ചരിത്രത്തിൽ ആദ്യമായി ഒരു ഇന്ത്യൻ ഗാനത്തിന് ഓസ്‌കാൻ പുരസ്‌ക്കാരം നേടിക്കൊടുത്ത സുപ്രസിദ്ധ സംഗീത സംവിധായകൻ എം.എം കീരവാണി ക്രിസ്തുനാഥനെ കുറിച്ച് പറയുന്ന വാക്കുകൾ തരംഗമാകുന്നു. ലോസ് ആഞ്ചലസിലെ ഡോൾബി തിയേറ്ററിൽവെച്ച് ‘ആർആർആർ’ എന്ന തെലുങ്ക് ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിലൂടെ ഏറ്റവും മികച്ച ‘ഒറിജിനൽ സോംഗി’നുള്ള ഓസ്‌കാർ അവാർഡ് ഏറ്റുവാങ്ങിയതിന് പിന്നാലെയാണ്, ഓരോ പാട്ടും റെക്കോർഡ് ചെയ്യുംമുമ്പ് താൻ യേശുവിനെ സ്മരിക്കാറുണ്ടെന്ന കീരവാണിയുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായത്.
ഏതാനും വർഷംമുമ്പ് ‘വാൾട്ട് ഡിസ്‌നി’ കമ്പനിയുടെ ‘മാ ടിവി’ നടത്തിയ മ്യൂസിക് റിയാലിറ്റി ഷോയിൽ വിധികർത്താവായി എത്തിയപ്പോഴായിരുന്നു കീരവാണി യേശുനാഥനിൽ താൻ ദർശിച്ച സവിശേഷതകൾ വിശദീകരിച്ചുകൊണ്ട്, ഇക്കാര്യം പങ്കുവെച്ചത്. ഇതര മതദർശനങ്ങളിൽനിന്ന് വ്യത്യസ്ഥമായി യേശു പഠിപ്പിച്ച ക്ഷമയുടെയും കരുണയുടെയും പാഠങ്ങൾ തന്നെ സ്വാധീനിച്ചിട്ടുണ്ടെന്ന് കീരവാണി വെളിപ്പെടുത്തി.
ഈ സ്വാധീനമാണ് പാട്ടുകൾ റെക്കോർഡ് ചെയ്യുംമുമ്പ് യേശുവിനെ മനസിൽ സ്മരിക്കാൻ പ്രചോദനമാകുന്നത്. തന്റെ ഗുരുവായ സുപ്രശസ്ത സംഗീതജ്ഞൻ രാജാമണിയും അപ്രകാരം ചെയ്തിരുന്നവെന്നും കീരവാണി സാക്ഷ്യപ്പെടുത്തി. ഇക്കാര്യം പറഞ്ഞുകൊണ്ട്, ‘രാ രാജ ചന്ദ്രുഡു’ എന്ന തെലുങ്ക് ക്രൈസ്തവ ഭക്തിഗാന ആൽബത്തിൽ താൻ ആലപിച്ച ‘നീതെന്തോ കരുണ’ എന്ന് തുടങ്ങുന്ന ഗാനവും അദ്ദേഹം ആലപിച്ചു.
‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും നേരത്തെ കീരവാണിക്ക് ലഭിച്ചിരുന്നു. അദ്ദേഹവും ഗാനരചയിതാവ് ചന്ദ്രബോസും ചേർന്നാണ് ഓസ്‌കാർ പുരസ്‌കാരം ഏറ്റുവാങ്ങിയത്. മലയാളം ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിലായി നൂറുകണക്കിന് ഗാനങ്ങൾക്കാണ് ഇതുവരെ കീരവാണി ഈണം പകർന്നിട്ടുള്ളത്.
വാർത്തയ്ക്ക് കടപ്പാട് : സണ്ഡേ ശാലോം