ബെയ്റൂട്ട്: നീണ്ട നാളത്തെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് ഒടുവിൽ ലെബനോനിൽ പുതിയ സർക്കാർ പിറവിയെടുത്തു. സുന്നി മുസ്ലിമായ നജീബ് മികാതി നേതൃത്വം നൽകുന്ന സർക്കാർ ഇന്നലെ പാർലമെന്റിൽ വിശ്വാസവോട്ട് നേടി. വിവിധ മതങ്ങളുടെ പ്രതിനിധികളെ ഉൾക്കൊള്ളിച്ച് രൂപീകരിച്ച ക്യാബിനറ്റിൽ 11 ക്രൈസ്തവ മന്ത്രിമാരാണുള്ളത്. മുസ്ലിം വിഭാഗത്തിൽ നിന്നുള്ള 9 മന്ത്രിമാരും, ഡ്രൂസ് വിഭാഗത്തിൽ നിന്നുള്ള രണ്ടു മന്ത്രിമാരും കാബിനറ്റിന്റെ ഭാഗമാണ്. ഉപപ്രധാനമന്ത്രി സ്ഥാനം ലഭിച്ചിരിക്കുന്നത് ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസിയായ സാദേ അൽ ഷാമിക്കാണ്.
ഒരു കാലത്ത് മധ്യപൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായിരിന്ന ലെബനോനില്‍ ഇന്ന്‍ ക്രൈസ്തവ സമൂഹം മുപ്പത്തിരണ്ടു ശതമാനം മാത്രമാണ്. ഇറാഖിന് സമാനമായ അധിനിവേശങ്ങളുടെയും പീഡനങ്ങളുടെയും സംഭവ കഥയാണ് ലെബനോനു ഇന്നും പറയാനുള്ളത്. ഈ സാഹചര്യത്തില്‍ മന്ത്രിസഭയിലെ ക്രൈസ്തവ പ്രാതിനിധ്യത്തിന് പ്രത്യേക പ്രാധാന്യമാണുള്ളത്. 11 ക്രൈസ്തവ മന്ത്രിമാരിൽ അഞ്ച് പേർ മാരോണൈറ്റ് സഭക്കാരും, രണ്ടുപേർ ഗ്രീക്ക് ഓർത്തഡോക്സ് സഭാ വിശ്വാസികളും, രണ്ടുപേർ ഗ്രീക്ക് കത്തോലിക്കാ സഭ വിശ്വാസികളുമാണ്. അർമേനിയൻ അപ്പസ്തോലിക് സഭയ്ക്കും, ലത്തീൻ കത്തോലിക്ക സഭയ്ക്കും ഓരോ പ്രതിനിധികളെ വീതം കാബിനറ്റിൽ പ്രാതിനിധ്യം നൽകിയിട്ടുണ്ട്. മുസ്ലിം മന്ത്രിമാരിൽ അഞ്ച് പേർ ഷിയാ വിഭാഗക്കാരും, നാലുപേർ സുന്നികളുമാണ്.
പ്രധാനമന്ത്രിപദം സുന്നികൾക്കും, പാർലമെന്റിലെ അധ്യക്ഷപദവി ഷിയാ വിശ്വാസിക്കും ലഭിക്കും. തകർന്നടിഞ്ഞ രാജ്യത്തെ സാമ്പത്തിക അവസ്ഥ മെച്ചപ്പെടുത്തുക എന്ന ഭാരിച്ച ദൗത്യമാണ് പുതിയ സർക്കാരിന് മുന്നിൽ ഉള്ളത്. അടുത്തവർഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ വളരെ ചെറിയൊരു ആയുസ്സ് മാത്രമേ സർക്കാരിനുളളൂ.