ഐറിഷ് പ്രധാനമന്ത്രി വീണ്ടും ഡോക്ടർ വേഷത്തിൽ; കോവിഡിനെതിരെയുള്ള പോരാട്ടം ശക്തമാകുന്നു.

2003ല്‍ ഡബ്ലിന്‍ ട്രിനിറ്റി സര്‍വകലാശാലയില്‍ നിന്നാണ് ഡോ വരദ്കര്‍ മെഡിക്കല്‍ ബിരുദം നേടിയത്.

0 936

ആരോഗ്യ മേഖലയിലേക്ക് വീണ്ടും തിരികെയെത്തി അയര്‍ലന്റ് പ്രധാനമന്ത്രി ലിയോ വരദ്കര്‍. കോവിഡ് 19 വ്യാപകമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ യോഗ്യത ഉള്ളവരും, ഇപ്പോള്‍ പ്രവര്‍ത്തിക്കാത്തവരുമായ ആളുകള്‍ ആരോഗ്യ മേഖലയില്‍ ജോലിയില്‍ പ്രവേശിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനടിസ്ഥനത്തിലാണ് ഡോക്ടറായി വീണ്ടും പ്രവര്‍ത്തിക്കാന്‍ പ്രധാനമന്ത്രി എത്തിയത്. ആഴ്ചയില്‍ ഒരിക്കലാണ് ഇദ്ദേഹത്തിന്‍റെ സേവനം ഉണ്ടാകുക. കോവിഡിനെ നേരിടുന്ന മെഡിക്കല്‍ സംഘത്തോടൊപ്പം ഡോ വരദ്കരുടെ പരിധിയില്‍ വരുന്ന മേഖലകളില്‍ പ്രവര്‍ത്തിക്കും.

ഡോക്ടര്‍മാരും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും അടക്കം 60,000ഓളം പേരാണ് അയര്‍ലന്റില്‍ മെഡിക്കല്‍ രംഗത്ത് പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2003ല്‍ ഡബ്ലിന്‍ ട്രിനിറ്റി സര്‍വകലാശാലയില്‍ നിന്നാണ് ഡോ വരദ്കര്‍ മെഡിക്കല്‍ ബിരുദം നേടിയത്. പ്രധാനമന്ത്രിയുടെ അച്ഛന്‍ ഡോക്ടറും അമ്മ നഴ്‌സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യ മേഖലയിലാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, കോവിഡ് ബാധിച്ച്‌ 158 പേരാണ് അയര്‍ലന്റില്‍ മരിച്ചത്. 5000ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

അവലംബം: സ്‌കൈ ന്യൂസ്

https://news.sky.com/story/coronavirus-irish-pm-re-registers-as-doctor-to-help-tackle-outbreak-11969029