അന്തം പെന്തൊകൾ….

സജോ തോണിക്കുഴിയിൽ

0 713

ഇതുപോലെ നാണമില്ലാത്ത ഒരുകൂട്ടർ ഉലകത്തിൽ വേറെയുണ്ടാകില്ല. എത്രപറഞ്ഞാലും എത്രക്കൊണ്ടാലും എന്തൊക്കെചെയ്താലും പിന്നേം ചങ്കരൻ തെങ്ങേൽ എന്നുപറഞ്ഞപോലെയാണ് ഇവർ.

തന്തക്കു പറഞ്ഞാലും തള്ളയെപറഞ്ഞാലും കഴുത്തിനുപിടിച്ചാലും എന്തൊക്കെ ചെയ്താലും സ്തോത്രം സ്തോത്രം സ്തോത്രം ഇതേ ഇവർക്കുപറയാനുള്ളു.

തീറ്റെം പാട്ടും ചാട്ടൊമാണ് മുഖ്യപ്പണി,
ഇവരിൽചിലർ പണ്ട് ഉണങ്ങിമെലിഞ്ഞിരുന്നതാ ഇപ്പൊ കണ്ടോ വീർത്തു പൊട്ടാറായാണ് നടക്കുന്നത്..!!
ഓ ഈ വർഗ്ഗങ്ങള് ഒന്നിച്ചങ്ങുകൂടിയാൽപ്പിന്നെ എന്തൊരൊച്ചപ്പാടാണെന്നു പറയേണ്ടതില്ല,
കുംഭമേളക്കില്ല ഇത്രേം ഒച്ചപ്പാട്, അടുത്തവീട്ടിൽ ഒരു രോഗിയുണ്ടെന്നോ പിള്ളേർക്ക് പരീക്ഷയാണെന്നെന്നും ഇവറ്റകൾക്ക് അറിയേണ്ട,

ഇവരുടെ പെണ്ണുങ്ങളുണ്ട് അവർ വെള്ളയെ ധരിക്കു, കഴുത്തേലും കതേലും ഒന്നുമിടില്ല മുറമ്പോലെ ഒരു പൊസ്തകമുണ്ടാകും കയ്യിൽ അതും ചൊമന്നോണ്ട് ആ ഹാളിലേക്ക് കേറിയാൽ പിന്നെ എന്തൊരു ബഹളമാണ്!!!??

ഒച്ച കുറവാണെന്നു തോന്നിയിട്ടാകും മീശ വെക്കാത്ത കൊറേ ആണുങ്ങൾ ഡ്രമ്മും ചിഞ്ചിലവും കൂടി കൊട്ടും
ആ കൂടെ കയ്യടിയും,, പാടുന്നതും പോരാഞ്ഞിട്ട് ഏതാണ്ടൊക്കെ കൊറേ പിച്ചും പേയുമൊക്കെ വിളിച്ചു പറയും
കൂടെ അലർച്ചയുംകേൾക്കാം
അപ്പോൾ കൊട്ടുന്ന സാധനങ്ങളുടെ ശബ്ദത്തിന് സ്പീഡ് കൂടുതലുമായിരിക്കും..
ഈ നാശങ്ങളെ സഹിച്ചു മടുത്തു!!

മൂന്ന് ദൈവമാണെന്ന് തോന്നുന്നു ഇവർക്ക് പിതാവായ ദൈവമേ പുത്രനായ യേശുവേ പരിശുദ്ധത്മാവാംദൈവമേ എന്നൊക്കെ പറയുന്നതുകേൾക്കാം എന്തായാലും മറിയ പുണ്ണ്യാളന്മാർ മദ്ധ്യസ്ഥർ മാലാഖാമാർ എന്നിവരോടും,മരിച്ചവരോടും മരിച്ചവർക്കുവേണ്ടിയും പ്രാർത്ഥിക്കില്ല , പെരുന്നാളില്ല, ശിശുസ്നാനമില്ല, ആണ്ടില്ല അങ്ങനെ പലതും ഇവർ നിഷേധിക്കുന്നു.

ഇവർ മറ്റൊരു മതത്തിന്റെ പരിപാടിക്കു കൂടില്ല വിഷുവോ,ക്രിസ്മസോ, ഓണമോ ഈസ്റ്ററോ, ഒന്നും ഇവർക്ക് ബാധകവുമല്ല, എന്തിനു പറയുന്നു ഞായറാഴ്ച ഒരു പരിപാടിക്കും പോകില്ല ,
അതിപ്പം സ്വന്തത്തിലെ ആരുടെയെങ്കിലും കല്യാണമായാൽപോലും ഇവർക്ക് സഭായോഗം എന്ന പരിപാടിയുള്ളതുകൊണ്ട് അതുവിട്ടു ഒരു കേസുമില്ല.

നാലാൾ നിൽക്കുന്നതുകണ്ടാൽ പിന്നെ ഇവർക്ക് സുവിശേഷമെഴുതിയ നോട്ടീസും കൊടുക്കണം സുവിശേഷോം പറയണം അതും മറ്റുള്ളവരെ കുറ്റംപറഞ്ഞോണ്ടേ പ്രസംഗിക്കു, എല്ലാത്തിനും കാരണം പാപമാണെന്നും, ഈലോകം നശ്വരമാണെന്നും രക്ഷിക്കപ്പെട്ടില്ലെങ്കിൽ നരകത്തിൽ പോകുമെന്നും രക്ഷക്കുള്ള ഏകവഴി കർത്താവായ യേശു ആണെന്നും ഇവർ ആണയിട്ടുപറയുന്നു ,
ചെറുപ്പക്കാരും പ്രായമായ ആളുകളും ഈ കാര്യങ്ങൾ പറയാൻ മുൻപന്തിയിലാണ്.

സുവിശേഷം പറയാൻ
വെയിലോ മഴയോ ഒന്നും ഇവർക്കു വിഷയമല്ല, ഏത് വീട്ടിലും കേറും, ആശുത്രിയും ബസ്സ്റ്റാൻഡും ട്രെയിനും ഒക്കെ ഇവരുടെ വിഹാരസ്ഥലങ്ങളാണ് ഇവർക്കൊരു. ആരെകണ്ടാലും അച്ചാ, അമ്മാമ്മേ ,ആന്റി ,സഹോദര ,സഹോദരി കുഞ്ഞേ, മോളെ, മോനെ എന്നൊക്കെയെ വിളിക്കു,

തെറിവിളി കേൾക്കുന്നതിനോ ഉപദ്രവം സഹിക്കുന്നതിനോ അവഗണിക്കപ്പെടുന്നതിനോ പട്ടിണികിടക്കുന്നതിനോ കളിയാക്കപ്പെടുന്നതിനോ ഒന്നും ഇവർക്കു യാതൊരു പേടിയുമില്ല പരാതിയുമില്ല,

കൂടോത്രം മന്ത്രവാദം എന്നൊക്കെപ്പറഞ്ഞു ഇവരുടെ അടുത്തുചെന്നാൽ ചെന്നവന്റെ അധോഗതിതന്നെ,
മൂന്നും അഞ്ചും ഏഴും പത്തും ഇരുപത്തൊന്നും നാൽപ്പതുമൊക്കെ ദിവസങ്ങൾ പച്ചവെള്ളംപോലും കുടിക്കാതെ അറുപട്ടിണിയിരുന്നു പ്രാർത്ഥിക്കാൻ ഒരുമടിയുമില്ല ഇതുങ്ങൾക്ക്..
വാ തുറന്നാൽ വചനമേ വരു, എന്തുപറഞ്ഞാലും ആ കൂട്ടത്തിൽ ഇടയായിതീർന്നു,കാണുവാൻ സാധിക്കുന്നു, ക്രമികരിക്കാം, മണ്ഡലം പോരുകൾ, പോരാട്ടം, വ്യാപാരം ശാസിക്കുന്നു,എന്നൊക്കെ പറയും..

സ്വന്തം വീട്ടിൽ എന്തുകാര്യം നടന്നാലും പുട്ടിന്റെ കൂടെ പീരപോലെ പാസ്റ്റർ എന്നൊരു പേരും ആളുംഉണ്ടാകും,ഇവർക്ക് പാസ്റ്റർ ഇല്ലാത്ത കഷായമില്ല .

കെട്ടിയോൻ പകൽ മുഴുവൻ വെയിലും കൊണ്ട് പണികഴിഞ്ഞുവന്നു ഒന്നുറങ്ങുമ്പോഴാണ് പ്രാർത്ഥനകാരി ചേച്ചിക്ക് പ്രാർത്ഥിക്കാനൊരു തോന്നൽ, പിന്നെ കെട്ടിയോന്റെ ഉറക്കാമെന്നോ രാത്രിയെന്നോ ഒന്നും നോട്ടമില്ല പിന്നെ ഇടിവെട്ടി മഴ പെയ്യുംപോലെ ഒറ്റപ്രാർത്ഥനയാണ്.കലിമൂത്തു പ്രാന്തായ കെട്ടിയോൻ പിന്നെ പൂരപ്പാട്ടും ഇടിയും, എന്നാലും ചില ചേച്ചിമാർ പിന്നെയും ഇതുതന്നെചെയ്യും.

അസുഖം വന്നാൽ ഇവരിൽ പലരും ആശൂത്രിയിൽ പോകില്ല മരുന്നുകഴിക്കില്ല, ആണ്ടിലൊരിക്കൽ കൺവൻഷൻ എന്നുപറഞ്ഞു ഒരു യോഗമുണ്ട് കൊറെ ആളും കൂടും മൈക് കെട്ടിവച്ചു പാട്ടും പ്രസംഗവുമൊക്കെയാണ് പിന്നെ കൊറേദിവസത്തേക്ക്..ഇവരുടെ കല്യാണനങ്ങൾക്ക് കൂടിയാൽ ബോറടിച്ച് ചാകും എന്ത് പരിപാടിനടത്തിയാലും അവിടെയൊക്കെ സുവിശേഷമേ പറയൂ.

കാർന്നോൻമാരായി കാട്ടി തന്ന
കൊറേ കാര്യങ്ങളൊക്കെയുണ്ട് അതൊക്കെവിട്ടിട്ടു എങ്ങനെ ഇങ്ങനെ ആകുന്നു എന്നുള്ളതാണ് അതിശയം, ഇതൊരു ഹിന്ദു രാജ്യമല്ലേ ഇവിടെ അതിന്റെതായ ഒരിതൊക്കെയില്ലേ?!

ഇവരുടെ കൂടെ ചേർന്നവരൊക്കെ പല മതത്തിലും വർഗ്ഗത്തിലും ഒക്കെയുള്ളവരും പണ്ട് കള്ളും കുടിച്ചു തെറീം പറഞ്ഞു തുണിയില്ലാതെ നടന്നും വീട്ടുകാര്യം നോക്കാതെ കടോം വരുത്തി രോഗവും പിടിച്ച് വഴക്കും കേസും ആത്മഹത്യാ ശ്രമങ്ങളും, ദാരിദ്ര്യവും അവഗണനകളും സഹിച്ചു കിടന്നവരും കൊലപാതകികളും കള്ളന്മാരും രാഷ്ട്രീയക്കാരും എല്ലാം പരാജയപ്പെട്ടവരുമൊക്കെ ആയിരുന്നു.. പിന്നെ നല്ല ആൾക്കാരും ഈ കൂട്ടത്തിൽ കൂടിയിട്ടുണ്ട് കേട്ടോ പണക്കാരും ജോലിക്കാരും ഉന്നതന്മാരുമൊക്കെ ഒരുപാടുണ്ട്,അവർക്കൊന്നും ആദ്യംപറഞ്ഞപോലെയുള്ള കൊഴപ്പങ്ങൾ ഉള്ളവരൊന്നുമല്ല എന്നിട്ടും അവരും എങ്ങനെ ഇങ്ങനെ ആയിഎന്നുമാത്രം അറിയില്ല?!!.

ഇവർക്ക് മുക്കിനു മുക്കിനു സഭകളാണ്, കടമുറി മുതൽ മരച്ചോടു വരെ ഇവരുടെ പ്രാർത്ഥനകേന്ദ്രങ്ങളാണ്,
അഞ്ചുപേരെ ഉള്ളെങ്കിലും ഒച്ചപ്പാടിനും പ്രസംഗത്തിനും യാതൊരു കൊറവുമില്ല,

മതം മാറ്റുന്നവരാണെന്നു ആരോപിച്ച് ജാതിമത ഭേദമില്ലാതെ എല്ലാവരും ഇവരെ വെറുക്കുന്നുണ്ട്!!?.
സ്നാനം എന്നുപറയുന്ന ഒരു ചടങ്ങാണ് ഇവരോട് കൂടെ ചേരാനുള്ള ചടങ്ങ് അതിപ്പം കലക്കവെള്ളത്തിലായാലും അവരത് നടത്തും,
സ്തോത്രകാഴ്ച ദശാശം മനപ്പൂർവ്വദാനം മറ്റുപിരിവുകൾ എന്നൊക്കെ പറഞ്ഞു പണപിരിവുമുണ്ട് ഇവർക്ക്,,

ഈ ആളുകൾ ഒരു സങ്കരവർഗ്ഗമാണെങ്കിലും എന്തൊക്കെ പറഞ്ഞാലും ഇവരുടെ പാട്ടും പ്രസംഗവും പ്രാർത്ഥനയും ഒന്നുകേൾക്കേണ്ടത് തന്നെയാണ്, കരഞ്ഞോണ്ടുള്ള പ്രാർത്ഥന ആത്മാർത്ഥമായതു തന്നെയാണ്, ലോകസംഭവങ്ങളും ബൈബിളും ചേർത്ത് പറയുന്നതുകേട്ടാൽ ആദ്യമൊക്കെ ദേഷ്യംവരുമെങ്കിലും ഒടുവിൽ മനസ്സിലാകും ഇവർപ്പറയുന്നതാണ് ശരിയെന്നു., മാന്യമായ വസ്ത്രധാരണവും അച്ചടക്കവും ഒക്കെ കണ്ടുനിന്നുപോകും,

ഈ പ്രാർത്ഥന ബഹളമല്ലാതെ തെരുവിൽ ഇവർക്ക് സമരമില്ല,പ്രാർത്ഥന സ്ഥലങ്ങളിൽ ആയുധങ്ങളില്ല, വെടികെട്ടും മറ്റ് ഉപദ്രവങ്ങളുമില്ല, സന്ധ്യആയാൽ ഇവരുടെ വീടുകളിൽ പ്രാർത്ഥനയും ബൈബിൾ വായനയുമുണ്ട് അതിരാവിലെയും ഇങ്ങനെത്തന്നെ, രാഷ്ട്രീയ കാര്യങ്ങളോട് അത്രതല്പര്യമൊന്നുമില്ല ഭൂരിപക്ഷം ആളുകൾക്കും, കാരണം ദൈവരാജ്യമാണ് യഥാർത്ഥ രാജ്യം എന്നാണ് ഇവർ വിശ്വസിക്കുന്നത്, എന്നാലും എല്ലാ രാജ്യങ്ങൾക്കുവേണ്ടിയും ഭരണാധിപന്മാർക്കുവേണ്ടിയും പ്രാർത്ഥിക്കും,

ആരെങ്കിലും ഇവരുടെ അടുത്ത് എന്തെങ്കിലും ഒരുപ്രശ്നം പറഞ്ഞുപോയാൽ പ്പെട്ടതുതന്നെ പ്രാർത്ഥിച്ചു അതിനു പരിഹാരം കണ്ടട്ടെ ഇവർ അടങ്ങു,

പണ്ടൊക്കെ ഇവർ ദാരിദ്ര്യംപിടിച്ചവരും എണ്ണത്തിൽ കുറവുള്ളവരും ഒക്കെ ആയിരുന്നു പക്ഷെ ഇന്ന് ഇവർ വലിയൊരുസമൂഹമായി മാറി, രാജ്യത്തിന്റെ പല മേഖലയിലും ഭരണത്തിന്റെയും ബിസ്സിനസിന്റെയും വിദ്യാഭ്യാസത്തിന്റെയുമൊക്കെ ഉന്നതസ്ഥാനങ്ങളിൽ ഇവരിൽ പലരുമുണ്ട്.

ഇവരുടെ പ്രവർത്തനങ്ങളും വളർച്ചയും കണ്ടിട്ട് ഒട്ടകത്തിനു തലവെക്കാൻ ഇടം കൊടുത്തപോലെയാകും എന്നുതോന്നുന്നുണ്ട്.
ഈ പോക്കുപോയാൽ നാളെ ഇവർ ലോകം ഭരിക്കും അല്ല അതുനടന്നാലും അതിശയിക്കാനൊന്നുമില്ല കാരണം അത്രമാത്രം ഇവർ ഉപദ്രവിക്കപ്പെട്ടിട്ടുണ്ട് ഇപ്പോഴും അതൊക്കെ സഹിക്കുന്നുമുണ്ട്, ഈ കൂട്ടത്തിലുള്ള എത്രയോ ആളുകളെയാണ് പലരും കൊന്നുകളഞ്ഞത്, ഇവരുടെ ഉപദേശങ്ങൾ ഇഷ്ടമില്ലാത്ത ആളുകളൊക്കെ അവരാൽ ആകുന്നതുപോലെ ഇതുങ്ങളെ പലനിലയിൽ ആക്രമിക്കുന്നുണ്ട്, അവർ അതിനെതിരെ കേസുകൊടുക്കാനോ വഴക്കുണ്ടാക്കാനോ ഒന്നുംപോകുന്നില്ല,

ഒരുകാര്യം സമ്മതിച്ചേപറ്റു ഇവരുടെ വിശ്വാസം അപാരമാണ് ആ വിശ്വാസം ഫലിക്കുന്നതുമാണ് അതുകൊണ്ടുതന്നെ നാളെ ലോകം ഇവരുടെ കയ്യിലാകും എന്നുറപ്പിക്കേണ്ടിവരുന്നുണ്ട്. എന്തൊക്കെ ആയാലും ആശയപരമായി ഇവർ ധീരന്മാരാണ്, ആശയങ്ങളില്ലാത്തവരാണ് ആയുധങ്ങളും അക്രമണങ്ങളും അട്ടഹാസ്സങ്ങളുമായി ഇവർക്കുനേരെ വരുന്നത് ഒരുകാര്യം ഉറപ്പാണ് ഈ അന്തം പെന്തോകൾ തോൽക്കുന്നവരൊന്നുമല്ലെന്ന് ചരിത്രം സാക്ഷിയാണേ… “തോൽപ്പിക്കാനുമാകില്ല” കാരണം!!!???

ലോകത്തെയും മരണത്തെയും തോൽപ്പിച്ച സാക്ഷാൽ ദൈവപുത്രനായ കർത്താവായ യേശുക്രിസ്തു ഞങ്ങൾക്കൊപ്പം ഉള്ളതുകൊണ്ട് തന്നെ..

എന്തൊക്കെ പറഞ്ഞാലും
“അന്തം പെന്തോകളെന്ന്” നിങ്ങൾവിളിക്കുന്ന
ഞങ്ങളിങ്ങനെയാണ് ഭായ്..