വിദ്യാര്‍ത്ഥിയെ സ്റ്റോപ്പിലിറക്കിയില്ല; ബസ് കണ്ടക്ടര്‍ക്ക് പത്തു ദിവസം ശിശു ഭവനില്‍ കെയര്‍ ടേക്കര്‍ ആയി ‘ശിക്ഷ’.
തവനൂര്‍ ശിശുഭവനിലെ കെയര്‍ടേക്കറായി രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് നാലുവരെ പത്ത് ദിവസത്തേക്ക് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം.
മഞ്ചേരി: വിദ്യാര്‍ഥിയെ ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്ന ബസ് കണ്ടക്ടര്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി മലപ്പുറം ജില്ലാ കളക്ടര്‍. പത്ത് ദിവസം ശിശുഭവനിലെ കെയര്‍ ടേക്കറായി പ്രവര്‍ത്തിക്കാനാണ് മലപ്പുറം ജില്ലാ കളക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.മഞ്ചേരി – പരപ്പനങ്ങാടി റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ക്കാണ് ശിക്ഷ ലഭിച്ചത്.
ബുധനാഴ്ച വൈകീട്ടാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്. സഹോദരനൊപ്പം ബസ്സില്‍ യാത്രചെയ്ത വിദ്യാര്‍ഥിയെ ബസ് ജീവനക്കാര്‍ സ്റ്റോപ്പില്‍ ഇറക്കാതിരിക്കുകയും മോശമായി പെരുമാറുകയും ചെയ്തു.വിഷയത്തില്‍ ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കിന് ലഭിച്ച പരാതിയില്‍ അദ്ദേഹം ആര്‍. ടി.ഒ വഴി അന്വേഷണം നടത്തുകയും ബസ് പിടിച്ചെടുക്കുകയും ചെയ്തു.ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയതിന് മാതൃകാപരമായി ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവും നല്‍കി.
തവനൂര്‍ ശിശുഭവനിലെ കെയര്‍ടേക്കറായി രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് നാലുവരെ പത്ത് ദിവസത്തേക്ക് പ്രവര്‍ത്തിക്കാനാണ് നിര്‍ദ്ദേശം. ശിശുഭവന്‍ സൂപ്രണ്ടിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാവിലെ മുതല്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കണം. ഈ കാലയളവില്‍ കണ്ടക്ടര്‍ ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം. തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.
ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകുന്നതിന്റെ ഫലമായി അവരെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരന്‍ ആകുന്നതിനായാണ് ഇത്തരത്തിലുള്ള ശിക്ഷ നല്‍കിയതെന്ന് മലപ്പുറം കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു.
കലക്ടറുടെ ഫെയ്‌സ്ബുക് പോസ്റ്റ്:
”മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്‌റ്റോപ്പില്‍ ഇറക്കാതിരുന്നതുമായി ബന്ധപ്പെട്ടു ലഭിച്ച പരാതിയില്‍ മലപ്പുറം ആര്‍ടിഒ മുഖേന ആവശ്യമായ അന്വേഷണം നടത്തുകയും ആര്‍ടിഒ ബസ് പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. ബസിലെ കണ്ടക്ടര്‍ കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കി പ്രൈവറ്റ് ബസ് ജീവനക്കാര്‍ക്ക് വിദ്യാര്‍ത്ഥികളോടുള്ള സമീപനത്തില്‍ പ്രകടമായ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
ബസ് കണ്ടക്ടര്‍ 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കുകയും ഇതിനായി 25/07/2019ന് 9 മണിക്ക് ശിശുഭവനിലെ സൂപ്രണ്ട് മുമ്ബാകെ റിപ്പോര്‍ട്ട് ചെയ്യുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രസ്തുത കാലയളവില്‍ ഇദ്ദേഹം ശിശുഭവന്‍ സൂപ്രണ്ടിന്റെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കേണ്ടതും തുടര്‍ന്ന് സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ കൈക്കൊള്ളുന്നതുമാണ്. ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് നമുക്കു പ്രത്യാശിക്കാം”.
മഞ്ചേരി പരപ്പനങ്ങാടി റൂട്ടില്‍ ഇന്നലെ ( 23/07/2019) വൈകിട്ട് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ …
Posted by District Collector Malappuram on Wednesday, July 24, 2019