പാസ്റ്റർ കെ. റ്റി. സാമുവേൽ- പ്രതികൂലങ്ങളിൽ തളരാതെ ഓട്ടം തികച്ച വിശ്വസ്ത ദാസൻ.
അനേകർക്ക് അനുകരിക്കാൻ പറ്റിയ മാതൃകയാണ് പാസ്റ്റർ കെ. റ്റി. സാമുവേൽ.
“ഞാൻ നല്ല പോർ പൊരുതു, ഓട്ടം തികച്ചു, വിശ്വാസം കാത്തു, ഇനി നീതിയുടെ കിരീടം കർത്താവ് എനിക്കായി വച്ചിരിക്കുന്നു (2തീമോ.4.7)”
പത്തനംതിട്ട ജില്ലയിൽ കുളനടയിൽ ഒരു റോമൻ കത്തോലിക്കാ കുടുംബമായ കുഴിപ്പാറ പടിഞ്ഞാറ്റേതിൽ തോമസിനെയും റാഹേലമ്മയുടെയും മൂത്ത മകനായി 1938 മാർച്ച് മാസം 16 നാണ് പാസ്റ്റർ കെ.റ്റി. സാമുവേൽ ജനിച്ചത്. ചെറുപ്പകാലം മുതൽ തന്നെ നല്ല ദൈവഭയത്തിലും ഭക്തിയിലും വളർന്നു വന്നു. 22 വയസ്സു വരെ കത്തോലിക്കാ സഭയിലെ മദ്ബഹായിൽ പുരോഹിതനോടൊപ്പം സഹായ ശുശ്രൂഷകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം 1960 ൽ ഉപജീവനാർത്ഥം മുംബൈയിൽ എത്തിച്ചേർന്നു. അവിടെ നല്ലൊരു ജോലി ഉയർന്ന ശമ്പളത്തിൽ തന്നെ ലഭിച്ചു. ധാരാളം പണം കയ്യിലെത്തിയപ്പോഴേക്കും ആത്മീയ നിലവാരം കുത്തനെ ഇടിഞ്ഞു. പലരും സുവിശേഷം പറഞ്ഞെങ്കിലും അത് ചെവിക്കൊള്ളുവാൻ മനസായില്ല. അങ്ങനെയിരിക്കെ രോഗം പിടിപെട്ടു കിടപ്പിലായി. ജോലിക്ക് പോകുവാൻ വയ്യാതെയായി. പല ഡോക്ടർമാർ ചികിത്സ നൽകിയിട്ടും രോഗത്തിന് ശമനം ഉണ്ടായില്ല. ഒരു ദിവസം രാത്രിയിൽ മരിക്കും എന്ന അവസ്‌ഥയിലെത്തി. അവസാനം ചില നിമിഷങ്ങൾ വളരെ വിഷമത്തോടും കണ്ണുനീരോടും മനസ്സിൽ ധ്യാനിച്ച് ദൈവത്തോട് പ്രാർത്ഥിച്ചു കണ്ണുകളടച്ചു. കൂടെപാർത്തിരുന്നവർ, നേരം വെളുക്കട്ടെ, പിന്നെ എന്തെങ്കിലും ചെയ്യാം എന്ന് ചിന്തിച്ച് ഉറങ്ങാതിരുന്നു. പിറ്റേന്ന് പ്രഭാതത്തിൽ ഒരു ദൈവദാസൻ വേദപുസ്തകവുമായി വീട്ടിലെത്തി തന്റെ അവസ്‌ഥ കണ്ട് കണ്ണുനീരോടുകൂടെ പ്രാർത്ഥിച്ചു. പ്രാർത്ഥനയുടെ ഫലമായി അല്പ സമയത്തിന് ശേഷം കണ്ണുകൾ തുറന്നു. തന്റെ കൂടെ പാർത്തിരുന്ന ഒരാളുടെ സ്നേഹിതനായിരുന്നു വന്ന ദൈവദാസൻ. കണ്ണു തുറന്ന തന്നോട് വചനം ആധികാരികമായി സംസാരിച്ചു. എല്ലാം ആദ്യമായി കേൾക്കുന്നത് കൊണ്ട് ഒന്നും മനസ്സിലായില്ലെങ്കിലും ഒടുവിൽ പറഞ്ഞത് തന്റെ ഹൃദയത്തിൽ പതിഞ്ഞു. യേശുക്രിസ്തു മരിച്ചവരുടെ ഇടയിൽ നിന്ന് ഉയിർത്തെഴുന്നേറ്റു, ഇന്നും ജീവിക്കുന്നു. പാപികളെ രക്ഷിക്കുന്നു, രോഗികളെ സൗഖ്യമക്കുന്നു, മരിച്ചവരെ ഉയർപ്പിക്കുന്നു. അങ്ങനെ ചിലനാളുകൾക്ക് ശേഷം 1962 ഏപ്രിൽ ആദ്യം രക്ഷാനിർണ്ണയം പ്രാപിക്കുകയും അതേമാസം 20 ന് സ്നാനപ്പെടുകയും ചെയ്തു. ദൈവത്തിന്റെ അഭിഷിക്തനായിരുന്ന പാസ്റ്റർ ജോർജ്ജ് തോമസ് പ്രദേശിയായിരുന്നു സ്നാനപ്പെടുത്തിയത്. രക്ഷിക്കപ്പെട്ട് സ്നാനപ്പെട്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് അന്യഭാഷാ വരത്തോടെ പരിശുദ്ധാത്മാഭിഷേകം ലഭിച്ചത്.
പ്രതികൂലങ്ങൾ ആഞ്ഞടിക്കുന്നു
സ്നാനപ്പെട്ട് പെന്തെക്കോസ്തു വിശ്വസിയായി കർത്താവിന്റെ സാക്ഷിയായതോടെ പ്രതികൂലങ്ങൾ കൂടുകയായിരുന്നു.
1962 ഏപ്രിൽ മുതൽ ചെമ്പൂർ ദൈവസഭയുടെ അംഗമായി. 19968 വരെ അവിടെ തുടർന്നു. ആ സമയങ്ങളിൽ ഫോർട്ട് ഏരിയയിലും കൊലാബയിലും ഒക്കെ മീറ്റിങ് നടത്തുമായിരുന്നു. അംബർനാഥ് വരെ ദൈവദാസന്മാരോടൊപ്പം ഭവന സന്ദർശനം നടത്തുകയും ലഘുലേഖ വിതരണം ചെയ്യുകയും ചെയ്തു. ചെമ്പു സഭയുടെ സെക്രട്ടറി, വൈ.പി. ഈ. സെക്രട്ടറി, കമ്മിറ്റി അംഗം, സണ്ഡേസ്കൂൾ അധ്യാപകൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ചെമ്പൂർ സഭയുടെ സഹ ശുശ്രൂഷകനായും പ്രവർത്തിച്ചു. ഇന്ന് ഡോംബിവ്‌ലി സഭ എന്നു പറയുന്ന സഭയുടെ തുടക്കം മുംബ്രായിൽ ആയിരുന്നു. 1969 ലാണ് ആരംഭിച്ചത്. ദൈവസഭയുടെ മൂന്നാം ശാഖയായ മുംബ്രാ സഭയുടെ പ്രഥമ ശുശ്രൂഷകനായി പാസ്റ്റർ കെ.റ്റി. സാമുവേൽ ചുമതലയേറ്റു.
വിവാഹം
1971 നവംബർ 4 ന് പത്തനംതിട്ട ജില്ലയിൽ കടമ്മനിട്ടയിൽ ചാന്ത്കാവിൽ ഇടയിലമുറിയിൽ ഫിലിപ്പോസിന്റെയും അന്നമ്മയുടെയും രണ്ട് മക്കളിൽ ഇളയവളായ ചിന്നമ്മ ഫിലിപ്പോസിനെ ജീവിതസഖിയാക്കി. കടമ്മനിട്ടയിലുള്ള ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയുടെ ആഭിമുഖ്യത്തിൽ ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ വി.റ്റി. ജോസഫാണ് വിവാഹശുശ്രൂഷ നടത്തിയത്.
വിവാഹത്തിന് ശേഷം വീണ്ടും മുംബൈയിലെത്തി ശുശ്രൂഷ തുടർന്നു. ചെമ്പൂർ സഭയിലെ ഒരംഗമായ സഹോദരി സിസിലിയുടെ വിക്രോളി-കണ്ണംവാർ നഗറിലെ ഭവനത്തിൽ രോഗിയായ അവരുടെ സഹോദരന്റെ വിടുത്തലിന് വേണ്ടി തുടങ്ങിയ ചെറിയൊരു കൂട്ടായ്മയാണ് ഇന്ന് വിക്രോളി ദൈവസഭാ എന്ന് അറിയപ്പെടുന്നത്. ആ സഭയുടെ പ്രഥമ ശുശ്രൂഷകൻ പാസ്റ്റർ കെ. റ്റി. സാമുവേൽ ആയിരുന്നു. തുടർന്ന് ആഗ്രയിലെ ദൈവസഭാ ശുശ്രൂഷകനായി വടക്കേ ഇന്ത്യയിലേക്ക് യാത്രയായി. വടക്കേ ഇന്ത്യയിലെ പ്രതികൂല കാലാവസ്ഥയാണ് പാസ്റ്റർ കെ. റ്റി. സമുവേലിന്റെ ഒച്ചയടച്ച് ശബ്ദം പുറപ്പെടുവിക്കുവാൻ വയ്യാതാക്കിയത്. ഉച്ചത്തിൽ പാടുകയോ പ്രസംഗിക്കുകയോ ചെയ്യരുതെന്ന് പരിശോധിച്ച ഡോക്ടർ താക്കീത് നല്കി. ആംഗ്യം കാട്ടിയും എഴുതിക്കാണിച്ചുമാണ് ഭാര്യയെപ്പോലും വിഷയം ധരിപ്പിച്ചിരുന്നത്. മുംബൈയിലും പല ഹോസ്പിറ്റലിൽ കാണിച്ചു. പക്ഷേ പ്രയോജനമൊന്നുമുണ്ടായില്ല. ജോലിയില്ല, സഭയില്ല, സുവിശേഷ പ്രവർത്തനമില്ല, ഒരു വരുമാനവുമില്ല. എങ്കിലും ക്ഷീണിച്ചോ അവിശ്വസിച്ചോ പിന്മാറിയില്ല. വിശ്വാസവും പ്രത്യാശയും മുറുകെപ്പിടിച്ചു. സഹായം വരുന്ന പാർവ്വതങ്ങളിലേക്ക് കണ്ണുകളുയർത്തി. അങ്ങനെയൊരു ദിവസം പ്രാർത്ഥിച്ചു കൊണ്ടിരിക്കുമ്പോൾ പരിശുദ്ധാത്മ ശക്തി തന്നിൽ വ്യാപരിച്ചു. വായ് തുറന്ന് ഉച്ചത്തിൽ സ്തുതിക്കുകയും ദൈവത്തെ മഹത്വപ്പെടുത്തുകയും ചെയ്തു.
നാളുകൾ കടന്നു പോയി. പ്രവർത്തിക്കുവാൻ ദൈവം ശബ്ദവും ശക്തിയും ആരോഗ്യവും തിരികെ നല്കി. കോളിവാഡ, കാമരാജ് നഗർ, രമാബായ് കോളനി, താനെ, വർത്തക് നഗർ, ഇന്ദിരാ നഗർ, ലോകമാന്യ തിലക് നഗർ, തുടങ്ങി ദിവാ, തക്കുർളിഗാവ് എന്നിവിടങ്ങളിലെല്ലാം വളരെ കഷ്ടപ്പെട്ട് പ്രവർത്തനം നടത്തി. പക്ഷേ സുവിശേഷ വേലയ്ക്കായി ആരും വാതിൽ തുറന്നു നല്കിയില്ല. അതിനിടെ ശരീരത്തിൽ അനുഭവപ്പെടുന്ന പലവിധത്തിലുള്ള രോഗങ്ങൾ. കൂടെക്കൂടെ ഛർദ്ദി, തുടരെ മൂത്രം ഒഴിവ്. ഇക്കാരണത്താൽ കിടക്കാനോ ഉറങ്ങുവാനോ കഴിയാത്ത അവസ്ഥ. ഒടുവിൽ അനേക ദിവസത്തെ പ്രാർത്ഥനകൾക്ക് ശേഷം അല്പം ആശ്വാസമുണ്ടായി.
പിന്നീട് മലാഡിൽ കുരാർ വില്ലേജിൽ അല്പകാലം ശുശ്രൂഷ ചെയ്തു. അതിന് ശേഷം വാശിനാക്ക, ചെമ്പൂർ, ഗോവണ്ടി തുടങ്ങിയ സ്ഥലത്തു പ്രവർത്തനം ആരംഭിച്ചു. അനേകർ കർത്താവിനെ രക്ഷിതാവായി സ്വീകരിച്ചു. പലരും സ്നാനപ്പെടുകയും, പിന്മാറ്റക്കാർ യാഥാസ്ഥാനത്താകുകയും ചെയ്തു. 1983-84 വരെ കൂട്ടായ്മയായി കൂടിവന്നു.
1984 ആയപ്പോഴേക്കും വലിയ ആരാധനയായി ഗോവണ്ടി സഭ പുഷ്ടിപ്പെട്ടു. 1985- നവംബറിൽ ഗോവണ്ടിയിലെ ആരാധന നെരൂളിലേക്ക് സ്ഥലം മാറി. 15 വർഷത്തെ ഗോവണ്ടിയിലെ ജീവിതം വളരെയധികം കഷ്ടവും യാതനയും നിറഞ്ഞതായിരുന്നു.
1985 ഡിസംബറിൽ നെരൂളിൽ ആരാധന തുടങ്ങി. അനേകർ സഭയോട് ചേർന്നു. നെരൂൾ സഭ അവിടെ ഉറച്ചു ശക്തിപ്പെട്ടു.
തുടർന്ന് ഉറനിൽ ദൈവസഭാ ശുശ്രൂഷ ആരംഭിച്ചു. എന്നാൽ ഇന്ന് ആ സഭ അസംബ്ലീസ് ഓഫ് ഗോഡ് പ്രസ്ഥാനവുമായി ചേർന്ന് പ്രവർത്തിക്കുന്നു.
പിന്നീട് സൂററ്റ്, ഉജ്ജയ്ൻ, കല്യാൺ, കാട്ടേമാനിവ്‌ലി, തുടങ്ങിയ സഭകളിലും താൻ ശുശ്രൂഷകനായിരുന്നിട്ടുണ്ട്. കാട്ടേമാനിവ്‌ലി ദൈവസഭയിലാണ് പാസ്റ്റർ കെ. റ്റി. സാമുവേൽ അവസാനമായി ശുശ്രൂഷിച്ച ദൈവസഭ. 2012 ഏപ്രിൽ മാസം 29 ന് ആരാധനയ്ക്ക് ശേഷം ഉചിതമായ നിലയിൽ ദൈവസഭ അദ്ദേഹത്തിന് യാത്രയയപ്പ് നല്കി
വാർദ്ധക്യവും ശാരിരിക അസ്വസ്ഥതയും മൂലം മറ്റെങ്ങും സഭാശുശ്രൂഷ ഏറ്റെടുത്തില്ല. എങ്കിലും സുവിശേഷവേലയിൽ നിന്നും പിന്മാറിയില്ല. ലഭിച്ചിരുന്ന സമയങ്ങളിലെല്ലാം താൻ ആരംഭിച്ചതും ശുശ്രൂഷ ചെയ്തിട്ടുള്ളതുമായ മിക്ക സഭകളും സന്ദർശിക്കുവാനും വചനം ശുശ്രൂഷിക്കാനും ഉത്സാഹിച്ചിരുന്നു. താൻ തുടങ്ങി വച്ച സഭയായതിനാൽ തന്നെ, താൻ വളരെയധികം പ്രിയപ്പെട്ടിരുന്ന സഭയായിരുന്നു നെരൂൾ ദൈവസഭ. നെരൂളിൽ സ്വന്തമായി ഭവനം ഉണ്ടായിരുന്നത് കാരണം കുടുംബമായി അവിടെയായിരുന്നു പാർത്തിരുന്നതും നെരൂൾ ദൈവസഭയിലായിരുന്നു ആരാധനയ്ക്ക് പോയിരുന്നതും.
മരണത്തിന് തൊട്ടുമുമ്പ് ഏകദേശം രണ്ടാഴ്ചയോളം താൻ ഏറെ സ്നേഹിച്ചിരുന്ന നെരൂൾ ദൈവസഭയിലെ വിശ്വാസികളോടൊപ്പം ആരാധനയിൽ പങ്കെടുക്കാനും ചുരുങ്ങിയ സമയമേ ലഭിച്ചുള്ളൂ എങ്കിലും ശക്തമായി വചനം ശുശ്രൂഷിക്കാനും ഇടയായി.
അനേകർക്ക് അനുകരിക്കാൻ പറ്റിയ മാതൃകയാണ് പാസ്റ്റർ കെ. റ്റി. സാമുവേൽ.
തന്റെ ശുശ്രൂഷയ്ക്കും ജീവിതത്തിനും താങ്ങും തണലുമായിരുന്ന പ്രിയപത്നിയുടെ വേർപാട് തന്നെ വളരെയധികം ദുഃഖിതനുമാക്കി. 2017 ഒക്ടോബർ 17 നാണ് ചിന്നമ്മ സാമുവേൽ താൻ പ്രിയംവെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടത്.
മക്കൾ: റേച്ചൽ (മേഴ്‌സി), സാറാമ്മ (ജെസ്സി), സ്റ്റീഫൻ (ജയിംസ്), സ്റ്റാൻലി(ജോയ്‌സൻ)
മരുമക്കൾ: വർഗ്ഗീസ് തോമസ്, സന്തോഷ് ചെറിയാൻ, ഫെബാ സ്റ്റാൻലി.
അവലംബം: പാസ്റ്റർ കെ. റ്റി. സാമുവേലിൻറ തന്നെ ജീവചരിത്രമായ ‘മരണത്തിൽ നിന്നും നിത്യജീവനിലേക്ക് ‘ എന്ന ഗ്രന്ഥം.