ്യസ്‌നേഹി. ദൈവദൂഷണം പറഞ്ഞവനെന്ന് മതഭക്തരും, രാജ്യദ്രോഹി എന്ന് സര്‍ക്കാരിന്റെ ആളുകളും കള്ള ചാര്‍ജ്ജ് ചുമത്തി ക്രൂശുമരണത്തിന് വിധിക്കപ്പെട്ട ഒരു കുറ്റവാളി, ആരാന്റെയും കല്ലറയില്‍ അടക്കപ്പെടാന്‍ ഗതികേടുവന്ന നിര്‍ദ്ധനന്‍. ഇതാണ് പൊതുലോകത്തിന്റെ യേശുവിനെക്കുറിച്ചുള്ള വിലയിരുത്തല്‍. എന്നാല്‍ ഇപ്രകാരമുള്ള ഒരുവന്‍ തൊടുത്തുവിട്ട ആശയം ലോകത്തെ മുഴുവന്‍ സ്വാധീനിച്ചു. നെപ്പോളിയന്‍ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു ”ഞങ്ങളൊക്കെ മെയ്ക്കരുത്തുകൊണ്ട് സാമ്രാജ്യം പിടിച്ചടക്കി. അവയെല്ലാം ഛിന്നഭിന്നമായിപ്പോയി. യേശുവേ, അങ്ങ് സ്‌നേഹം കൊണ്ട് സാമ്രാജ്യം പിടിച്ചടക്കി അതിന്നും നിലനില്ക്കുന്നു.”
ലോകത്തിലെതന്നെ ഏറ്റവും ബുദ്ധിപരമായ സര്‍വ്വേകള്‍ നടത്തിയിട്ടുള്ള സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റി (സി.എസ്.ഡി.എസ്) നടത്തിയ സര്‍വ്വേയില്‍ ഭൂരിപക്ഷം ഹൈന്ദവരും പറയുന്നു ഇവിടം ഹിന്ദുരാഷ്ട്രം ആക്കേണ്ടതില്ല. 26 സംസ്ഥാനങ്ങളിലായി 211 നിയോജകമണ്ഡലങ്ങളില്‍ പ്രബുദ്ധരായ 24,236 പേരില്‍ നടത്തിയ സര്‍വ്വേയില്‍ 75% പറയുന്നു ഹിന്ദു രാഷ്ട്രമെന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ 17% ഹിന്ദുരാഷ്ട്രമാകണം എന്നു പറയുന്നു. നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ സര്‍വ്വേയില്‍ 73% പറയുന്നു ഹിന്ദുരാഷ്ട്രം ആവശ്യമില്ല. അതില്‍ 19% ഹിന്ദുരാഷ്ട്രമാകണമെന്ന് അഭിപ്രായപ്പെടുന്നു. ഏതായാലും ചരിത്രമറിയാവുന്നവരും വിദ്യാഭ്യാസമുള്ളവരും നിലവിലുള്ള വ്യവസ്ഥയെ തകിടംമറിക്കാന്‍ തയ്യാറല്ല. ചെറിയ ക്ലാസ്സില്‍ പഠിക്കുമ്പോള്‍ പുരാണങ്ങളിലെയും വേദങ്ങളിലെയും കഥകള്‍ സ്‌കൂളില്‍ പഠിപ്പിച്ചതോര്‍ക്കുന്നു. കെ.സി. കേശവമേനോന്റെ യേശുദേവന്‍ എന്ന ഒരു അധ്യായം മാത്രമാണ് ബൈബിളില്‍നിന്ന് പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നത്. ഏറിയപങ്കും മനുസ്മൃതിയും അതുപോലുള്ള കഥകളുമായിരുന്നു. ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളില്‍ ക്രിസ്ത്യന്‍ അദ്ധ്യാപകര്‍ ക്രിസ്ത്യാനികളായ വിദ്യാര്‍ത്ഥികളെ ഇവയെല്ലാം പഠിപ്പിച്ചു. പഠിപ്പിക്കാന്‍ സാധ്യമല്ലെന്ന് അദ്ധ്യാപകരോ പഠിക്കാന്‍ കഴിയില്ലെന്ന് വിദ്യാര്‍ത്ഥികളോ പറഞ്ഞില്ല. ഈ പഠിച്ചവരാരും ക്രിസ്റ്റ്യാനിറ്റി വിട്ടുപോയതുമില്ല. സങ്കല്പങ്ങളും കെട്ടുകഥകളും ഭാവനകളും ആണെന്നുതന്നെ പറഞ്ഞുതന്നെയാണ് പഠിപ്പിച്ചതും. പരീക്ഷയ്ക്ക് മാര്‍ക്ക് ലഭിക്കുവാന്‍ പഠിച്ചെന്നല്ലാതെ ഒരു ഹൃദയത്തെയും അത് സ്വാധീനിച്ചില്ല. ഇവിടെയാണ് സുവിശേഷത്തിന്റെ സവിശേഷത. ചരിത്രസത്യമായതും ജീവനുള്ളതുമാണ് ബൈബിള്‍ വചനങ്ങള്‍. നിരവധി ശാസ്ത്രീയ സത്യങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്. മനുഷ്യഹൃദയങ്ങളെ രൂപാന്തരപ്പെടുത്തുവാന്‍ ശക്തിയുള്ളതൊന്നുമില്ലാത്തിടത്തോളം ഇവിടെയാരും വെപ്രാളപ്പെട്ടിട്ട് കാര്യമില്ല.
കറാച്ചിയിലെ സെന്റ് പാട്രിക് ഹൈസ്‌കൂളില്‍ എല്‍.കെ. അദ്വാനിയും, സെന്റ്‌സേവ്യേഴ്‌സ് സ്‌കൂളില്‍ അരുണ്‍ ജെയ്റ്റ്‌ലിയും ലോറന്‍സ് സ്‌കൂളില്‍ മേനകാ ഗാന്ധിയും പരീക്കല്‍ ലയള സ്‌കൂളില്‍ മനോഹര്‍ ജോഷിയും, വിക്‌ടോറിയ സ്‌കൂളില്‍ ഹര്‍ഷവര്‍ദ്ധനനും വിദ്യാഭ്യാസം നടത്തി. ഇവരൊക്കെ ക്രൈസ്തവ മാനേജ്‌മെന്റ് സ്‌കൂളില്‍ പഠിച്ചിട്ട് ക്രിസ്ത്യാനികളായോ? ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി സാറിന്റെ ഈ ചോദ്യം കുറിക്കൊള്ളേണ്ടതാണ് (കടപ്പാട് മലയാള മനോരമ).
ഇവിടെ അക്ഷരം പഠിച്ചതും അച്ചടി ഉണ്ടായതും ആതുരസേവനങ്ങളുണ്ടായതും മിഷനറിമാര്‍ വന്നതുകൊണ്ടാണ്. മതംമാറ്റമായിരുന്നു ലക്ഷ്യമെങ്കില്‍ ഇവരെല്ലാം മതംമാറേണ്ടതല്ലേ? ഉത്സവങ്ങളുടെയും കലാപരിപാടികളുടെയും മറ്റും നോട്ടീസുകള്‍ പത്രത്തോടൊപ്പം രാവിലെ വീടുകളില്‍ എത്തിക്കുന്നില്ലേ? ഒരു ക്രിസ്ത്യാനിയും അതിന് എതിരു പറയാറില്ല. ആനയും എഴുന്നള്ളത്തും ഘോഷയാത്രയുമായി മണിക്കൂറുകള്‍ റോഡില്‍ യാത്രാതടസ്സം സൃഷ്ടിക്കുന്നത് നിയമത്തില്‍പ്പെട്ടതാണോ? രാപ്പാതിരാ വരെ ഉച്ചഭാഷിണി വെച്ച് സാധാരണക്കാരന്റെ ഉറക്കം കെടുത്തുന്നത് നിയമത്തിലുള്ളതാണോ? ഈ രാജ്യത്ത് ജനിച്ച് ഇവിടെ തലമുറകളായി ജീവിക്കുന്ന, സര്‍ക്കാരിന് നികുതിപ്പണം നല്‍കുന്ന, ക്രിസ്ത്യാനികള്‍ക്കു മാത്രം ഭരണഘടനയിലെ അവകാശങ്ങള്‍ തടയപ്പെടുന്നത് എന്തുകൊണ്ടാണ്? കള്ളും കഞ്ചാവും മയക്കുമരുന്നും കുറുവടിയും കൊടുവാളും യഥാര്‍ത്ഥ ക്രിസ്തുശിഷ്യന്റെ വീട് റെയ്ഡ് ചെയ്താല്‍ ലഭിക്കുകയില്ല. നാട്ടുകാര്‍ക്കും പോലീസിനും തലവേദനയായിരുന്നവര്‍ സുവിശേഷത്താല്‍ മാനസാന്തരപ്പെട്ട നിരവധി ജീവിക്കുന്ന സാക്ഷികള്‍ ഇവിടെയുണ്ട്. സുവിശേഷകര്‍ നല്കിയ ലഘുലേഖ കൊണ്ട് ആത്മഹത്യയുടെ വക്കില്‍നിന്ന് രക്ഷപെട്ട നിരവധിയാളുകളുണ്ട്. ആശയത്തെ ആശയംകൊണ്ട് നേരിടുന്നതാണ് ആണത്തം. മറിച്ച് ആശയത്തെ ആയുധംകൊണ്ട് നേരിടുന്നത് ഭീരുത്വമാണ്. നാടുമുഴുവന്‍ വിഷം ചീറ്റി ചുറ്റിസഞ്ചരിക്കുന്ന വിഷകലയെ സംവാദത്തിന് വിളിച്ചിട്ട് വരാമെന്ന് പറഞ്ഞെങ്കിലും തക്കസമയത്ത് മുങ്ങിക്കളഞ്ഞു. ആയുധമെടുക്കാതെ ഒരു തുറന്ന സംവാദത്തിന് തയ്യാറാകണം. അതിനുള്ള ആര്‍ജ്ജവവും പക്വതയുമുണ്ടാകണം. ഇവിടെ ഒരു രാഷ്ട്രീയ പാര്‍ട്ടിയോ ഭരണമോ ക്രൈസ്തവര്‍ക്ക് ലക്ഷ്യമില്ല. യേശു പറഞ്ഞു: എന്റെ രാജ്യം ഐഹീകമല്ല. അതേസമയം എല്ലാ പാര്‍ട്ടിക്കാരേയും അതിന്റെ നേതാക്കന്മാരെയും ഞങ്ങള്‍ ബഹുമാനിക്കുന്നു. എല്ലാവര്‍ക്കുംവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളെ ഉപദ്രവിച്ചാല്‍ അതേ നാണയത്തില്‍ പ്രതികരിക്കാന്‍ കഴിയാത്തതുകൊണ്ടല്ല, നന്മയാല്‍ തിന്മയെ ജയിക്കാനാണ് ഞങ്ങളുടെ ഗുരു പഠിപ്പിച്ചത്. സ്‌നേഹംകൊണ്ട് ഏതു ശത്രുവിനെയും കീഴ്‌പ്പെടുത്താമെന്നത് ക്രിസ്തുവിന്റെ തത്വമാണ്. ഇത്രയും ശ്രേഷ്ഠകരമായ ആശയം മറ്റൊരിടത്തുമില്ല. ലോകരാജ്യങ്ങളുടെ മുമ്പില്‍ ഭാരതത്തിന് ഒരു യശസ്സുണ്ട്. എല്ലാ മതങ്ങളെയും സംസ്‌കാരങ്ങളെയും വ്യത്യസ്ത ഭാഷക്കാരെയും ഉള്‍ക്കൊള്ളുന്ന നാനാത്വത്തില്‍ ഏകത്വം ഇന്ത്യയുടെ മാത്രം പ്രത്യേകതയാണ്. അതുകൊണ്ടുതന്നെ ലോകം ഭാരതത്തെ ആദരവോടെയാണ് കാണുന്നത്. അവരുടെ മുമ്പില്‍ നമുക്കുള്ള വിലയും നിലയും ഇല്ലായ്മചെയ്യരുത്. ക്രൈസ്തവരെയും മുസ്ലീങ്ങളെയും ഇവിടെനിന്ന് കെട്ടുകെട്ടിക്കാമെന്നത് കേവലം വ്യാമോഹം മാത്രമാണ്. എല്ലാ ഭാരതീയനും എന്റെ സഹോദരീസഹോദരന്മാരാണെന്ന് ചെറുപ്പത്തില്‍ പഠിപ്പിച്ച പ്രതിജ്ഞയില്‍ ഇന്നും ഉറച്ചുനില്‍ക്കുന്നു. സുവിശേഷവും മിഷനറിമാരും ഈ നാടിന് നല്‍കിയ സംഭാവനകള്‍ വിലമതിക്കാന്‍ കഴിയാത്തതാണ്. ആയതുകൊണ്ട് സുവിശേഷത്തെ ഭയക്കേണ്ടതില്ല. അത് രാജ്യത്തിന് നന്മ മാത്രമേ ചെയ്തിട്ടുള്ളു.