വിഷാദരോഗം അലട്ടുന്നുണ്ടോ?
ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപൃതമായുള്ള വിഷാദരോഗത്തിന്റെ തോത് 21.5 മുതല്‍ 71.25 ശതമാനം വരെയാണ്.
വിഷാദരോഗം അലട്ടുന്നുണ്ടോ?
ഡിപ്രഷൻ അല്ലെങ്കിൽ വിഷാദരോഗം ഗൌരവമേറിയതും ഉടനടി ചികിൽസ ആവശ്യമുള്ളതുമായ ഒരു രോഗമാണ്. നിർഭാഗ്യവശാൽ രോഗിക്കോ അയാളുടെ കുടുംബാംഗങ്ങൾക്കോ സുഹൃത്തുക്കൾക്കൊ ഈ അവസ്ഥ മനസ്സിലാക്കാൻ കഴിയാറില്ല. ദുഖം, ഭാവിയെക്കുറിച്ചുള്ള അശുഭചിന്തകൾ, സ്വയം ഒരു മതിപ്പില്ലായ്മ എന്നിവയാണ് വിഷാദരോഗത്തിനു അടിമയാകുന്ന ഒരു രോഗി പ്രധാനമായും അനുഭവിക്കുന്ന വികാരങ്ങൾ.
പൂർണമായും ചികിൽസിച്ചു മാറ്റാൻ സാധിക്കുന്ന ഈ രോഗത്തിന് എത്രയും പെട്ടെന്ന് ചികിൽസ തേടേണ്ടത് അത്യാവശ്യമാണ്. എത്ര നേരത്തെ ചികിൽസ കിട്ടുന്നുവോ എന്നതിനെ ആശ്രയിച്ചിരിക്കും രോഗം പൂർണമായി സുഖപ്പെടാനും ആവർത്തിക്കാതിരിക്കാനും ഉള്ള സാധ്യത. മരുന്നോ സൈക്കോതെറാപ്പിയോ അല്ലെങ്കിൽ രണ്ടുമോ രോഗത്തിന്റെ ഗുരുതരാവസ്ഥ അനുസരിച്ച് ചികിൽസക്ക് ഉപയോഗിക്കുന്നു.
എന്താണ് വിഷാദരോഗം?
രോഗിയുടെ ചിന്തകളെ ബാധിച്ച് അതിലൂടെ അവരുടെ പ്രവൃത്തികളെ നിയന്ത്രിക്കുന്ന ഗുരുതരവും സാധാരണവുമായ ഒരു രോഗമാണിത്്. പലതരം വിഷാദരോഗങ്ങൾ മനശാസ്ത്രഞ്ജൻമാർ തിരിച്ചറിഞ്ഞ് വിശകലനം നടത്തിയിട്ടുണ്ട്. മേജർ ഡിപ്രഷൻ, പേഴസിസ്റ്റന്റ് ഡിപ്രസ്സീവ് ഡിസോർഡർ, ബൈപോളാർ ഡിസോർഡർ, സീസണൽ അഫക്ടീവ് ഡിസോർഡർ, സൈകോട്ടിക്ക് ഡിപ്രഷൻ, പോസ്റ്റപാർട്ടം ഡിപ്രഷൻ, പ്രീമെനുസ്ട്രൽ ഡിസിഫോറിക്ക് ഡിസോർഡർ, സിറ്റുവേഷണൽ ഡിപ്രഷൻ, എടിപ്പിക്കൽ ഡിപ്രഷൻ എന്നിവ അവയിൽ ചിലതാണ്. മേജർ ഡിപ്രഷൻ അല്ലെങ്കിൽ ക്ലിനിക്കൽ ഡിപ്രഷൻ ഒരു തരം വിഷാദരോഗമാണ്. സ്ഥിരമായ ഒരു വിഷാദഭാവമാണ് ഇതിന്റെ പ്രധാന ലക്ഷണം. എല്ലാ പ്രവൃത്തികളിലും താൽപ്പര്യകുറവ് പ്രകടമായിരിക്കും. സ്വാഭാവത്തിലും ശാരീരിക ലക്ഷണങ്ങളിലും വ്യത്യാസം കണാൻ കഴിയും. ഉറക്കകുറവ്, വിശപ്പില്ലായ്മ, ഉന്മേഷമില്ലായ്മ, ശ്രദ്ധകുറവ്, എല്ലാത്തിനും പുറമേ സ്വയം ഒന്നിനും കൊള്ളില്ല എന്നൊരു വിശ്വാസവും ഈ രോഗികളിൽ കാണാൻ കഴയും. ആത്മഹത്യ ചിന്തകൾ കൂടുതൽ ആയിരിക്കും.
കുട്ടികളിലെയും കൗമാരക്കാരിലെയും വിഷാദരോഗത്തിന്റെ ലക്ഷണങ്ങൾ
കുട്ടിയുടെ പെരുമാറ്റം, സാധാരണ നിലയിലുള്ള സാമൂഹിക ജീവിതത്തെയും കുടുംബജീവിതത്തെയും സ്കൂൾ ജീവിതത്തെയും തടസ്സപ്പെടുത്തുന്ന തരത്തിലുള്ളതാണെങ്കിൽ വിഷാദരോഗം അസ്വാഭാവിക നിലയിലായിരിക്കും. കൗമാരക്കാരിൽ രണ്ടാഴ്ചയിൽ കൂടുതൽ ലക്ഷണങ്ങൾ നിലനിൽക്കുകയാണെങ്കിൽ അവർ വിഷാദരോഗം മൂലം ബുദ്ധിമുട്ടുന്നുവെന്ന് കണക്കാക്കാം. ഇന്ത്യയിലെ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വ്യാപൃതമായുള്ള വിഷാദരോഗത്തിന്റെ തോത് 21.5 മുതല്‍ 71.25 ശതമാനം വരെയാണ്. കൗമാരപ്രായത്തിലുള്ളവരിൽ ഇത്തരം ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്നുവെങ്കിൽ വിഷാദ രോഗമാണെന്നു മനസ്സിലാക്കാം. കൗമാരപ്രായത്തിലുള്ളവരില്‍ കണ്ടു വരുന്ന വിഷാദരോഗം, പതിവ് പ്രവൃത്തികളില്‍ ഉള്ള താല്പര്യക്കുറവിലേക്കും സന്തോഷരാഹിത്യത്തിലേക്കും നയിക്കുന്ന കടുത്ത മാനസിക ക്രമക്കേടാണ്. കൗമാരപ്രായക്കാരിലുള്ള വിഷാദരോഗം അവരുടെ വികാരവിചാരങ്ങൾക്കും സ്വഭാവത്തിനും ശാരീരിക, വൈകാരിക ഭാവങ്ങൾക്കും കടുത്ത ആഘാതമേൽപ്പിക്കുന്നതായിരിക്കും. കൗമാരപ്രായക്കാരിലേയും മുതിര്‍ന്നവരിലേയും വിഷാദരോഗ ലക്ഷണങ്ങള്‍ വ്യത്യസ്തമാണ്. വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലും കോളേജിലും നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നു : പഠനത്തിലുള്ള സമ്മർദം, സഹപാഠിമാരിൽ നിന്നുള്ള സമ്മർദം, സോഷ്യല്‍ മീഡിയയില്‍ നിന്നുയരുന്ന ഭീഷണികള്‍, സഹപാഠികളോടുള്ള മത്സരം എന്നിവയെല്ലാം അവരില്‍ വിഷാദരോഗത്തിനു കാരണമായേക്കാം. യുവാക്കൾ, പ്രത്യേകിച്ച് കൗമാരദശയില്‍ നിന്നും യുവത്വത്തിലേക്കു കാലൂന്നുന്ന ചെറുപ്പക്കാർ, ജീവിതത്തിലെ വിവിധ കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിലുള്ള വൈഷമ്യങ്ങൾ കൊണ്ട് വിഷാദരോഗത്തിനടിമകളാകാൻ സാധ്യതയുണ്ട്. കോഴ്‌സുകൾ തിരഞ്ഞെടുക്കൽ, തൊഴിൽ തിരഞ്ഞെടുക്കൽ, ആശ്രിതനായിരുന്ന അവസ്ഥയിൽ നിന്നും അർദ്ധ ആശ്രിതനായി മാറുന്ന അവസ്ഥ മുതലായവയെല്ലാം ഏറെ വെല്ലുവിളികൾ ഉയർത്തുന്ന കാര്യങ്ങളാണ്. ജീവിതത്തില്‍ സങ്കീർണമായ മാറ്റങ്ങൾ ഉണ്ടാകുന്നതിനനുസരിച്ച് വിദ്യാർത്ഥികൾ വൈകാരികമായി സ്വയം പാകപ്പെടേണ്ടതുണ്ട്. സ്‌കൂളിലെയും കോളേജിലേയും വെല്ലുവിളികൾ, സ്വതന്ത്രമായി ജീവിക്കാന്‍ പഠിക്കൽ, വീടു വിട്ടു താമസിക്കേണ്ടി വരൽ, പുതിയ ബന്ധങ്ങൾ സ്ഥാപിക്കൽ, ഉറക്കത്തിന്റെ താളംതെറ്റല്‍ ഇവയെല്ലാം വിദ്യാർത്ഥികളെ വിഷാദരോഗത്തിലേക്ക് തള്ളിവിട്ടേക്കാം. കാരണമില്ലാതെ സ്കൂളിലോ കോളജിലോ പോകാതിരിക്കുക, മയക്കുമരുന്ന് ഉപയോഗം, കുറഞ്ഞ ഗ്രേഡ് തുടങ്ങിയവയുമായും വിഷാദരോഗം ബന്ധപ്പെട്ടിരിക്കുന്നു. മൊബൈൽ ഫോണുകളുടേയും കമ്പ്യൂട്ടറുകളുടേയും അമിതമായ ഉപയോഗവും വിഷാദരോഗത്തിനു കാരണമായേക്കുമെന്ന് കരുതപ്പെടുന്നു. വിദ്യാർത്ഥികളിലെ വിഷാദരോഗം നേരത്തെ തന്നെ മനസ്സിലാക്കാൻ കഴിഞ്ഞാൽ കാര്യക്ഷമമായി നിയന്ത്രിക്കാനും ആത്മഹത്യ പോലുള്ള കാര്യങ്ങൾ തടയാനും കഴിഞ്ഞേക്കും. ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ളവരിലാണ് ആത്മഹത്യാ പ്രവണത കൂടുതലെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവിവാഹിതരായ പുരുഷന്മാരും, വിവാഹിതരായ സ്ത്രീകളും ഇതില്‍ ഉൾപ്പെടുന്നു.
ഈ രോഗത്തിനെ എങ്ങനെ തിരിച്ചറിയാം എന്ന് നോക്കാം.
ഭക്ഷണ ക്രമത്തിലുള്ള പ്രകടമായ മാറ്റം.
ഒരുപാട് കഴിക്കുകയോ അല്ലെങ്കിൽ തീരെ കഴിക്കാതെ ഇരിക്കുകയൊ ചെയ്യും. ചുറ്റുപാടിൽ നിന്നും ഉൾവലിഞ്ഞിരിക്കും. അനാവശ്യവും നിരന്തരവുമായ ചിന്തകൾ കൊണ്ട് പൊറുതി മുട്ടുന്ന രോഗി ഭക്ഷണം കഴിക്കാൻ മറന്നു പോകും. അല്ലെങ്കിൽ യാന്ത്രികമായി ഭക്ഷണം കഴിക്കും. അതു നിയന്ത്രിക്കാൻ രോഗിക്ക് ബുദ്ധിമുട്ടാവും. അങ്ങനെ അമിത ആഹാരിയായി തീർന്ന് ശാരീരിക പ്രശ്നങ്ങൾ വരുത്തി വെക്കും.
അമിതമായ ഉറക്കം അല്ലെങ്കിൽ ഉറക്കകുറവ്
രാത്രിയെന്നോ പകലെന്നോ ഭേദമില്ലാതെ ഇവർ ഉറക്കത്തിലാണ്ടു പോവും. കടുത്ത ദുഖത്തിൽ നിന്നും മോചനം കിട്ടാനുള്ള ഒരു രക്ഷാമാർഗ്ഗം ആണ് പലപ്പോഴും ഈ ഉറക്കം. കടുത്ത ഉന്മേഷ കുറവും ഉറക്കത്തിലേക്ക് നയിക്കും. ചിലപ്പോൾ ഉറക്കമില്ലായ്മയും വിഷാദരോഗികളെ അലട്ടാറുണ്ട്. ഇത് കൂടുതൽ അപകടം ചെയ്യും. ശരീരത്തിന്റെ ചയാപചയപ്രവർത്തനങ്ങൾ മുഴുവൻ തകരാറിലാവും.
ചെറിയ കാര്യങ്ങൾക്ക് ദേഷ്യപ്പെടുകയും നിയന്ത്രണമില്ലാതെ പെരുമാറുകയും ചെയ്യും.
പെട്ടെന്നു ക്ഷോഭിക്കും. വിഷാദരോഗം ശരീരത്തിലെ ഹോർമോണുകളെ ബാധിക്കുന്നത് കൊണ്ടാണിത്. ശരീരവേദന അനുഭവപ്പെടുമ്പോൾ അസ്വസ്ഥരാകുന്നതു പോലെ മാനസിക വേദനയും ഒരു മനുഷ്യനെ അസ്വസ്ഥനാക്കും.
ഒരിക്കൽ സന്തോഷം നൽകിയിരുന്ന പ്രവർത്തികൾ രോഗിയെ സന്തോഷിപ്പിക്കില്ല.
പാട്ടുകേട്ടൊ പുസ്തകം വായിച്ചൊ പാചകം ചെയ്തോ അവർക്ക് സന്തോഷിക്കാൻ കഴിയില്ല. രോഗി എല്ലാത്തിൽ നിന്നും ഉൾവലിഞ്ഞു പോകും. വികാരശൂന്യത അനുഭവപ്പെടും.
ചിന്തകളെ ഉറപ്പിച്ചൊ കേന്ദ്രീകരിച്ചൊ നിർത്താൻ കഴിയില്ല.
ദൈനദിന ജീവിതത്തിലെ കൊച്ചു കൊച്ചു കാര്യങ്ങൾ മറന്നുപോകും. മനസ്സിൽ തിങ്ങി നിറഞ്ഞിരിക്കുന്ന ദുഖവും ശൂന്യതാബോധവും ഓർമ്മശക്തി, തീരുമാനമെടുക്കാനുള്ള കഴിവ്, ജോലി ചെയ്യാനുള്ള കഴിവ് എന്നിവയെ പ്രതികൂലമായി ബാധിക്കും.
അമിത ഉത്കണ്ഠ വിഷാദരോഗത്തിന്റെ ഒരു ലക്ഷണമാണ്.
ആധി പിടിച്ച ചിന്തകൾക്കുപുറമേ കടുത്ത പരിഭ്രമം ചിലപ്പോൾ പുറമേയും പ്രദർശിപ്പിക്കും. ഹൃദയമിടിപ്പ് വേഗത്തിലാവുക, അമിതമായി വിയർക്കുക ഉറങ്ങാനുള്ള ബുദ്ധിമുട്ട് എന്നിവ അവയിൽ ചിലതാണ്. അമിത ഉത്ക്കണ്ഠ തോന്നുന്നുവെങ്കിൽ ഡോക്ടറെ കാണാൻ മടിക്കരുത്.