യാന്ത്രികമായ ബഹളങ്ങള്‍ ആരാധനയോ?

ഒരു പ്രശ്‌നവുമില്ലാതെയിരിക്കുന്ന ഒരുവനോട് കരയാന്‍ ആവശ്യപ്പെട്ടാല്‍ സാധ്യമല്ല. കരയണമെങ്കില്‍ ഹൃദയം നുറുങ്ങണം. അത് ഒറിജിനലാണ്.

1 1,398

പത്ത് പേര് കയ്യടിക്കുമ്പോള്‍ കൂട്ടത്തില്‍ കരമടിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ഒന്ന് കരയുവാന്‍ ആവശ്യപ്പെട്ടാല്‍ സാധ്യമാകുമോ?

ജോണ്‍സണ്‍ കണ്ണൂര്‍ 9847518230

കേവലം ശബ്ദകോലാഹലങ്ങളുടെ ആരവാരത്തില്‍ സംതൃപ്തി അണയുന്ന ഒരു പ്രതിഭാസമാണ് ഇന്ന് ആത്മീയഗോളത്തില്‍ കാണുന്നത്. ആദ്യത്തെ ഒരു മണിക്കൂര്‍ ആരാധനയാണെന്ന് വളരെ അഭിമാനത്തോടെ ഇന്നും പലരും പറയുന്നു. അത്യാധുനിക സംഗീത ഉപകരണങ്ങളുടേയും ഗായകസംഘത്തിന്റെയും താളമേള കൊഴുപ്പില്ലാതെ ദൈവസന്നിധിയില്‍ ഹൃദയം പകരുവാന്‍ നമുക്ക് കഴിയുമോ? ഓര്‍ഗണും സൗണ്ട് സിസ്റ്റവും നല്ലതാണ്. എന്നാല്‍ അതിന്റെ സഹായത്തോടെ യാന്ത്രികമായി ഉണ്ടാക്കിയെടുക്കുന്ന ഉണര്‍വ്വിനോട് യോജിക്കാന്‍ കഴിയില്ല. പാപബോധമുണ്ടായി ദൈവസന്നിധിയില്‍ ജനം കരയണം. പകയും പിണക്കവും മാറി തമ്മില്‍ തമ്മില്‍ നിരപ്പ് പ്രാപിക്കണം. ദൈവത്തിന്റെ മഹത്വം ആത്മാവില്‍ ദര്‍ശിച്ച് ഹൃദയത്തിന്റെ അന്തര്‍ഭാഗത്തുനിന്ന് ഉയര്‍ന്നുവരുന്ന സ്തുതിസ്‌തോത്രങ്ങളില്‍ ദൈവം പ്രസാദിക്കും. അപ്രകാരം ഒരു മണിക്കൂര്‍ നീണ്ടുപോയാലും അത് അനുഗ്രഹമാണ്. യാന്ത്രികമാകാതെ ഒറിജിനലായിട്ട് ഹൃദയത്തില്‍നിന്ന് വരണം. ഇപ്രകാരമുള്ള കൂട്ടായ്മകള്‍ വിദേശത്തും സ്വദേശത്തും അപൂര്‍വ്വമായിട്ടുണ്ട്. പത്ത് പേര് കയ്യടിക്കുമ്പോള്‍ കൂട്ടത്തില്‍ കരമടിക്കാന്‍ ആര്‍ക്കും കഴിയും. എന്നാല്‍ ഒന്ന് കരയുവാന്‍ ആവശ്യപ്പെട്ടാല്‍ സാധ്യമാകുമോ? ഒരു സാധാരണ മനുഷ്യനോട് കൈയടിക്കാന്‍ ആവശ്യപ്പെട്ടാല്‍ കൈകള്‍ അടിക്കും. ഒരു പ്രശ്‌നവുമില്ലാതെയിരിക്കുന്ന ഒരുവനോട് കരയാന്‍ ആവശ്യപ്പെട്ടാല്‍ സാധ്യമല്ല. കരയണമെങ്കില്‍ ഹൃദയം നുറുങ്ങണം. അത് ഒറിജിനലാണ്. ഒരുപക്ഷെ എല്ലാ ആഴ്ചയിലും കൂടിവരവുകളില്‍ പ്രസ്തുത അന്തരീക്ഷം ഉണ്ടാകണമെന്നില്ല. വെച്ചുകെട്ടലുകളും പൊയ്മുഖങ്ങളും അഭിനയവും അവിടെയില്ല. ഓര്‍ഗണ്‍ വായിക്കാനും ഗാനം ആലപിക്കാനും നിയോഗിക്കപ്പെട്ടവര്‍ വന്നില്ലെങ്കില്‍ മിക്കയിടങ്ങളിലും ആരാധന താളംതെറ്റും. ഇരുത്തിയും നിര്‍ത്തിയും കിടത്തിയും പാട്ടിപാടിയും സ്തുതിപ്പിച്ചും വെറുതെ സമയം കളയുകയാണ്. ഒടുവില്‍ സമയമില്ലെന്നുള്ള പരാതിയും. ആഴമായി വചനം പറയുവാന്‍ കൃപയുള്ളവര്‍ സന്നിഹിതരാണെങ്കില്‍ അന്നേ ദിവസം രണ്ട് പാട്ട് കുറച്ചാലും അതാണ് അനുഗ്രഹം. ഇതൊക്കെ എത്രപേര്‍ അംഗീകരിക്കും. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും. മനസ്സുവെച്ചാല്‍ വചനം പ്രസംഗിക്കാന്‍ സമയം നല്‍കാം. മുഖവുര പറഞ്ഞ് സമയം കളയുന്നതിന് ചിലര്‍ക്ക് യാതൊരു മടിയുമില്ല.
വേറൊരുകൂട്ടര്‍ ജനങ്ങള്‍ കരങ്ങള്‍ അടിച്ചില്ലെങ്കില്‍ അവരുടെ നേരെ കോപാകുലരാകുന്നു. ഇളക്കുവാന്‍വേണ്ടി മാത്രം മൈക്ക് കയ്യിലെടുക്കുന്നവരുണ്ട്. അവര്‍ സ്‌തോത്രം എന്നുപറയുമ്പോള്‍ ജനം ആരവം ഉണ്ടാക്കണം. ഇല്ലെങ്കില്‍ സദസ്സിനെ ആത്മാവില്ലാത്തവരായി മുദ്രകുത്തും. പത്തുപേര്‍ മുന്നിലിരിക്കാന്‍ ഉള്ളതുകൊണ്ടാണ് ഈ മഹാന്മാര്‍ സ്റ്റേജില്‍ നില്‍ക്കുന്നത് എന്നോര്‍ക്കണം. ഈടുറ്റ ചിന്തകള്‍ ഒന്നും പറയാന്‍ കൈയ്യിലില്ലാത്തതുകൊണ്ട് ഒരു ബഹളമുണ്ടാക്കി എന്തോ വലിയ സംഭവമാണെന്ന് ബോദ്ധ്യപ്പെടുത്തുകയാണ്. ആര്‍ക്കും ഒന്നും മനസ്സിലാകുകയുമില്ല. വലിയ ആത്മീയ സാന്നിദ്ധ്യമായിരുന്നു എന്ന് അഭിമാനിക്കുകയും ചെയ്യാം. യിരമ്യാവ് 38:11 ല്‍ ”യഹോവയുടെ ആലയത്തില്‍ സ്‌തോത്രയാഗം കൊണ്ടുവരുന്നവരുടെ ശബ്ദവും കേള്‍ക്കും.” സ്റ്റേജില്‍ നില്‍ക്കുന്നവര്‍ ഇളക്കുന്നതിനനുസരിച്ച് പറഞ്ഞുപറയിപ്പിക്കുന്ന സ്‌തോത്രമല്ല, അവര്‍ വരുന്നതു തന്നെ സ്‌തോത്രയാഗവുമായിട്ടാണ്. ”രാവിലെ ഞാന്‍ നിനക്കായ് ഒരുക്കി കാത്തിരിക്കുന്നു” എന്ന സങ്കീര്‍ത്തനക്കാരന്റെ പ്രസ്താവന ഇതിനോട് ചേര്‍ത്തു പഠിക്കുക. ഹൃദയത്തിന്റെ അന്തര്‍ഭാഗത്തുനിന്ന് ഉരുവായി പുറത്തുവരുന്നതാണ് സ്‌തോത്രയാഗം. പറഞ്ഞുപറയിപ്പിക്കുന്നത് വെറും ബഹളം മാത്രമാണ്. ”നിന്റെ പാട്ടുകളുടെ സ്വരം എന്റെ മുമ്പില്‍നിന്നു നീക്കുക” (ആമോസ് 5:23). പി.ഒ.സി. പരിഭാഷയില്‍ നിങ്ങളുടെ ഗാനങ്ങളുടെ ശബ്ദം എനിക്ക് കേള്‍ക്കേണ്ട എന്നാണ്. ഉച്ചത്തില്‍ പാട്ടുപാടിയാല്‍ ദൈവം പ്രസാദിക്കുമെന്നാണ് ഒരുകൂട്ടരുടെ ധാരണ. ദൈവത്തിന് കേള്‍ക്കേണ്ടാത്തതിന് കാരണമുണ്ട്. ”നിങ്ങള്‍ നീതിമാന്മാരെ പീഡിപ്പിക്കുകയും കോഴ വാങ്ങുകയും നിരാലംബര്‍ക്ക് നീതി നിഷേധിക്കുകയും ചെയ്യുന്നു” (ആമോസ് 5:12). സകല നെറികേടുകളും കാട്ടിക്കൂട്ടിയിട്ട് നിന്റെ വായ് വിസ്താരത്തില്‍ തുറക്കുക എന്ന വാക്യത്തിന്റെ പേരില്‍ ശബ്ദം മുഴുവനും എടുത്തുകൊണ്ട് അമറുകയാണ്. വെറുതെ തൊണ്ടു ഡാമേജ് ആകുമെന്നല്ലാതെ ഒരു ഗുണവുമില്ല. മാത്രമല്ല നഗരകവാടത്തില്‍ ന്യായം വിധിക്കുന്നവരെ അവര്‍ ദ്വേഷിക്കുന്നു. പരമാര്‍ത്ഥം സംസാരിക്കുന്നവരെ വെറുക്കുകയും ചെയ്യുന്നു (5:10). ഇന്നും സത്യം തുറന്നെഴുതുന്നവരോട് വെറുപ്പാണ്.

ലോകത്തോട് അനുരൂപമായി പോകുന്ന ജീവിതശൈലി മാറാതെ കുറേ ഒച്ചപ്പാടുകൊണ്ട് എന്ത് പ്രയോജനം? പണ്ടൊക്കെ സഭായോഗങ്ങള്‍ ഉച്ചയ്ക്ക് മൂന്നു മണി വരെ നീണ്ടുപോകുമായിരുന്നു. കേവലം ബഹളങ്ങളല്ലായിരുന്നു പണത്തിന്റെ തള്ളലില്ലാത്തതിനാല്‍ ലോകം അകത്ത് കയറിയിരുന്നില്ല. ഇന്ന് ലോകത്തിന്റെ പൂണിയില്‍ കിടന്നുകൊണ്ട് ”ലോകമെനിക്കുവേണ്ട ലോകത്തിനിമ്പം വേണ്ട” എന്നു പാടുകയാണ്. പലരും വചനം ആഴമായി പഠിക്കുന്നില്ല. ജനത്തെ പഠിപ്പിക്കുന്നുമില്ല. വചനം പറയുവാന്‍ പ്രാപ്തരായവര്‍ അഥവാ വന്നെങ്കില്‍ അവര്‍ക്കു വേണ്ടതുപോലെ സമയം നല്‍കുകയുമില്ല. ഇദ്ദേഹത്തിന്റെ കഴമ്പുള്ളതൊന്നും ഇല്ലെന്നുള്ള സത്യം ജനത്തിന് ബോദ്ധ്യപ്പെടുമോ എന്ന ഭയമാണ് കാരണം.
കഴിഞ്ഞ ദിവസം കോട്ടയത്തിനടുത്ത് ഒരു സഭയില്‍ ഒരു കുട്ടി പാസ്റ്ററോട് ത്രിത്വത്തെക്കുറിച്ച് സംശയം ചോദിച്ചു. മറുപടി പറയുവാന്‍ വിഷമിച്ച പാസ്റ്റര്‍ ചോദ്യകര്‍ത്താവിന്റെ മാതാപിതാക്കളോട് മകനെ മര്യാദയ്ക്ക് വളര്‍ത്തണമെന്ന് ബുദ്ധിയുപദേശിച്ചു. പ്രായമുള്ളവരെ പരസ്യമായി അപമാനക്കരുതെന്നും പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതെന്നും പറഞ്ഞു. പരിശുദ്ധാത്മാവ് ഇത്രയ്ക്ക് ലോലനാണോ എന്നായി വിദ്യാര്‍ത്ഥിയുടെ അടുത്ത സംശയം. ക്രമീകൃതമായ വചനപഠനത്തിന് പ്രാധാന്യം നല്‍കുന്നില്ല. ഉപരിവിപ്ലവമായ ബഹളത്തില്‍ തൃപ്തിപ്പെടുന്നവരാണ് പലരും. ശബ്ദകോലാഹലങ്ങളില്‍ പിശാച് പേടിച്ചോടും എന്ന് ചിന്തിക്കുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തിലാണ്. ജീവിത വിശുദ്ധി ഉള്ളവരാകണം. അപവാദിക്ക് നമ്മുടെ മേല്‍ കുറ്റം ചുമത്തുവാന്‍ അവസരം ഒരുക്കരുത്. അപ്പോള്‍ പിശാച് അകന്നുമാറും.
കേള്‍വിക്കാരന്റെ ഹൃദയത്തെ നിത്യതയോടടുപ്പിക്കുന്ന മൂല്യമുള്ള തിരുവചനചിന്തകള്‍ പകരുവാന്‍ കഴിയണം. ദൈവം നമ്മെ നടത്തുന്ന എല്ലാ ശോധനകളിലും പിന്‍മാറാതെ, പിറുപിറുക്കാതെ പിടിച്ചുനില്ക്കുവാന്‍ കരുത്താര്‍ജ്ജിക്കണം. അതിന് ബഹളം മാത്രം പോരാ വചനം പഠിക്കണം. പ്രസംഗസമയത്ത് ജനം ഇളകിയില്ലെങ്കില്‍ ശുശ്രൂഷ വിജയിച്ചില്ലെന്ന് കരുതുന്നത് ഭോഷത്വമാണ്. കേട്ട വചനം തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവരുടെ പ്രായോഗിക ജീവിതത്തില്‍ സ്വാധീനിച്ചാല്‍ നാം വിജയിച്ചു. വചനത്തിന്റെ ആഴങ്ങള്‍ കേള്‍ക്കുമ്പോള്‍ അവരുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നുവെങ്കില്‍ ജനം പല നിലയില്‍ പ്രതികരിക്കും അത് സ്വാഭാവികമാണ്. എന്നാല്‍ മനഃപൂര്‍വ്വമായി ഉണര്‍വ്വെന്ന പേരില്‍ കാട്ടിക്കൂട്ടുന്ന ബഹളങ്ങള്‍ നമ്മെ ആത്മീയ വളര്‍ച്ചയിലേക്ക് നയിക്കുന്നില്ല. ഇവയൊക്കെ പൊളിച്ചെഴുതേണ്ട കാലം കഴിഞ്ഞു. ഇനിയുള്ള തലമുറയെ ഉപരിവിപ്ലമായ ഉണര്‍വ്വില്‍ തൃപ്തിപ്പെടുത്താമെന്ന് കരുതരുത്.
ബൈബിളിനെയും സുവിശേഷത്തെയും ചോദ്യംചെയ്യുന്ന മതവര്‍ഗ്ഗീയ ശക്തികള്‍ കരുത്താര്‍ജ്ജിച്ചിരിക്കുന്ന ഈ കാലത്ത് നമ്മുടെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളെ ആശയക്കുഴപ്പത്തിലാക്കുന്ന പല ചോദ്യങ്ങള്‍ സഹപാഠികള്‍ ഉന്നയിക്കാം. ആഴമായി വചനം ഗ്രഹിച്ചില്ലെങ്കില്‍ അവിടെ മനസ്സ് ആടിയുലയും. ശക്തമായ ആരാധന വെളിപ്പെട്ടു എന്ന് അഭിമാനിക്കുമ്പോള്‍ മറുവശം യുവതലമുറ സംശയങ്ങളുടെ ഊരാക്കുടുക്കില്‍പ്പെട്ടുഴലുകയാണ്. കഷ്ടതയില്‍ സഹിഷ്ണുത കാണിക്കണമെന്നും കഷ്ടത ദൈവഹിതമാണെന്നും ജനത്തെ പഠിപ്പിക്കണം (1 പത്രൊ. 3:17). ഭൗതിക നന്മകള്‍ പ്രതീക്ഷിച്ച് യേശുവിനെ ആരാധിക്കുന്നത് വചനാധിഷ്ഠിതമല്ലെന്ന് ബോദ്ധ്യപ്പെടുത്തണം.
നാം പ്രാര്‍ത്ഥിച്ചാല്‍ ഉടനെ പ്രവര്‍ത്തിക്കുന്ന ദൈവത്തെയാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ പ്രതിസന്ധികളില്‍ നമ്മള്‍ ഉദ്ദേശിച്ചതുപോലെ പരിഹാരം നല്കാതെ ”എന്റെ കൃപ നിനക്ക് മതി എന്റെ ശക്തി ബലഹീനതകള്‍ തികഞ്ഞുവരുന്നു” എന്നു പറയുന്ന കര്‍ത്താവിന്റെ ശബ്ദം അറിയാതെപോകരുത് (2 കൊരി. 12:9).
ഈ ലോകത്തിന്റെ മോഹങ്ങളില്‍ മനസ്സ് ഇറങ്ങിപ്പോകാതെ ജീവിതം തന്നെ യാഗമാക്കുന്നതാണ് ആരാധനയെന്ന് എത്ര ചെറുപ്പക്കാര്‍ക്കറിയാം? വിടുതല്‍, വിടുതല്‍ എന്ന് കൊട്ടിഘോഷിച്ച് ജനത്തെ ഒരു മാസ്മരിക ലോകത്തിലെത്തിച്ചിട്ട് ഒരു പ്രത്യേക അനുഭൂതിയില്‍ തൃപ്തി അണയുന്നവരുണ്ട്. വചനപഠനത്തിന് പ്രാധാന്യം നല്കിയില്ലെങ്കില്‍ അടുത്ത തലമുറ കളത്തില്‍ കാണുമോ എന്നത് സന്ദേഹമാണ്. ആടിയും പാടിയും തുള്ളിയും മാത്രം പോകരുത് അതിനൊപ്പം വചനത്തില്‍ വേരൂന്നണം. ”നിന്റെ വചനം എന്റെ കാലിന് ദീപവും എന്റെ പാതയ്ക്ക് പ്രകാശവുമാകുന്നു”. പാപരാഗങ്ങളെ ജഡത്തിന്റെ മോഹങ്ങളെ ജയിക്കുവാന്‍ വചനം ഹൃദയത്തിലുണ്ടാകണം. അവയില്ലാതെ കേവലം കയ്യടിയില്‍ തൃപ്തിപ്പെട്ട് ഭയങ്കര വിടുതലായെന്ന് പറയുന്നവര്‍ ഇന്നും എല്‍.കെ.ജി.യിലാണ്. വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവില്‍ നാം ആയിരിക്കുന്നു. പരീക്ഷകന്‍ പല നിലയില്‍ അടുത്തുവരുമ്പോള്‍ അതിനെ ജയിക്കണമെങ്കില്‍ ഹൃദയത്തില്‍ ദൈവവചനം സംഗ്രഹിക്കണം. നമ്മുടെ ഓരോ കൂടിവരവുകളും നമ്മെ നിത്യതയോടടുപ്പിക്കുന്നതാകട്ടെ. ലോകത്തോടുള്ള പറ്റുമാനം അശേഷം അറുത്തുമാറ്റി അകമെയുള്ള മനുഷ്യന്‍ ആത്മീയമായി വളരട്ടെ. ആരാധനകള്‍ അലോസരമാകാതിരിക്കട്ടെ.