‘ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരും’; പരസ്യ വെല്ലുവിളിയുമായി ഉഡുപ്പിയിലെ സംഘപരിവാര്‍ സംഘടന

പൊലീസും സര്‍ക്കാരും നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ആക്രമണം അഴിച്ചുവിടും.

0 738

ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗണ വേദികെ (എച്ച്.ജെ.വി). നേരത്തെ ക്രിസ്ത്യന്‍ മതത്തിലേക്ക് അമിതമായി പരിവര്‍ത്തനം ചെയ്യുന്നുണ്ട് എന്നാരോപിച്ച് പ്രദേശത്ത് ആക്രമണം അഴിച്ചുവിട്ടിരുന്നു. വെളളിയാഴ്ച്ച കര്‍ക്കളയിലെ ദേവാലയത്തിലേക്ക് അമ്പതോളം എച്ച്.ജെ.വി പ്രവര്‍ത്തകര്‍ അതിക്രമിച്ച് കടക്കുകയും സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ അക്രമിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ആക്രമണം തുടരുമെന്ന പരസ്യ വെല്ലുവിളിയുമായി സംഘടന ഔദ്യോഗിക സോഷ്യല്‍മീഡിയ പേജിലൂടെ രംഗത്തെത്തിയത്.

ഉഡുപ്പി ജില്ലയിലെ കര്‍ക്കളയില്‍ കുക്കുണ്ടൂര്‍ ആനന്ദി മൈതാനത്തെ പ്രഗതി പ്രാര്‍ത്ഥനാലയത്തിന് നേരെയാണ് ഇന്നലെ ആക്രമണം ഉണ്ടായത്. പൊലീസെത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ഇവിടെ സ്ത്രീകളെയും കുട്ടികളെയുമടക്കം മതപരിവര്‍ത്തനം ചെയ്യുന്നുവെന്നാണ് ഹിന്ദു ജാഗരണ്‍ വേദികെയുടെ ആരോപണം. ”നിരവധി വര്‍ഷങ്ങളായി ജില്ലയില്‍ ക്രിസ്ത്യന്‍ മിഷണറിമാര്‍ മതപരിവര്‍ത്തനം നടത്തികൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ പൊലീസും സര്‍ക്കാരും നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ ആക്രമണം അഴിച്ചുവിടും. കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഞങ്ങള്‍ ആക്രമണം അഴിച്ചു വിട്ടത്. ഗണേശോത്സവം നടത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല. എന്നാല്‍ പ്രാര്‍ത്ഥനയുടെ പേരില്‍ മതപരിവര്‍ത്തനം ഇവിടെ അനുമതിയുണ്ട്. ആളുകളെ മതപരിവര്‍ത്തനം ചെയ്യുന്ന ആളുകള്‍ക്ക് കോവിഡ് നിയമങ്ങള്‍ ബാധകമല്ലേ? നിരവധി മതപരിവര്‍ത്തന കേന്ദ്രങ്ങള്‍ തീരപ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെങ്കില്‍ ഞങ്ങള്‍ ആക്രമണം തുടരും.” ആക്രമണത്തിന് ശേഷം എച്ച്.ജെ.വി നേതാവ് പ്രകാശ് കുക്കെഹള്ളി മാധ്യങ്ങളോട് പറഞ്ഞു.
അതേസമയം, ആരേയും മതംമാറ്റുന്നില്ലെന്നും പ്രാര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നതെന്നും ദേവാലയം ഭാരവാഹിയായ ബെനഡിക്ട് പറഞ്ഞു. ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനക്കിടെ ഇവിടെ ആക്രമിച്ചുകടക്കുകയായിരുന്നു. അവര്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന വിശ്വാസികളെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ കര്‍ക്കള ടൗണ്‍ സ്റ്റേഷനില്‍ പരാതി നല്‍കിയങ്കിലും ഇതുവരെ പ്രതികള്‍ക്കെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ലെന്നും ആരോപണമുണ്ട്.

 

Get real time updates directly on you device, subscribe now.

%d bloggers like this: