ഓണ്‍ലൈൻ മാധ്യമങ്ങള്‍ ഇനി കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിൽ
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ്) റൂള്‍സ് ഭേദഗതി ചട്ടം അനുസരിച്ചാണ് ഉത്തരവ്.
ന്യൂഡല്‍ഹി: ഓൺലൈൻ മാധ്യമങ്ങള്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന് കീഴിലാക്കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഒടിടി ഷോപ്പിങ് പോര്‍ട്ടലുകള്‍ എന്നിവയ്ക്കും ഇത് ബാധകമായിരിക്കും. സിനിമകളുടെ ഒടിടി റിലീസ്, ഷോപ്പിംഗ് പോര്‍ട്ടലുകള്‍, ഓണ്‍ലൈന്‍ വഴിയുള്ള ഓഡിയോ, വിഷ്വല്‍ പരിപാടികളും മന്ത്രാലയത്തിനു കീഴിലാണ് വരിക.
ഓണ്‍ലൈന്‍ ന്യൂസ്, കറന്റ് അഫേര്‍സ് ഉള്ളടക്കങ്ങളും വാര്‍ത്താ വിതരണ മന്ത്രാലയത്തിനു കീഴിലാക്കിയാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ഗവണ്‍മെന്റ് ഓഫ് ഇന്ത്യ (അലോക്കേഷന്‍ ഓഫ് ബിസിനസ്) റൂള്‍സ് ഭേദഗതി ചട്ടം അനുസരിച്ചാണ് ഉത്തരവ്. പ്രോഗ്രം കോഡിന്റെ ലംഘനമുണ്ടായി എന്ന് പരാതി ലഭിച്ചാല്‍ അത് പരിശോധിച്ച് നിയന്ത്രണമേര്‍പ്പെടുത്താന്‍ ക്വേന്ദ്രസര്‍ക്കാരിന് കഴിയും.
ഇതുവരെ ഡിജിറ്റല്‍ കണ്ടന്റുകള്‍ നിയന്ത്രിക്കാന്‍ രാജ്യത്ത് കാര്യക്ഷമമായ നിയമമോ സ്വയംഭരണാധികാരമുള്ള സമിതിയോ ഉണ്ടായിരുന്നില്ല. അച്ചടി മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ പ്രസ് കൗണ്‍സിലും ചാനലുകളെ നിയന്ത്രിക്കാന്‍ ന്യൂസ് ബ്രോഡ്കാസ്റ്റിംഗ് അസോസിയേഷനും സിനിമകള്‍ക്ക് സെൻട്രൽ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ എന്നിവയുണ്ട്.
ഹോട്‌സ്റ്റാര്‍, നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങിയ സര്‍വീസുകള്‍ക്കും ഒടിടി പ്ലാറ്റുഫോമുകളില്‍ വരുന്ന ന്യൂസ് പോര്‍ട്ടലുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിന് സ്വയംഭരണാധികാരമുള്ള സമിതിയെ നിയമിക്കുന്നതില്‍ സുപ്രീം കോടതി കഴിഞ്ഞ മാസം കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയിരുന്നു.