സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് സ്വാഗതാർഹം: പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ.
കോട്ടയം: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തത് ഏറെ സ്വാഗതാർഹമെന്ന് പെന്തകോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യാ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. പൊതുസമൂഹം ഏറെ ചർച്ച ചെയ്യുകയും ന്യൂനപക്ഷം നിരന്തരമായി ആവശ്യപ്പെടുകയും ചെയ്ത കാര്യമാണ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖ്യമന്ത്രി കൈകാര്യം ചെയ്യണം എന്നത്. പൊതുവികാരം മാനിച്ച് ഉചിതമായ തീരുമാനമെടുത്ത മുഖ്യ മന്ത്രിയെ നന്ദി അറിയിച്ചു. മന്ത്രി മാരുടെ വകുപ്പ് സംബന്ധിച്ച അന്തിമ ഗസറ്റ് വിജ്ഞാപനത്തിലാണ് മുൻനിശ്ചയിച്ച നിലപാടുകളിൽ നിന്നും വ്യത്യസ്തമായി നിർണായകമായ മാറ്റം ഉണ്ടായത്.
2008 ൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നിലവിൽ വന്നതിനു ശേഷം വകുപ്പ് ചിലർ കുത്തകയായി വച്ചിരിക്കുകയാണ്. 80:20 എന്ന നിലയിൽ ന്യൂനപക്ഷ സ്കോളർഷിപ്പുകൾ പാർശ്വവൽക്കരിച്ചും ചില ആനുകൂല്യങ്ങൾ ചിലർക്കുമാത്രം തീറെഴുതി കൊടുത്തും കാണിച്ച നീതികേട് ഏറെ ചർച്ചയായതാണ് . ചില നാളുകളായി ന്യൂനപക്ഷ വകുപ്പ് ഭരിക്കുന്നവർ നടത്തുന്ന സ്വജന പക്ഷപാതവും അനധികൃത നിയമനങ്ങളും നിമിത്തം വളരെ പ്രതിഷേധം ഉയർന്നിരുന്നു.
ക്രിസ്ത്യൻ, മുസ്ലീം, സിക്ക്, പാർസി, ബുദ്ധർ, ജൈനർ എന്നീ ആറു വിഭാഗങ്ങളാണ് നിയമപരമായി ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങൾ. ഈ വിഭാഗങ്ങൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ പദ്ധതികൾ ആവിഷ്കരിക്കുന്നത്. എന്നാൽ ബജറ്റിലൂടെ കേന്ദ്ര സർക്കാരിൻ്റെ പൊതുഖജനാവിൽ നിന്നും അനുവദിക്കുന്ന പദ്ധതികളും ഫണ്ടും, സംസ്ഥാന സർക്കാർ പദ്ധതികളും ന്യൂനപക്ഷങ്ങളിലെ ഒരു വിഭാഗം അധികാരത്തിൻ്റെയും സാമുദായിക സമ്മർദ്ദ രാഷ്ട്രീയത്തിൻ്റെയും പിൻബലത്തിൽ പിടിച്ചെടുക്കുമ്പോൾ പിന്തള്ളപ്പെടുന്നത് ക്രൈസ്തവരാണ്. നാളുകളായി കടുത്ത വിവേചനം നേരിടുന്ന ക്രൈസ്തവ സമൂഹത്തിൻ്റെ നിരന്തരമായ ആവശ്യമാണ് പരിഹരിക്കപ്പെടുന്നത്. ന്യൂനപക്ഷ വിഭാഗങ്ങളുടെ വിവിധ ക്ഷേമ പദ്ധതിക്കായി ലഭ്യമായ ഫണ്ടുകളുടെ വിനിയോഗം അന്വേഷണ വിധേയമാക്കണമെന്ന ആവശ്യവും ശക്തമാണ്.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എന്നീ സ്ഥാനങ്ങളിൽ പെന്തകോസ്ത് സഭയ്ക്ക് അർഹമായ പ്രാതിനിധ്യം നൽകണമെന്നും യോഗം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പ്രസിഡൻ്റ് പാസ്റ്റർ പി എ ജയിംസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ്, സെക്രട്ടറി പാസ്റ്റർ ജിജി ചാക്കോ, ട്രഷറർ ബ്രദർ എബ്രഹാം ഉമ്മൻ, മീഡിയ കൺവീനർ പാസ്റ്റർ അനീഷ് ഐപ്പ് എന്നിവർ പങ്കെടുത്തു.