അവഗണനയിൽ നിന്നും അംഗീകരണത്തിലേക്ക്

ബിജു പി. സാമുവൽ, ഒയാസിസ് മിനിസ്ടീസ് | പശ്ചിമ ബംഗാൾ| 8016306857

0 501

ജീവിതത്തിൽ ധാരാളം അപമാനങ്ങൾ അനുഭവിച്ച ഒരു ബൈബിൾ കഥാപാത്രമാണ് യിപ്താഹ്.
അതിനെയെല്ലാം സധൈര്യം നേരിട്ട് ജീവിതം മുമ്പോട്ട് കൊണ്ടു പോകുവാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു.
വിശുദ്ധ ബൈബിളിലെ ന്യായാധിപന്മാരുടെ പുസ്തകം പതിനൊന്നാം അധ്യായത്തിലാണ് ആ വിവരണങ്ങൾ ഉള്ളത്.

ആരുടേയും മുമ്പിൽ ഉച്ചത്തിൽ ഘോഷിക്കാൻ കഴിയുന്നതല്ലായിരുന്നു അവന്റെ ജനനം.
കാരണം അവന്റെ അമ്മ ഒരു വേശ്യാസ്ത്രീ ആയിരുന്നു.
അപ്പന് ഭാര്യയും മക്കളും ആ സമയത്ത് ഉണ്ടായിരുന്നു എന്നത് മറുവശം.
തന്റേതല്ലാത്ത കാരണത്താൽ അവൻ അപമാനിതനായി.
വിമർശനങ്ങൾ കേട്ടാണ് അവൻ വളർന്നത്.
എത്രയധികം കളിയാക്കലുകൾ അവൻ കേട്ടുകാണും.
എവിടെ ചെന്നാലും തുറിച്ചു നോക്കുന്ന കണ്ണുകൾ…

നാട്ടുകാരും പരിചയക്കാരുമൊക്കെ അവഗണനയുടെ വാക്കുകൾ പറയുമ്പോൾ അതെങ്ങനെയും സഹിക്കാം.
പക്ഷേ കുടുംബത്തിലുള്ളവർ തന്നെ അതിനു തുനിഞ്ഞാലോ?
ചേർത്തു നിർത്തുമെന്ന് കരുതിയവർ തള്ളിക്കളയുമ്പോൾ ആർക്കാണ് സഹിക്കാൻ ആവുന്നത്?
കാൽച്ചുവട്ടിൽ നിന്ന് മണ്ണ് ഒഴുകി പോകുന്നതിന് തുല്യമാണത്.
യിപ്താഹിന് അതും സഹിക്കേണ്ടിവന്നു.

ഒരേ കുടുംബത്തിൽ വളർന്ന മറ്റു സഹോദരങ്ങൾ അവനെ പരസ്ത്രീയുടെ മകൻ എന്ന് അധിക്ഷേപിച്ച് വീട്ടിൽ നിന്നും പുറത്താക്കി. അവകാശങ്ങൾ അവന് നിഷേധിക്കപ്പെട്ടു.
പിതാവിന്റെ തെറ്റിന്റെ ഭാരം വഹിക്കേണ്ടി വന്നവനാണ് യിപ്താഹ്.

അമ്മയുടെ സ്നേഹം അനുഭവിക്കാൻ അവന് കഴിഞ്ഞിട്ടില്ല.
അഭയാർത്ഥിയെപ്പോലെ അവന് അലയേണ്ടി വന്നു.
സ്വന്തം അമ്മ വേശ്യയാണെന്ന് അറിയുമ്പോൾ മകനുണ്ടാകുന്ന മാനസിക വ്യഥ എത്ര വലുതായിരിക്കും.
സങ്കടങ്ങൾ പങ്കു വെയ്ക്കാൻ പോലും ആരുമില്ല.

അംഗീകരിക്കപ്പെടാൻ ആർക്കാണ് ആഗ്രഹം
ഇല്ലാത്തത്? .
സ്നേഹവും കരുതലും ലഭിക്കാതെ വരുമ്പോൾ, എന്നും വെറുപ്പിന്റെ വാക്കുകൾ മാത്രം കേൾക്കേണ്ടി വരുമ്പോൾ, അംഗീകരിക്കുന്ന ഏതെങ്കിലും വ്യക്തിയുടെയോ ഗ്രൂപ്പിന്റെയോ ഭാഗമായി മാറാനുള്ള സാധ്യത കൂടുതലാണ്.
നമ്മുടെ എത്രയോ കുഞ്ഞുങ്ങൾ അങ്ങനെ തെറ്റായ കൂട്ടുകെട്ടുകളിൽ അകപ്പെട്ടിട്ടുണ്ട്.
അങ്ങനെ യിപ്താഹ്
സാഹസികരുമായി
കൂട്ടു കൂടി.

തിരസ്കരണം മൂലം ദേഷ്യവും ഉൽക്കണ്ഠയും
വിഷാദവും ദുഃഖവും ഒക്കെയുണ്ടാകും.
അത് മാനസിക ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും.
എന്നാൽ അവഗണനയിൽ
ചടഞ്ഞിരിക്കാനോ
അപമാനഭാരത്തിൽ കണ്ണീരൊഴുക്കി ഇരിക്കാനോ
യിപ്താഹ് തയ്യാറായില്ല.

കാലങ്ങൾ കുറെ കഴിഞ്ഞു.
അമ്മോന്യർ യിസ്രായേലിനോടു യുദ്ധം ചെയ്തു.
ഒരിക്കൽ യിപ്താഹിനെ പകെച്ച ഗിലെയാദ്യർ യുദ്ധ സഹായത്തിനായി അവന്റെ അടുത്തെത്തി. ഭ്രഷ്ട് കല്പിച്ച് മാറ്റി നിർത്തിയ ഗിലെയാദ്യരെ സഹായിക്കാൻ തന്നെ അവൻ തീരുമാനിച്ചു.
അങ്ങനെ യിപ്താഹ് അവർക്ക് യുദ്ധത്തിൽ ജയം നേടിക്കൊടുത്തു.

തന്റെ പരാക്രമശാലിത്വം കൊണ്ടല്ല,
മറിച്ച്,
യഹോവയാണ് യുദ്ധജയം നൽകുന്നതെന്ന് യിപ്താഹിന് അറിവുണ്ടായിരുന്നു ( 11:9).
യഹോവയാണ് ന്യായാധിപൻ എന്ന ഉത്തമബോധ്യവും അവനുണ്ടായിരുന്നു (11:27).
അതുപോലെ യിസ്രായേലിന്റെ അതുവരെയുള്ള ചരിത്രം മുഴുവനും അറിയാമായിരുന്ന വ്യക്തി.

അതായത്, എല്ലാവരും എഴുതിത്തള്ളിയപ്പോഴും ദൈവാശ്രയം അവൻ ഉപേക്ഷിച്ചില്ല.
സ്വന്തം കഴിവിൽ ആശ്രയിക്കാതെ ദൈവാശ്രയത്തിൽ ജീവിതം പച്ചപ്പുള്ളതാക്കാൻ അവൻ ശ്രമിച്ചു.

അവകാശം വാങ്ങുവാൻ അർഹതയില്ലെന്ന് (unfit) പറഞ്ഞവനെ ന്യായാധിപനാകുവാൻ ദൈവം യോഗ്യതയുള്ളവനാക്കി.
യിപ്താഹ് പിന്നീട് ആറു വർഷം യിസ്രായേലിന്റെ ന്യായാധിപനായിരുന്നു (12:7).

നിന്നെക്കൊണ്ട് ഒന്നും നടക്കില്ല എന്നു പറയുന്നവരുടെ
(nay Sayers) വാക്കുകൾക്ക് ചെവി കൊടുക്കാതെ ധൈര്യമായി മുന്നോട്ടു പോവുക.
കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടി ചിലപ്പോഴൊക്കെ അത്യാവശ്യമായി വരും.

തിരമാലകൾ ഒന്നുമില്ലാതെ നിശ്ചലമായി നിൽക്കുന്ന കടലിന് എന്തെങ്കിലും ചന്തമുണ്ടോ?
ഇല്ലല്ലോ..
കടൽ മനോഹരമാകുന്നത് തന്നെ അതിൽ തിരമാലകൾ ഉള്ളതുകൊണ്ടല്ലേ?
അപമാനങ്ങളും ഒഴിവാക്കലുകളും ഒറ്റപ്പെടലുകളും ഒന്നുമില്ലെങ്കിൽ
ജീവിതത്തിന് എന്താണൊരു രസമുള്ളത്?
ഏതെങ്കിലും തരത്തിലുള്ള അവഗണനകൾ ജീവിതത്തിൽ നേരിടേണ്ടി വന്നേക്കാം.

ആൽബർട്ട് ഐൻസ്റ്റീൻ പറഞ്ഞത് ഓർത്തു വയ്ക്കുക:
“എന്നോട് നോ (No) എന്ന് പറഞ്ഞ എല്ലാവരോടും ഞാൻ നന്ദിയുള്ളവനാണ്”.
“അവർ മുഖേനയാണ് ഞാൻ എല്ലാം സ്വയം ചെയ്യുവാൻ
പ്രാപ്തനായത്”.

അധിക്ഷേപങ്ങളെ അവഗണിച്ച്
ധൈര്യമായി
മുന്നേറുക.
തിരിച്ചടികൾ ഉണ്ടായേക്കാം.
തോറ്റു പിന്മാറരുത്.

പകയും കൈപ്പും മനസ്സിൽ വെക്കാതെ അവഗണിച്ചവരെ തിരിച്ചും സഹായിക്കുക.
ദൈവാശ്രയം എപ്പോഴും നമ്മുടെ ബലമായിരിക്കട്ടെ.