യുവ പുരോഹിതൻ പള്ളിയിലെ അൾത്താരയിൽ കുഴഞ്ഞു വീണ് മരിച്ചു
മരണത്തിന് തലേ ദിവസമായിരുന്നു ജെറിൻ 27 വയസ്സ് പൂർത്തിയാക്കിയത്.
സാകിനാക്ക ഇടവകയിലെ ശെമ്മാച്ചൻ ജെറിൻ ജോയ്‌സൺ ചിറ്റലപ്പിള്ളി ആണ് ഇന്നലെ രാത്രി നെരൂൾ പള്ളിയിൽ കുർബാന കഴിഞ്ഞു അൾത്താരയിലേക്ക് മടങ്ങവേ കുഴഞ്ഞു വീണ് മരിച്ചത്. ഈ ഡിസംബറിൽ പുരോഹിത പട്ടം സ്വീകരിക്കാനിരിക്കവെയാണ് ജെറിന്റെ ആകസ്മിക വേർപാട് . അൾത്താരയിൽ കുഴഞ്ഞു വീണ ഉടനെ അടുത്തുള്ള ടെർണ ഹോസ്പിറ്റലിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജെറിൻ ജോയ്‌സൺ ചിറ്റലപ്പിള്ളിയുടെ ആകസ്മിക മരണം ഞെട്ടലോടെയാണ് നഗരം കേട്ടത്. മുംബൈയിലെ സാകിനാക്ക മേരി മാതാ ഇടവകയിൽ ജനിച്ചു വളർന്ന ജെറിൻ പൗരോഹിത്യം സ്വീകരിക്കുവാനായാണ് 2007 ൽ കല്യാൺ രൂപതയിൽ ചേരുന്നത്. മരണത്തിന് തലേ ദിവസമായിരുന്നു ജെറിൻ 27 വയസ്സ് പൂർത്തിയാക്കിയത്.
കഴിഞ്ഞ വർഷം പൂനെയിൽ വച്ച് ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് മുംബൈ ഹിന്ദുജ ഹോസ്പിറ്റലിലെ ചികിത്സയിലായിരുന്നു ജെറിൻ. പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയതിന് ശേഷമാണ് വീണ്ടും പൗരോഹിത്യപരമായ സേവനങ്ങളിൽ വ്യാപൃതനായത്.
ഇന്നലെ വൈകീട്ട് നെരൂളിലെ സെന്റ് ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ചായിരുന്നു അത്യാഹിതം സംഭവിക്കുന്നത്. സംസ്കാര ചടങ്ങുകൾ ചൊവ്വാഴ്ച ജൂൺ 25ന് സാകിനാക്കയിലെ മേരി മാതാ പള്ളിയിൽ നടത്തുവാനാണ് തീരുമാനിച്ചിരിക്കുന്നത്.