ക്രൈസ്തവർക്ക് നേരെ ആക്രമണം, പിസിഐ നിവേദനം നൽകി.

0 1,566

രാജ്യത്ത് ക്രൈസ്തവർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിനു വേണ്ടി പിസിഐ സംസ്ഥാന കമ്മിറ്റി കേരളാ എംപി മാർക്ക് നിവേദനം നൽകി.

രാജ്യത്ത് ക്രൈസ്തവരും മിഷണറിമാരും ക്രിസ്ത്യൻ സ്ഥാപനങ്ങളും ആരാധനാലയങ്ങളും വലിയ ആക്രമണങ്ങൾ നേരിടുകയാണ്. പ്രത്യേകിച്ച് ഛത്തീസ്ഗഡ്, ഹരിയാന, ജാർഖണ്ഡ്, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ആരാധനാലയങ്ങൾ തീ വച്ച് നശിപ്പിച്ചും മിഷനറിമാരെ ശാരീരികമായി മർദ്ദിച്ചും ആയുധങ്ങൾ ഉപയോഗിച്ച് മുറിവേല്പിച്ചും ഭീഷണിപ്പെടുത്തുകയാണ്. മിഷനറിമാരെ കള്ളക്കേസിൽ കുടുക്കിയും ജാമ്യം ഇല്ലാത്ത വകുപ്പ് ചുമത്തി ജയിലിൽ അടച്ചും പീഡിപ്പിക്കുകയാണ്. മതപരിവർത്തന നിരോധന നിയമങ്ങൾ പോലെയുള്ള കരിനിയമങ്ങൾ നടപ്പിലാക്കിയും UAPA ചുമത്തിയും സുവിശേഷ പ്രവർത്തകരെ പീഡിപ്പിക്കുകയാണ്. സംഘടനകളുടെ രജിസ്ട്രേഷൻ റദ്ദാക്കിയും ഫണ്ടുകൾ മരവിപ്പിച്ചും വിദ്യാഭ്യാസ – ആരോഗ്യ മേഖലയിലെ സേവനപ്രവർത്തനങ്ങളെ ഇല്ലാതാക്കുകയാണ്.
ജാമ്യം ലഭിക്കാതെ ഇന്നും മധ്യപ്രദേശ്, ഉത്തർപ്രദേശ് ജയിലുകളിൽ പാസ്റ്ററന്മാർ/ വൈദികർ കിടപ്പുണ്ട്. നോട്ടീസ് പോലും നൽകാതെ കർണാടകയിൽ അടക്കം സഭാഹാളുകൾ അടച്ചു പൂട്ടുകയാണ്. ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരെ നിയമത്തിൻ്റെ മുന്നിൽ എത്തിച്ച് ക്രൈസ്തവർക്കും മിഷനറിമാർക്കും നീതി ലഭ്യമാക്കണമെന്നും ക്രിസ്ത്യൻ സ്ഥാപനങ്ങൾക്ക് സംരക്ഷണം നൽകണമെന്നും ആവശ്യപ്പട്ടുകൊണ്ടാണ് പിസിഐ നിവേദനം നൽകിയത്. ഈ വിഷയം അടിയന്തിര സ്വഭാവത്തോടെ കേന്ദ്ര സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും പാർലമെൻ്റിൽ നോട്ടീസ് നൽകി ഉന്നയിക്കണമെന്നും പിസിഐ ആവശ്യപ്പെട്ടു.

എംപിമാരായ അഡ്വ. എ എം ആരിഫ്, ഡോ. ശശി തരൂർ, എൻ കെ പ്രേമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ്, ആൻ്റോ ആൻ്റണി, തോമസ് ചാഴിക്കടൻ,അഡ്വ.ഡീൻ കുര്യാക്കോസ്, ബെന്നി ബഹനാൻ, ടി എൻ പ്രതാപൻ, ഹൈബി ഈഡൻ, കെ. സി വേണുഗോപാൽ, ജോൺ ബ്രിട്ടാസ്, ബിനോയ് വിശ്വം, ജോസ് കെ മാണി, അൽഫോൺസ് കണ്ണന്താനം എന്നിവർക്കാണ് പരാതി നൽകിയത്.

രാജ്യത്തുടനീളം മതന്യൂനപക്ഷങ്ങൾക്ക് എതിരെ നടക്കുന്ന അതിക്രമങ്ങളിൽ പിസിഐ കടുത്ത ആശങ്ക രേഖപ്പെടുത്തി. വർക്കിങ് പ്രസിഡൻ്റ് പാസ്റ്റർ നോബിൾ പി തോമസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പാസ്റ്റർ ജെയ്സ് പാണ്ടനാട് പ്രമേയം അവതരിപ്പിച്ചു. പാസ്റ്റർന്മാരായ ജിജി ചാക്കോ, തോമസ് എം പുളിവേലിൽ, ഫിന്നി പി മാത്യൂ, അനീഷ് കൊല്ലങ്കോട്, രാജീവ് ജോൺ, ബിനോയ് ചാക്കോ, അനീഷ് എം ഐപ്പ്, ഏബ്രഹാം ഉമ്മൻ എന്നിവർ പ്രസംഗിച്ചു.

Get real time updates directly on you device, subscribe now.

%d bloggers like this: