റഷ്യൻ ഓർത്തഡോക്സ് സഭ മാറ്റത്തിന്റെ പാതയിൽ
സൈന്യത്തിന്റെ ആയുധങ്ങൾ വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കാൻ ശുപാർശ ചെയ്തു.
റഷ്യൻ ഓർത്തഡോക്സ് സഭയുടെ പ്രത്യേക സഭാസമിതിയുടെ കമ്മിറ്റി സൈന്യത്തിന്റെ ആയുധങ്ങൾ വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കാൻ ശുപാർശ ചെയ്തു. ആയുധങ്ങൾക്ക് പകരം സൈന്യങ്ങളെ ആശിർവ്വദിക്കാൻ കമ്മിറ്റി തീരുമാനിച്ചു. കൂട്ടനാശം വിതയ്ക്കാൻ കഴിവുള്ള ആധുനിക ആയുധങ്ങളും അണുബോംബും പവിത്ര ജലം ഉപയോഗിച്ച് വെഞ്ചരിക്കുന്ന ഒരു ആചാരം എല്ലാ വർഷവും റഷ്യയിൽ നടത്താറുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിൽ റഷ്യയുടെ വിജയം ആഘോഷിക്കുന്ന പ്രത്യേക ദിനത്തിലാണ് ഓർത്തഡോക്സ് സഭയുടെ മുതിർന്ന വൈദികരോ പാത്രിയർക്കീസോ ഈ കർമ്മം നടത്തുന്നത്. എന്നാൽ സഭാ കമ്മിറ്റിയിലെ എല്ലാ അംഗങ്ങൾക്കും ഈ ശുപാർശയോട് താല്പര്യം ഇല്ല. തീവ്ര ചിന്താശക്തിയുള്ള ഓർത്തഡോക്സ് വക്താക്കളും വിശ്വാസികളും റഷ്യയുടെ ആണവായുധ ശേഖരത്തെ കാവൽ മാലാഖമാരായി കാണാൻ താത്പര്യപ്പെടുന്നു. അതുമല്ല, ഓർത്തഡോക്സ് സംസ്ക്കാരം കാത്തു സൂക്ഷിക്കുവാൻ സഹായിക്കുന്നത് വിനാശകാരികളായ ഈ ആയുധങ്ങളാണെന്ന് ഇവർ വിശ്വസിക്കുന്നു. രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികളുടെ പക്കൽ നിന്ന് പിടിച്ചെടുത്ത ടാങ്കുകൾ ഉരുക്കി റഷ്യൻ സേനയ്ക്ക് വേണ്ടി ഭീമാകാരമായ ഒരു ഓർത്തഡോക്സ് പള്ളി മോസ്‌ക്കൊയ്ക്കടുത്ത് സഭ പണിയുന്നു. ആഗോള ഓർത്തഡോക്സ് സഭ വിനാശ കാര്യങ്ങളായ അണ്വായുധങ്ങളുടെ ഉപയോഗം തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും റഷ്യൻ പാർത്രിയർക്കീസിന്റെ അഭിപ്രായത്തിൽ മൂന്നാം ലോകമഹായുദ്ധം ഒഴിവാക്കപ്പെടാൻ കാരണം റഷ്യയുടെ അണ്വായുധ ശേഖരമാണ്. ഈ ആയുധം റഷ്യയുടെ പരമാധികാരം സംരക്ഷിക്കാൻ സഹായിക്കുമെന്ന് സഭാ അധിപൻ വിശ്വസിക്കുന്നു.
2007-ൽ മോസ്‌കോയിലെ ക്രൈസ്റ്റ് ദ സേവ്യർ കത്തീഡ്രലിൽ വെച്ച് റഷ്യയുടെ അണ്വായുധശേഖരം സഭ വെഞ്ചരിച്ചിരുന്നു. മാത്രമല്ല, ഈ ആയുധശേഖരത്തിന് അതിന്റേതായ പാലക പുണ്യവാളൻ ഉണ്ട്. സെന്റ് സെറാഫിം എന്നറിയപ്പെടുന്ന ഈ പുണ്യവാളന്റെ ആശ്രമം റഷ്യയുടെ ആണവസംവിധാനങ്ങളുടെ കേന്ദ്രമാണ്. സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പ്രചരിപ്പിക്കേണ്ടിയിരുന്ന റഷ്യൻ ഓർത്തഡോക്സ് സഭ ചൂഷണമാർഗ്ഗം തിരഞ്ഞെടുത്തപ്പോൾ ബോൾഷെവിക് വിപ്ലവവും ദശലക്ഷകണക്കിന് നരഹത്യയും ഉണ്ടായി. അതിൽ നിന്നും സഭ ഇനിയും പാഠം പഠിച്ചിട്ടില്ല.