തിരുവനന്തപുരം: ( 23.12.2020) പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി (86) അന്തരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിക്ക് ശ്വസന, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. കോവിഡ് ബാധയെത്തുടര്‍ന്നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സുഗതകുമാരിയെ നില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്.
പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിന്റെ ഊഷ്മളതയും അതു നഷ്ടപ്പെടുന്നതിന്റെ വേദനയുമാണ് സുഗതകുമാരിയുടെ കവിതയുടെ കാതല്‍. സ്‌നേഹത്തിലാണ് അതിന്റെ ചുവടുറച്ചിരിക്കുന്നത്. പ്രകൃതിയോടുള്ള മനുഷ്യന്റെ പെരുമാറ്റത്തിനു ചൂഷണത്തിന്റെ സ്വഭാവമുണ്ടായപ്പോഴൊക്കെ സുഗതകുമാരി ശബ്ദമുയര്‍ത്തി. പ്രകൃതിക്കുവേണ്ടിയുള്ള സമരമുഖങ്ങളുടെ മുന്‍നിരയില്‍ത്തന്നെ അവരുണ്ടായിരുന്നു.
സൈലന്റ്വാലി, അട്ടപ്പാടി, ആറന്മുള എന്നിങ്ങനെ നീളുന്നു ആ പോരാട്ടങ്ങള്‍. വനനശീകരണത്തിനെതിരെ ശബ്ദമയുര്‍ത്തിയ സുഗതകുമാരി, നിലാരംബരായ സഹജീവികള്‍ക്ക് അമ്മയുമായി. അവര്‍ക്കായി സ്ഥാപിച്ച ‘അഭയ’ ആശ്രയമില്ലാത്ത സ്ത്രീകള്‍ക്കും കുഞ്ഞുങ്ങള്‍ക്കും അഭയകേന്ദ്രമാണ്.
രാത്രിമഴ, മുത്തുച്ചിപ്പി, പാവം മാനവഹൃദയം, പാതിരാപ്പൂക്കള്‍, ഇരുള്‍ച്ചിറകുകള്‍, സ്വപ്നഭൂമി, പ്രണാമം, അമ്ബലമണി, കുറിഞ്ഞിപ്പൂക്കള്‍, കൃഷ്ണകവിതകള്‍, തുലാവര്‍ഷപ്പച്ച, രാധയെവിടെ, ദേവദാസി (കവിതാസമാഹരങ്ങള്‍), വാഴത്തേന്‍, അയലത്ത് പറയുന്ന കഥകള്‍ (ബാലസാഹിത്യം), കുട്ടികളുടെ പഞ്ചതന്ത്രം, സോനയുടെ ധീരകൃത്യങ്ങള്‍ (വിവര്‍ത്തനങ്ങള്‍) എന്നിവയാണ് പ്രധാനകൃതികള്‍. സ്വപ്നഭൂമി, പ്രണാമം, കാവുതീണ്ടല്ലേ എന്നീ ലേഖനസമാഹാരങ്ങളും രചിച്ചിട്ടുണ്ട്.
1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ്, 1968ല്‍ പാതിരാപൂക്കള്‍ക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, 1984ല്‍ അമ്ബലമണിക്ക് ആശാന്‍െ്രെപസ്, ഓടക്കുഴല്‍ അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, 1986ല്‍ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കംഗീകാരമായി ഭാരതസര്‍ക്കാരിന്റെ ‘വൃക്ഷമിത്ര’ അവാര്‍ഡ്, സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ്, മികച്ച സാംസ്‌കാരിക പ്രവര്‍ത്തകയ്ക്കുള്ള റേച്ചല്‍ തോമസ് അവാര്‍ഡ്, ജന്മാഷ്ടമി പുരസ്‌ക്കാരം, ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌ക്കാരമായ ‘സരസ്വതിസമ്മാന്‍’ (2013), സമഗ്രസംഭാവനയ്ക്കുള്ള സംസ്ഥാന ഗ്രന്ഥശാലാസംഘത്തിന്റെ ഐ വി ദാസ് പുരസ്‌ക്കാരം (2015), പരിസ്ഥിതി സാഹിത്യരംഗങ്ങളിലെ സംഭാവനയ്ക്കുള്ള സഹ്യ പുരസ്‌ക്കാരം (2015), സമസ്ത കേരള സാഹിത്യപരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം (2015), കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് എന്നിവ സുഗതകുമാരിക്ക് ലഭിച്ച ബഹുമതികളാണ്.